വേണം, ഒരു ആത്മപരിശോധന ഭൗതിക പരിശോധനയും

തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട തിരിച്ചടികളെ ഇടതുപക്ഷത്തുനിന്ന് നോക്കിക്കാണുകയാണ് ആക്ടിവിസ്റ്റും മത്സ്യത്തൊഴിലാളി നേതാവുമായ ലേഖകൻ.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ സംബന്ധിച്ച് ഇടതുപക്ഷ വിഭാഗങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുകയാണ്. ഉയർന്ന കേഡർ സ്ട്രെങ്ത്തും അളവറ്റ ധനശേഷിയും പ്രചാരണരംഗത്തെ മേൽക്കൈയും ചിട്ടയായ പ്രവർത്തനങ്ങളും വിവിധങ്ങളായ വികസന പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും മികച്ച സ്ഥാനാർഥികളും ഉണ്ടായിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടു എന്നത് പരിശോധിക്കേണ്ടതാണ്. കൊച്ചിയിലാകട്ടെ പ്രഖ്യാപിച്ചു നടപ്പാക്കിയ മെഗാ പ്രോജക്ടുകളും...

തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട തിരിച്ചടികളെ ഇടതുപക്ഷത്തുനിന്ന് നോക്കിക്കാണുകയാണ് ആക്ടിവിസ്റ്റും മത്സ്യത്തൊഴിലാളി നേതാവുമായ ലേഖകൻ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ സംബന്ധിച്ച് ഇടതുപക്ഷ വിഭാഗങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുകയാണ്. ഉയർന്ന കേഡർ സ്ട്രെങ്ത്തും അളവറ്റ ധനശേഷിയും പ്രചാരണരംഗത്തെ മേൽക്കൈയും ചിട്ടയായ പ്രവർത്തനങ്ങളും വിവിധങ്ങളായ വികസന പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും മികച്ച സ്ഥാനാർഥികളും ഉണ്ടായിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടു എന്നത് പരിശോധിക്കേണ്ടതാണ്.

കൊച്ചിയിലാകട്ടെ പ്രഖ്യാപിച്ചു നടപ്പാക്കിയ മെഗാ പ്രോജക്ടുകളും സാംസ്കാരിക പദ്ധതികളും ഒന്നും അവരെ തുണച്ചിട്ടില്ല. പശ്ചിമ കൊച്ചിയിലെ മെഗാ പ്രോജക്ട് ആയ തുരുത്തി ഫ്ലാറ്റുകൾ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഉദ്ഘാടനംചെയ്തത്. ഫ്ലാറ്റുകൾ ഇരിക്കുന്ന ഇരവേലി വാർഡിൽ 670 വോട്ടിനും, തൊട്ടടുത്ത ഒന്നാം വാർഡിൽ 132 വോട്ടിനും കൽവത്തി ഡിവിഷനിൽ 1316 വോട്ടിനും കരിപ്പാലത്ത് 928 വോട്ടിനും യു.ഡി.എഫ് ജയിച്ചുകയറി. തരക്കേടില്ലാത്ത ഭരണം നടത്തിയ കൊച്ചി കോർപറേഷനിൽ 47 സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ, എൽ.ഡി.എഫ് കേവലം 22ൽ ഒതുങ്ങി. സംസ്ഥാനമൊട്ടാകെ മാസ്റ്റർ പ്രോജക്ട് എന്നനിലയിൽ അവതരിപ്പിക്കപ്പെട്ട ചെല്ലാനത്തെ ഏഴര കിലോമീറ്റർ ദൈർഘ്യമുള്ള ടെട്രാപോഡ് പ്രതിരോധ പദ്ധതിയും തുണച്ചില്ല. അവിടെയുള്ള 22 സീറ്റിൽ 15ലും യു.ഡി.എഫ് വിജയിച്ചുകയറി.

