അർഥം തേടുന്ന പദാർഥമാണ് മനുഷ്യൻ, മുക്കാലും. തണുത്തിരുണ്ട പ്രപഞ്ചത്തിലെ ഒരു തന്മാത്രച്ചിമിഴ്, ആകസ്മികമായി മരുവുന്ന രാസക്കുമിഴ്, എങ്കിലും...പ്രപഞ്ചത്തെ നോക്കി വിസ്മയം കൂറാൻ ഈ മൺകൂണിനാവുന്നു. ഈ ശേഷിയാണതിനെ കാക്കുന്നത്. കാരണം, ജീവപരിണാമത്തിന്റെ ലാഭശതങ്ങൾക്കുമേൽ മനുഷ്യൻ ഒടുക്കുന്ന നികുതിയാണ് സ്വന്തം നശ്വരതയെക്കുറിച്ച അവബോധം. ആശ്ചര്യപ്പെടാൻ ശേഷിയില്ലാത്തപക്ഷം അസഹനീയമാണീ സ്വാവബോധം. വിസ്മയമാണ് മനുഷ്യന് പ്രകൃതി കണ്ടുവെച്ച മതം –പ്രവാചകരെയും...
അർഥം തേടുന്ന പദാർഥമാണ് മനുഷ്യൻ, മുക്കാലും. തണുത്തിരുണ്ട പ്രപഞ്ചത്തിലെ ഒരു തന്മാത്രച്ചിമിഴ്, ആകസ്മികമായി മരുവുന്ന രാസക്കുമിഴ്, എങ്കിലും...പ്രപഞ്ചത്തെ നോക്കി വിസ്മയം കൂറാൻ ഈ മൺകൂണിനാവുന്നു. ഈ ശേഷിയാണതിനെ കാക്കുന്നത്. കാരണം, ജീവപരിണാമത്തിന്റെ ലാഭശതങ്ങൾക്കുമേൽ മനുഷ്യൻ ഒടുക്കുന്ന നികുതിയാണ് സ്വന്തം നശ്വരതയെക്കുറിച്ച അവബോധം. ആശ്ചര്യപ്പെടാൻ ശേഷിയില്ലാത്തപക്ഷം അസഹനീയമാണീ സ്വാവബോധം. വിസ്മയമാണ് മനുഷ്യന് പ്രകൃതി കണ്ടുവെച്ച മതം –പ്രവാചകരെയും മിശിഹകളെയും പരിചയിക്കുംമുമ്പേ. നഭസ്സിൽനിന്നും കടംകൊണ്ട നക്ഷത്രപ്പൊടിയെന്ന നിലക്ക് നമുക്കിത് ആശിസ്സാണ്, പ്രപഞ്ചം തരുന്ന ഹ്രസ്വകാല വായ്പ. സംശയമുണ്ടോ? നോക്കൂ, നിറം എന്നൊന്നില്ല ഒരു വസ്തുവിനും –വെളിച്ചം വന്ന് അതിൽ പതിച്ചില്ലെങ്കിൽ. ഇതുതന്നെ കഥ മനസ്സിന്റെയും. മനസ്സിന്റെ തെളിച്ചമാണ് ലോകത്തിന് അഴകും മിഴിവും പകരുന്നത്. ആ തെളിമ ഒന്നു വെളിവാക്കും –ഏത് പൊട്ടിനും പൊടിക്കും പ്രകൃതിയിൽ സകലതുമായുള്ള ചാർച്ച.