സൂനാമിപോലെ അടിച്ചുകയറിയ ഈ ജനവിധി യഥാർഥത്തിൽ അപ്രതീക്ഷിതമോ യാദൃച്ഛികമോ അല്ലതന്നെ. ഇന്ന് കേരളം വ്യത്യസ്ത മേഖലകളിലായി ഒരു പൊതു പ്രതിസന്ധി നേരിടുകയാണ്. ഉൽപാദന, വികസന മേഖലകളിൽ ഒട്ടാകെ ഒരു മുരടിപ്പു സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ 40 ലക്ഷത്തിലധികം പേർ തൊഴിലെടുക്കുന്ന പരമ്പരാഗത മേഖലകൾ ഒന്നൊഴിയാതെ തകർച്ചയിലോ പ്രതിസന്ധിയിലോ ആണ്. ഒന്നരലക്ഷം പേർ തൊഴിലെടുക്കുന്ന കയർ മേഖല (ആലപ്പുഴ)യും, 2 ലക്ഷം പേർ തൊഴിലെടുക്കുന്ന കശുവണ്ടി (കൊല്ലം), മേഖലയും തെക്കുവടക്കുള്ള തോട്ടം മേഖലകൾ, കോട്ടയത്തും ഇടുക്കിയിലും ആയി കേന്ദ്രീകരിച്ചു നിൽക്കുന്ന റബർ മേഖല, വിപുലമായ മത്സ്യബന്ധന-സംസ്കരണ മേഖല, നെയ്ത്ത്-ബീഡി കേന്ദ്രങ്ങൾ (കണ്ണൂർ) –ഈ മേഖലകൾ ഒക്കെതന്നെ എൽ.ഡി.എഫിനെ കൈവിട്ടു. കശുവണ്ടി മേഖലയുടെ പുനഃസംഘാടനത്തിനായി രൂപവത്കരിച്ച കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനും കോൺഗ്രസുകാരനുമായ വ്യക്തി നടത്തിയ അഴിമതിയെ കോടതിയിൽ വെള്ളപൂശുകയാണ് സർക്കാർ ചെയ്തത്.

പ്രതിസന്ധികൾ സൃഷ്ടിച്ച കേന്ദ്രനയത്തിനെതിരായി ഒരു പ്രക്ഷോഭനിര കേരളത്തിൽ ഉയർന്നതുമില്ല. ഏറ്റവും ഒടുവിൽ അമേരിക്കയുടെ പ്രതികാര ചുങ്കം ഈ മേഖലകളുടെ ഒട്ടാകെ നടുവൊടിക്കുകയുംചെയ്തു. മുമ്പായിരുന്നെങ്കിൽ കേരളം മുഴുവൻ കത്തിപ്പടരുന്ന സമരങ്ങളുടെ വേലിയേറ്റമായിരുന്നേനെ. ഇപ്പോഴാകട്ടെ ഒരുമാസം കഴിഞ്ഞ് കേവലം ഒരു അക്കാദമിക് അഭ്യാസമായി ഈ വിഷയം ചർച്ചചെയ്യപ്പെട്ടു. കേന്ദ്ര നയത്തിനെതിരെ സമരംചെയ്യുന്നതിന് പകരം പല മേഖലകളിലും സന്ധിയും അനുരഞ്ജനത്തിന്റെയും സമവായത്തിന്റെയും നടത്തിപ്പുകാരായും സർക്കാർ മാറി.

കേന്ദ്രനയങ്ങൾക്കെതിരെ ഒരു സമരായുധവും ജനങ്ങൾക്ക് ഒരാശ്വാസവുമായി സർക്കാർ മാറിയിട്ടില്ല എന്ന യാഥാർഥ്യം നിലനിൽക്കുന്നു. അഞ്ചു വർഷമായി അമേരിക്ക കേരളത്തിൽനിന്നുള്ള ചെമ്മീൻ ഇറക്കുമതി നിരോധിച്ചിരിക്കുകയായിരുന്നു. അതിനെക്കുറിച്ച് ചർച്ചചെയ്യാൻ ഫിഷറീസ് വകുപ്പ് മന്ത്രി വിളിച്ച യോഗത്തിൽ അടിയന്തരമായി ഒരു ഡെലിഗേഷൻ ഡൽഹിയിൽ പോകണമെന്നും മന്ത്രിമാരെ കാണണമെന്നും തീരുമാനിച്ചത് ഇപ്പോഴും കടലാസിൽ കിടക്കുന്നു. ഇന്ത്യ മുഴുവൻ തൊഴിലാളി വിരുദ്ധമായ ലേബർ കോഡുകൾക്കെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ സമരം നടക്കുകയാണ്. നാലാൾ കൂടുന്നതുപോലും നിരോധിക്കപ്പെട്ടിരുന്ന ഒരുകാലത്ത്, 2020ലാണ് കോഡുകൾ പാസാക്കപ്പെട്ടത്. ഒരു വർഷമാകുന്നതിനു മുമ്പ്, 2021ൽ തന്നെ കേരളം ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ (റൂളുകൾ ) നോട്ടിഫൈ ചെയ്തു ഗസറ്റ് വിജ്ഞാപനവും നടത്തി. തൊഴിൽ സമയം 12 മണിക്കൂർ ആക്കുന്നതുവരെയുള്ള തൊഴിലാളി വിരുദ്ധമായ ഈ രേഖ തുടർന്ന് വിളിച്ച തൊഴിലാളി സംഘടനകളുടെ യോഗത്തിൽ ചർച്ചചെയ്തത് പോലുമില്ല.

അടിസ്ഥാന വർഗ താൽപര്യങ്ങളിൽനിന്നും വിഭിന്നമായി, ഐഡന്റിറ്റി പൊളിറ്റിക്സ് ആയിരുന്നു ഇത്തവണയും ഇടതുപക്ഷത്തിന്റെ പ്രചാരണത്തിന്റെ ഊന്നൽ. ആറു വർഷം മുമ്പ് നവോത്ഥാന മതിൽ സൃഷ്ടിച്ച സ്ഥാനത്തുനിന്നും ആഗോള അയ്യപ്പസംഗമത്തിന്റെയും വെള്ളാപ്പള്ളിയുടെയും എൻ.എസ്.എസിന്റെയും താൽപര്യങ്ങൾക്ക് ഒരു പണത്തൂക്കം മുൻകൈ ലഭിച്ചു. വടക്കൻ കേരളത്തിൽ അത് തിരിച്ചടിച്ചു. രാഹുലിന്റെ പെണ്ണുപിടിത്തമായി തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ട. ലാൽസലാം നീൽസലാം മുദ്രാവാക്യം തിരിച്ചടിച്ചുകൊണ്ടിരിക്കുകയാണ്. ആദിവാസി എസ്.സി-എസ്.ടി വിഭാഗങ്ങളുടെ കുട്ടികളുടെ ലംപ്സം ഗ്രാൻഡ് പോലും മുടങ്ങിക്കിടക്കുകയാണ്. വിവിധ ക്ഷേമനിധികളുടെ പ്രവർത്തനങ്ങളും അവതാളത്തിലാണ്.

എങ്ങനെയും കേരളത്തെ വികസിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് നടപ്പാക്കുന്ന പദ്ധതികൾപോലും അനുകൂല ഫലങ്ങളല്ല ഉളവാക്കിയിരിക്കുന്നത്. തീരദേശ ഹൈവേ, സിൽവർ ലൈൻ, മലയോര ഹൈവേ, തുരങ്കപാത പദ്ധതികൾ എന്നിവയെല്ലാം ‘ഗുണ’ഭോക്താക്കളുടെ പ്രതിഷേധംമൂലം തിരിച്ചടിക്കുകയുംചെയ്തിരിക്കുകയാണ്. ബ്ലൂ ഇക്കോണമിയുടെയും ടൂറിസ പദ്ധതികളുടെയും ഭാഗമായി നടപ്പാക്കുന്ന തീരദേശ ഹൈവേ പദ്ധതികളും പുനർഗേഹം പദ്ധതികളും ഒരിക്കൽപോലും മത്സ്യത്തൊഴിലാളി സംഘടനകളുമായി ചർച്ചചെയ്തിട്ടില്ല.