ആദിയിലേ മനുഷ്യൻ ദൈവത്തെ കണ്ടത് പ്രകൃതിയിലാണ്. കുടിയിടങ്ങൾക്ക് കാവലായ മലകൾ കുടിമക്കൾക്ക് ‘രക്കി’കളായിരുന്നു –രക്ഷിണികൾ. സംഘടിതമതങ്ങളുടെ അധിനിവേശങ്ങളിൽ അവർ രക്തദാഹികളാക്കപ്പെട്ടു –യക്ഷികൾ. പ്രാചീന ലവാന്റിലെ ഋതുദേവകൾ 35 നൂറ്റാണ്ടു മുന്നം കൂടിച്ചേർന്ന് യഹ് വേയായി, പിന്നെ യഹോവയും. സംസ്കൃതിയേതിലും ഏറക്കുെറ സമാനം ഉൽപത്തി കഥ, അതിന്റെ പരിണാമഗുപ്തിയും. മാറ്റമെത്ര മാറിയാലും പ്രകൃതിവിട്ടൊരു കളിയില്ല, ഇക്കഥക്ക്. കാരണം, പ്രകൃതിയുടെ അംശമാണു മനുഷ്യൻ, വേറിട്ടൊരു ഉൺമയില്ലയാൾക്ക്. പക്ഷേ, സ്വാവബോധത്തിന്റെ വരവിൽ സ്വയം അടർത്തിമാറ്റി വേറു വിചാരിക്കയാണയാൾ –താൻ വേറെ, പ്രകൃതി വേറെ.
വെറുമൊരു വനയാത്ര മതി ഈ വിചാരത്തിന്റെ മടമയറിയാൻ. കാട്ടുപാറയുടെ ഇടുപ്പുകളിൽ, വനജീവന്റെ മർമരങ്ങളിൽ, ഇല്ലിമുള്ളിന്റെ നിഴലൊളിയിൽ, എന്തിന് അത്ര, ആദ്യമായി കാണുന്ന അറിയാപ്പൂവിന്റെ ഇതളടരുകളിൽ... എങ്ങനെയാണിതൊക്കെ അന്വയിക്കുന്നതെന്ന അത്ഭുതം മനസ്സറിയാതൊരു ആയലേകുന്നു, അവയിലേക്ക്. തനുവോരോന്നിലും പല പ്രകൃതികളുടെ അടുക്കടങ്ങുന്നു, പ്രകൃതിയിൽ. അവയിലേക്കുള്ള ആയൽ നമ്മിലേക്കുള്ളതുമാകുന്നു. കാരണം, ആ അടരുകളിൽ നമ്മളുമുണ്ട്. അതുകൊണ്ട്, ഒട്ടുമില്ല അതിശയോക്തി, ഒരു പൂവിൽ നോക്കിനിന്നതും വെർജീനിയയിൽ (വുൾഫ്) താദാത്മ്യത്തിന്റെ ബോധമുകുളം വിരിഞ്ഞതിൽ. നത്തിനെ നോക്കി നിശ്ചലയായ നിമിഷം മേരിയിൽ (ഒലിെവർ) ജീവപാരമ്പര്യത്തിന്റെ തന്തിയുണർന്നതിൽ. വലിച്ചെടുക്കും നമ്മെ അഴകിന്റെ വന്യത. അതാണ് നമ്മെ അന്വയിപ്പിക്കുക, ലോകത്തേക്ക്.
ലോകവും മനുഷ്യനും തമ്മിൽ ഐക്യത്തോടാണ് അഴകിനെ കൊരുത്തിട്ടത്, ഏതു യുഗവും ഏതു സംസ്കാരവും. അഴക് അടുപ്പത്തെ പ്രതിഫലിപ്പിക്കുന്നു. അകബന്ധത്തെ, സ്വത്വപൊരുത്തത്തെ, എന്തിന്റെയും സമഷ്ടിയെ, വേർപിരിച്ചുപിരിച്ച് കാണുന്ന മനുഷ്യപ്രവണതക്ക് അപവാദമാണത്. ലാവണ്യാനുഭവത്തിൽ മാത്രമാണ് അംശങ്ങളിൽനിന്ന് സമഷ്ടിയിലേക്കുള്ള മറിച്ചുപോക്ക്. അവിടെവെച്ച് മനുഷ്യൻ ലോകത്തോട് ഐക്യപ്പെടുന്നു. അഴകിന്റെ സന്നിധിയിൽ ഉടൽ പ്രകൃതിയോട് ചേരുന്നു, ജീവിതം സാകല്യത്തോടും. അഴകിലേക്കുള്ള ചലനത്തോളം കരുത്തുള്ള മറ്റൊന്നില്ല, മനസ്സിന്. മലങ്കാടുകളിലൂടൊന്ന് നടന്നുനീങ്ങിയാൽ അതറിയും, ആരും. ഉയിരു താനേ ബലപ്പെടുമ്പോലെ. ആകെ വേണ്ടത് മുന്നോട്ടു ചലിക്ക മാത്രം. കാടകത്തെ ഓരോ നാളും സ്വയമറിയാതെ ആ ചുവടുവെക്കും. പിന്നീടാണോർക്കുക, ഇതുതന്നെയല്ലോ ജീവിതത്തിന്റെ ഏറ്റം ലളിതമായ നിയമവും –ചലനം.
ഇരുളുലയുന്ന വഴിത്താരയിലെ ചുവടോരോന്നും മനസ്സിലൂടെയുള്ള ചലനമാകുന്നു. കാഴ്ചയിലെ വെളിപ്പെടലുകളൊന്നും യാദൃച്ഛികതകളല്ല, ഉള്ളിലുള്ളതിന്റെ ഉറപ്പിക്കലാണ്. ഗ്രാഹ്യത്തിന്റെ വാതിലുകൾ മെല്ലെമെല്ലെ തുറന്നുകിട്ടുന്നു. തുടർന്നുള്ള കാഴ്ചയിലാണ് നാം അകംപുറം ബന്ധിതരാവുക. അന്നേരമറിഞ്ഞുതുടങ്ങും ഇവിടമാണ് നമ്മുടെ ഇടമെന്ന്, സ്വന്തം ഉറവിടം, പാർപ്പിടം. ഇത് ആർക്കും ബാധകമാവുന്ന നേര്. ആദ്യം പ്രത്യക്ഷമാവുക ആമുഖമാണ്, കാണാനാവുന്നതിന്റെ അപ്പുറം കണ്ണുനീട്ടിയാൽ ചുരുൾ അഴിഞ്ഞുതുടങ്ങും. അതു മനസ്സിലാക്കിയാൽ പിന്നെ അതിലങ്ങു പുലരാം. ചുരുക്കിയാൽ, കാടകത്താണ് മനുഷ്യനറിയുക, പുലർച്ചയുടെ ശരിയിടം. ജീവനേകുന്ന അദൃശ്യമായൊരു ക്രമമുണ്ടവിടെ. സംഗീതാത്മകമായ ലാവണ്യാനന്ദത്തിന്റെ. ഒരാർഭാടവുമില്ലാതെ, ഒരലങ്കാരവുമില്ലാതെ, ഒരാർപ്പുവിളിയുമില്ലാതെ അഴക് മന്ത്രിക്കുന്നത് ഒരേയൊരു പദം –പ്രകൃതം.