‘പോത്തിന്റെ പുറത്ത് നുകംവെക്കുന്നത് അതിനോട് ചോദിച്ചിട്ടാണോ’ എന്നൊരു സമീപനമാണ് സർക്കാറിനുള്ളത്. വികസനത്തിന് രാഷ്ട്രീയമില്ല. ഐ.ടിയുടെയും നോളജ് സിറ്റിയുടെയും വിഹായസ്സിലേക്ക് നാം പറക്കുമ്പോൾതന്നെ, തങ്ങളെ തെരഞ്ഞെടുത്ത പാവപ്പെട്ടവർ താഴെയുണ്ട് എന്ന ബോധ്യവും നഷ്ടപ്പെട്ടിരിക്കുന്നു. അരാഷ്ട്രീയമായ ഇത്തരം നിലപാടുകൾ സൃഷ്ടിക്കുന്ന അന്തരീക്ഷത്തിലാണ്, ശൂന്യതയിലാണ് വലതുപക്ഷം കയറിവരുന്നത്. ക്ഷേമ പെൻഷനിൽ ബാക്കിവന്ന തുകകൊണ്ട് ബസ് കയറി വോട്ട് ചെയ്തു തിരിച്ചടിച്ചു എന്ന് കോൺഗ്രസുകാർ പറയുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു.

ഉയർന്നുവരുന്ന ഗുരുതരമായ ഒരു ആപത്തിനെ സംബന്ധിച്ച് നാം വേണ്ടത്ര ജാഗരണംകൊണ്ടിട്ടില്ല. തിരുവനന്തപുരം രാജവാഴ്ചയുടെ കാലം മുതൽ ഹിന്ദുത്വത്തിന് വളക്കൂറുള്ള ഒരു മണ്ണാണ്. പതിറ്റാണ്ടുകൾക്കു മുമ്പ് കേരളവർമ രാജ തെരഞ്ഞെടുപ്പിൽ നിന്നപ്പോൾ മുതൽ നാം ഈ അപകടം മണത്തതുമാണ്. തങ്ങളുടെ കൈവശമുള്ള അളവറ്റ പണം വിനിയോഗിച്ചു കൂടി പുതിയ സാഹചര്യത്തിൽ അവർ തലസ്ഥാന നഗരി പിടിച്ചിരിക്കുകയാണ്. ഇതിന്റെ പിന്നിൽ അദാനിയുടെ പങ്ക് എത്രയുണ്ട് എന്നതും പരിശോധിക്കേണ്ടതുണ്ട്. മൂലധനവും സർക്കാറും സംയോജിക്കുന്ന സവിശേഷമായ ഒരു ഫാഷിസ്റ്റ് അവസ്ഥയിലേക്ക് രാജ്യം എത്തപ്പെട്ടിരിക്കുകയാണ്. സ്വത്വ രാഷ്ട്രീയവും അതിനെ കേന്ദ്രീകരിച്ച സോഷ്യൽ എൻജിനീയറിങ്ങും നടപ്പാക്കുന്നവർക്ക് ഒരു പരീക്ഷണശാലയാണ് ഇന്ന് കേരളം.

ഇതേ നിലവാരത്തിൽ അസംബ്ലി തെരഞ്ഞെടുപ്പിലേക്ക് പോയാൽ യു.ഡി.എഫ് 89 സീറ്റും എൽ.ഡി.എഫ് 46 സീറ്റും നേടുമെന്ന് ഒരു ചാനൽ പറഞ്ഞത് ഇനിയും ഗൗരവത്തിൽ കണക്കിലെടുക്കണം. സമയം വൈകിയിട്ടില്ല. കൃഷ്ണപിള്ള പറഞ്ഞത് ഓർക്കുക: ‘‘നമുക്ക് എളുപ്പവഴികളില്ല. സ്വന്തം വർഗത്തെയും ബഹുജന വിഭാഗങ്ങളെയും ആസ്പദിച്ചും, ഊന്നിനിന്നുമാണ് കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ നയങ്ങൾ രൂപവത്കരിക്കുന്നത്’’ എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കം. സംസ്ഥാന നേതൃത്വം മുതൽ ലോക്കൽതലം വരെ ഒരു അഭിജാതവർഗം രൂപപ്പെട്ടിരിക്കുന്ന ഇന്നത്തെ കാലത്ത്, കേരളം വിവിധ ഇനത്തിലുള്ള മാഫിയകൾ കീഴടക്കുന്ന ഒരു സാഹചര്യത്തിൽ, കൃഷ്ണപിള്ളയുടെ വാക്കുകൾക്ക് വലിയ അർഥമുണ്ട്.

Tags:    
News Summary - setbacks faced by the LDF in the elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.