തെളിച്ച വഴികളില്ലാത്ത വനരാശിയിൽ എവിടെയും സംഭവിക്കുന്നത് ഒരു കണ്ടുമുട്ടലാണ് –അകത്തെയും പുറത്തെയും പ്രകൃതിയുമായുള്ള സന്ധി. മുഖപ്പുള്ളതിന്റെയൊക്കെ ഭാസുരമായ ചെറുമയിൽ, ദീപ്തമായ സ്വാഭാവികതയിൽ... ആ സംബന്ധം അനുഭവിക്കും, മനസ്സ്. ഒരു മുന്തിരിങ്ങയോളം കഷ്ടിവരുന്ന ഇത്തിപ്പക്കിക്കുരുവിയുടെ ദേഹക്കൂടുതിർക്കുന്നു, കൊക്കിലൊതുങ്ങാത്ത നാദം. കൊല്ലത്തിൽ ലക്ഷത്തോളം വിത കൊയ്യുന്ന മരംകൊത്തി കുത്തിപ്പിളർത്തുന്നു അന്നന്നത്തെ അന്നവിത്ത്. കൈക്കുഞ്ഞിന്റെ കൈത്തലത്തോളം കഷ്ടിയുള്ള മഞ്ഞക്കാലൻ തവള നിശ്ചലം, നിർവാണബുദ്ധൻ, ആകാശംമുറിച്ച് എത്തിനോക്കുന്ന പുള്ളിപ്പരുന്തിന് ഹരിതകണങ്ങൾ എഴുതുന്ന ചമയച്ചാർത്ത്... ഈ സമ്പർക്കങ്ങളിൽ എന്തോ ഒന്നില്ലേ –കണ്ണു കാണുന്നതും ഉള്ള് അറിയുന്നതും തമ്മിലെ അതിരു മായ്ക്കുന്ന എന്തോ? അദൃശ്യമെങ്കിലും സുതാര്യമായ എന്തോ? തോർന്ന മഴയുടെ വിയർപ്പുപോലെ കാനൽത്തുള്ളികൾ, കുതിർമണ്ണിന്റെ പശിമയുള്ള മണഭ്രമണം, ജന്മാന്തരങ്ങളുടെ തണവിയറ്റുന്ന പിതൃവൃക്ഷങ്ങൾ... എല്ലാത്തിനുമിടെ സമയം നിലച്ച് ഇരവും പകലും നിൽക്കെ വീണ്ടുമൊരു ബാല്യത്തിന്റെ ഇനിപ്പ്, ഉള്ളിൽ ഉടമ്പിൽ. എങ്ങോ മറന്നുവെച്ച വന്യതയുടെ മടങ്ങിവരവ്.
ഒരു പൂവായിരിക്കുക പ്രഗാഢമായ ഉത്തരവാദിത്തമാണെന്നു പറഞ്ഞതാരാണ്, എമിലി ഡിക്കിൻസണല്ലേ? സത്യത്തിൽ നമുക്കെന്തറിയാം, പൂക്കളെപ്പറ്റി? അതിവേഗം അറ്റു പോകുന്ന അൽപായുസ്സ് മുഴുമിക്കാൻ വേണ്ടതത്രയും തിടുക്കപ്പെട്ട് ഊറ്റിയെടുക്കുന്ന ആ ദാഹതീവ്രതയെപ്പറ്റി? കൊതിച്ചൂറ്റിയിട്ട് കൊഴിഞ്ഞടിയാൻ സ്വയമെറിഞ്ഞു കൊടുക്കുന്ന ആത്മനിരാസത്തെപ്പറ്റി? ഒരൊറ്റ ഗ്രീഷ്മത്തിനായ് മാത്രം പിറന്നു പൊലിയുന്ന കണിക്കൊന്നയുടെ പൊൻപൊലി മാത്രമോർത്താൽ ഈറനണിയും കണ്ണ്, പ്രകൃതി നമുക്കേകുന്ന ധന്യതക്കുള്ള നന്ദികൊണ്ട്.
നൈസർഗികമായി ഒന്നായിരുന്നതിനെ ഒരിടവേളക്കുശേഷം വീണ്ടും ഒന്നാക്കുന്ന ഈ സഞ്ചാരങ്ങൾ ഒന്നോർപ്പിക്കയാണ് –എത്ര ഭാഗിച്ചകറ്റിയാലും അംശീകരിച്ച് അപഗ്രഥിച്ചാലും പരാജയപ്പെടുകയാണ് നാം, ആ വേർപെടുത്തലിലെല്ലാം. ഒരദൃശ്യ തിരശ്ശീലക്കു പിന്നിലാണു നമ്മുടെ പുലർച്ച. അതിലൂടെ ചിലപ്പോൾ മറിഞ്ഞുവീണേക്കാം, മറുപുറത്തേക്ക്, എപ്പോഴുമാവാം ഈ ചിലപ്പോൾ. കണ്ണുതുറക്കെ നേരിടുക നേരിനെയാവാം, നാമെന്തെന്നതിന്റെ. എല്ലിലും തോലിലും ചതയിലും പൊതിഞ്ഞ ഊർജപദാർഥങ്ങളുടെ ഒരു കെട്ട് –അതല്ലേ നാം? മുതിരാനും മുറിപ്പെടാനും ചീയാനും പ്രകൃതിയിലേക്ക് തിരികെ വിരേചിക്കാനുമുള്ള ഉരുപ്പടി. പച്ചനേര് എന്തെന്നാൽ, മനുഷ്യനായിരിക്ക എന്നാൽ മൃഗമായിരിക്ക എന്നതുതന്നെ. സമ്മതിക്കാൻ വിമ്മിട്ടമുണ്ടാവും, വേറിട്ട ഉത്കൃഷ്ടജീവിയായി സ്വയംകരുതുന്ന ശീലത്താൽ.
ഇന്ന് നമുക്കറിയാം പ്രപഞ്ചകേന്ദ്രം ഭൂമിയല്ലെന്ന്. ജീവകേന്ദ്രം മനുഷ്യനല്ലെന്ന്. താൻ, സമയോർജങ്ങളുടെ തമോകോശങ്ങളിൽ അടച്ചിട്ട ജീവിയെന്ന അവബോധമുള്ള ഒരു ജീവിമാത്രമെന്ന്, പ്രകൃതിയിലെ വേറിട്ട ഘടകമേയല്ലെന്ന്, ഈ അറിവൊന്നും ബോധോദയത്തിലേക്ക് നയിക്കണമെന്ന് നിർബന്ധമില്ലെന്ന്. മനുഷ്യന്റെ തന്നെ ശാസ്ത്രീയവും ധൈഷണികവുമായ അറിവുകൾ അറുത്തെറിഞ്ഞുകഴിഞ്ഞു, മനുഷ്യന്റെ സ്വയം കൽപിത വരേണ്യത. എന്നിട്ടും പുതുവഴി, തേടുകയാണയാൾ, വേറിന്. ഹക്സ്ലി പണ്ടേ പറഞ്ഞ മാതിരി, ‘‘നമ്മൾ മൃഗക്കൂട്ടത്തിൽനിന്നു വന്നവരായിരിക്കാം. പക്ഷേ, ആ കൂട്ടത്തിന്റേതല്ല.’’ ഏതാണ്ട് ഇമ്മട്ടിലാണ് ശാസ്ത്രജ്ഞർ പോലും ഇന്നു പരിണാമത്തെ ഉൾക്കൊള്ളാറ് –തത്ത്വത്തെ ശിരസ്സാ സ്വീകരിക്കുന്നു, അതിന്റെ അപ്രിയഫലങ്ങളെ മനസ്സാ ചെറുക്കുന്നു.
ഈ മനകൂറിന്റെ പുതുരൂപമാണ് മനുഷ്യന്റെ ഏറ്റം വലിയ കണ്ടുപിടിത്തത്തിനുവേണ്ടി വഴിയൊതുങ്ങണമെന്ന ആഹ്വാനം –കൃത്രിമബുദ്ധി (എ.ഐ). ഇതിൽപരമൊരു മതിഭ്രമമുണ്ടോ? ആഹ്വാനക്കാർ കമാന്നു മിണ്ടുന്നില്ല നമുക്കൊപ്പം പുലരുന്ന 80 ലക്ഷം ജീവിവംശങ്ങളുടെ കാര്യം, എല്ലില്ലും പല്ലിലും ചിറകിലും മാംസത്തിലുമുള്ള ആ ബൃഹത്തായ ബുദ്ധിജാലത്തെ പറ്റി. പ്രജ്ഞയെപ്പറ്റി മനുഷ്യനുള്ള വിവരക്കേട് മാത്രമല്ലിത് സ്പഷ്ടമാക്കുന്നത്. ബോധത്തിന്റെ അളവിനെ ചുരുക്കാനുള്ള മനുഷ്യപ്രവണതകൂടിയാണ്. മറക്കരുത്, മനുഷ്യ മസ്തിഷ്കം ഉരുത്തിരിയും മുമ്പേയുണ്ട് ബോധം. ഓർമിക്കണം, ഉടലിന്റെ തന്നെ പ്രകൃതവിശേഷമാണ് ഏതു ബോധാനുഭവവും –സ്വാവബോധമടക്കം. അന്നംതൊട്ട് ദീനം വരെ, ദ്വേഷം തൊട്ട് വിഷാദം വരെ എന്തിനാലും തടസ്സപ്പെടാമത് –നമ്മളും മൃഗങ്ങൾതന്നെയെന്നതിന്റെ പ്രത്യക്ഷ തെളിവ്. സത്യത്തിൽ, സൗകര്യപ്രദമായ ഒരുപായ പദമല്ലേ ‘ബോധം’? ഉടലിന്റെ അനന്തരഫലം മാത്രമല്ലേ മനുഷ്യസ്വത്വം -ഭൗതികംതന്നെയായ സിരാവ്യൂഹത്തിന്റെ ഒരുള്ളടക്കം?
തൊട്ടറിയാൻ ഒരുദാഹരണമുണ്ട് –സംഗീതാനുഭവം. ദീർഘകാലം നാഡീഗവേഷകരുടെ ശ്രമം തലച്ചോറിലെ ‘സംഗീതശകലം’ കണ്ടെത്താനായിരുന്നു. ‘മനുഷ്യനു മാത്രമുള്ള’ ഈ വൈഭവം വിശദീകരിക്കാൻ. ‘ശകലം’ കണ്ടതേയില്ല. കണ്ടത് മറ്റൊന്ന് –കുറഞ്ഞത് 13 വികാരങ്ങളെങ്കിലും സംഗീതംകൊണ്ട് ഉദ്ദീപിതമാവുന്നുണ്ട്. അതിൽ പത്തും ശരീരത്തിന്റെ പല ഭൗതികാംശങ്ങളെയും ആശ്രയിച്ചുള്ളത്. പാട്ട് കേൾക്കുമ്പോൾ അനുഭവിക്കുന്ന ഇന്ദ്രിയവീചികൾ മൃഗദേഹത്തിന്റെ അംശഘടകങ്ങളിൽ നിന്നുതിർന്നവതന്നെ. അവ കേവലം മസ്തിഷ്കത്തിൽ മാത്രമായി വിരിയുന്നതല്ല, അവബോധത്തെ മാത്രം ആശ്രയിക്കുന്നതുമല്ല. ജൈവ-രാസ പദാർഥങ്ങളും പ്രക്രിയകളുമാണ് അവയെ ക്രമീകരിക്കുന്നത്. ചുരുക്കിയാൽ, മൃഗം എന്ന നിലക്കുള്ള മനുഷ്യാവസ്ഥയെ ആശ്രയിച്ചാണ് ഈ അനുഭൂതിയുടെയും കിടപ്പ്– സംഗതി എം.എസ്. ദീക്ഷിതരായാലും സി.ജെ. കുട്ടപ്പനായാലും.
ഇത്തിരിക്കാലമേ നമുക്കീ ഉടലുള്ളൂ. ഈ അറിവാണ് മൃഗമാണെന്ന നേരിനോട് മനുഷ്യനുള്ള വെറുപ്പിന്റെ മർമം. പിറവി തൊട്ടേ മറവിയിലേക്കുള്ള മുതൽക്കൂട്ടാണ് നമ്മളെന്ന നേര്. സ്വാവബോധം ഉരുത്തിരിഞ്ഞതോടെയാണ് ഉടലിന്റെ ഈ അപകടവും മനസ്സിലുദിക്കുന്നത്. അങ്ങെന മൃഗദേഹം മനസ്സാ വേണ്ടാത്ത മൃഗമായി മനുഷ്യൻ. സ്വന്തം ഭൗതികതയെ തന്നോടുതന്നെ ന്യായീകരിക്കേണ്ട ആവശ്യം മറ്റു മൃഗങ്ങൾക്കില്ല. പക്ഷേ, മനുഷ്യൻ ശ്രമിക്കുന്നത് ആ സമർഥനമാണ്. തേടുന്നത് മറ്റു മൃഗങ്ങൾക്കില്ലാത്ത അർഥവും.
പ്രകൃതിയിലെ ഇതര ജീവികൾ പോലെയല്ല നമ്മളെങ്കിൽ, അവക്കുള്ള അപായങ്ങൾ നമുക്കില്ലെന്ന് നാമങ്ങ് കരുതുന്നു. ഈ തന്ത്രം പക്ഷേ, സ്വയമുറപ്പിക്കുന്നത് നേരിലല്ല, നുണയിലാണ്. നമ്മുടെ മൃഗാവസ്ഥ നമ്മിൽ വൈക്ലബ്യമുണർത്തുന്നു. ചിലപ്പോൾ ആ അവസ്ഥയെ നിഷേധിക്കുന്നു, രക്ഷോപായമാക്കുന്നു. മറ്റു ചിലപ്പോൾ സ്വകൃതങ്ങൾക്ക് ഒഴികഴിവാക്കുന്നു. എങ്ങനെയാകിലും പ്രകൃതിയുമായുള്ള നേർബന്ധത്തെ വഴിയാധാരമാക്കുന്നു. ഒരു മുറി കാബേജിലുണ്ട് മനുഷ്യന്റെ 98 ശതമാനം ജനിതകാംശങ്ങളുമെന്ന നേര് നമ്മെ നോക്കി പല്ലിളിക്കുന്നു, നമ്മുടെ ശ്രേഷ്ഠഭാവം ഗോഷ്ടിയാകുന്നു.
കാലത്തിന്റെ റേന്തപ്പണിയാണ് ഏതു ജീവിവംശത്തിന്റെയും പ്രതിച്ഛായ. സ്ഥായി പക്ഷേ, ഉടലാണ്. അതാകട്ടെ, ഒരു ഭൗതിക പ്രക്രിയയും. കോശങ്ങളുടെ കലാപഭൂവാണ് ഓരോ ഉടലും, മറ്റു ജീവാണുക്കളുടെ ജനിതകാംശങ്ങൾ പോലുമുണ്ടതിൽ. മനസ്സാകട്ടെ ഓന്തിനെ വെല്ലുന്നൊരു മാറാട്ട പ്രക്രിയയും. ഇതിനർഥം മനുഷ്യജീവിതം അർഥരഹിതമെന്നല്ല. സ്വന്തം സവിശേഷതകളെക്കുറിച്ച ബോധം ഒഴിവാക്കാനാവില്ലെന്നത് യുക്തിസഹം. എന്നാൽ, ഈ സവിശേഷതകൾക്ക് സ്വയം കൽപിക്കുന്നത്ര ഉൺമയില്ല പ്രകൃതിയിൽ. പ്രശ്നം, അതെപ്പറ്റി മനസ്സു മെനയുന്ന പ്രതിച്ഛായയിലാണ്. മനുഷ്യന്റെ ആത്മകഥാചിത്രത്തിൽ മനുഷ്യന് കേന്ദ്രകഥാപാത്രമാവാം. ഇതര ജീവജാലങ്ങൾക്കും പക്ഷേ, അതേ വേഷമാണ് അക്കഥയിൽ. കാരണം, പ്രകൃതിയുടെ ചലച്ചിത്രത്തിൽ ലാലേട്ടനും മമ്മൂക്കയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.