വോട്ട് ചോരിയും വോട്ടർ അധികാർ യാത്രയും രാജ്യത്തോട് പറയുന്നത്

രാജ്യത്തെ തെരഞ്ഞെടുപ്പ്​ അട്ടിമറിക്കപ്പെടുന്നുവെന്ന്​ പ്രതിപക്ഷ നേതാവ്​ രാഹുൽ ഗാന്ധി തെളിവുകൾ സഹിതം ഉയർത്തിവിട്ട വിവാദത്തി​ന്റെ കൊടുങ്കാറ്റ്​ അവസാനിച്ചിട്ടില്ല. ബിഹാറിൽ വോട്ടർ അധികാർ യാത്ര വിജയകരമായി നടന്നു. എന്താണ്​ ​ഇൗ വോട്ടുകൊള്ള ഉയർത്തുന്ന പ്രശ്​നങ്ങൾ? എന്താണ്​ പ്രതീക്ഷകൾ? ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നതായി പൊതുജനത്തിന് തോന്നുന്നതിന്റെ മുഖ്യകാരണം തെരഞ്ഞെടുപ്പുകളാണ്. എന്നാൽ, ആ തെരഞ്ഞെടുപ്പുകൾക്കു മേൽ വലിയ ആശങ്കയാണ് രാഹുൽ ഗാന്ധി ഉയർത്തിവിട്ട വോട്ടുകൊള്ള വിവാദം ഉയർത്തിയിരിക്കുന്നത്. കർണാടകയിലെ ബാംഗ്ലൂർ സെൻട്രൽ പാർലമെന്റ് മണ്ഡലത്തിലെ മഹാദേവപുര...

രാജ്യത്തെ തെരഞ്ഞെടുപ്പ്​ അട്ടിമറിക്കപ്പെടുന്നുവെന്ന്​ പ്രതിപക്ഷ നേതാവ്​ രാഹുൽ ഗാന്ധി തെളിവുകൾ സഹിതം ഉയർത്തിവിട്ട വിവാദത്തി​ന്റെ കൊടുങ്കാറ്റ്​ അവസാനിച്ചിട്ടില്ല. ബിഹാറിൽ വോട്ടർ അധികാർ യാത്ര വിജയകരമായി നടന്നു. എന്താണ്​ ​ഇൗ വോട്ടുകൊള്ള ഉയർത്തുന്ന പ്രശ്​നങ്ങൾ? എന്താണ്​ പ്രതീക്ഷകൾ?

ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കുന്നതായി പൊതുജനത്തിന് തോന്നുന്നതിന്റെ മുഖ്യകാരണം തെരഞ്ഞെടുപ്പുകളാണ്. എന്നാൽ, ആ തെരഞ്ഞെടുപ്പുകൾക്കു മേൽ വലിയ ആശങ്കയാണ് രാഹുൽ ഗാന്ധി ഉയർത്തിവിട്ട വോട്ടുകൊള്ള വിവാദം ഉയർത്തിയിരിക്കുന്നത്. കർണാടകയിലെ ബാംഗ്ലൂർ സെൻട്രൽ പാർലമെന്റ് മണ്ഡലത്തിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽനിന്നുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് രാഹുൽ ഗാന്ധി ആഗസ്റ്റ് 13നു പുറത്തുവിട്ടത്. ഒരു ലക്ഷത്തിലധികം വോട്ടുകളാണ് മഹാദേവപുര അസംബ്ലി മണ്ഡലത്തിലെ വോട്ടർപട്ടികയിൽ വ്യാജ വോട്ടായി ചേർത്തിരിക്കുന്നത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ പ്രതിപക്ഷവും മാധ്യമങ്ങളും തെളിവ് സഹിതം തുറന്നു കാട്ടിയിട്ടും ഭരണകൂട സംവിധാനങ്ങൾ ദുർബലമായ വാദമുഖങ്ങൾ ഉന്നയിച്ചും മാധ്യമങ്ങളെ ഉപയോഗിച്ചും പ്രതിപക്ഷത്തെ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ്.

രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനം ഇതാദ്യമായല്ല സംശയത്തിന് നിഴലിൽ നിൽക്കപ്പെടുന്നത്. മധ്യപ്രദേശിലെ 2023 നിയമസഭ തെരഞ്ഞെടുപ്പിൽ 27 മണ്ഡലങ്ങളിൽ വോട്ടർ തട്ടിപ്പ് നടന്നതായാണ് കോൺഗ്രസ് ആരോപിക്കുന്നത്. കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ മത്സരിച്ച സാഗർ ജില്ലയിലെ സുർഖിയിൽ, ബി.ജെ.പിയുടെ ഗോവിന്ദ് സിങ് രാജ്പുത്, 178 വോട്ടുകൾക്ക് വിജയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ട് മാസത്തിനുള്ളിൽ മണ്ഡലത്തിൽ 8994 പുതിയ വോട്ടർമാരെ കൂട്ടിച്ചേർത്തതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് ബി.ജെ.പി അനുകൂല വ്യാജവോട്ടുകളാണ് എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. 2023 ജനുവരി മുതൽ ആഗസ്റ്റ് വരെ 4,64,000 വോട്ടർമാരെയാണ് മധ്യപ്രദേശിൽ കൂട്ടിച്ചേർത്തത്. അതേ വർഷം ആഗസ്റ്റ് മുതൽ ഒക്ടോബർ വരെ 16,05,000 വോട്ടർമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് പ്രതിദിനം ശരാശരി 25,000 പുതിയ വോട്ടർമാരെ മൂന്ന് മാസത്തിനുള്ളിൽ ചേർക്കപ്പെട്ടു. അസാധാരണമായ ഈ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ പ്രതിഷേധിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല. വോട്ടർപട്ടികയിലെ 8,51,000 ഡ്യൂപ്ലിക്കേറ്റ് എൻട്രികൾ ഇല്ലാതാക്കാൻ ഇ.സി.ഐ ഉത്തരവിട്ടിരുന്നെങ്കിലും, ഡിലീഷൻ റിപ്പോർട്ടുകൾ ഇതുവരെ പ്രസിദ്ധീകരിച്ചില്ല.

വോട്ട് ചോരി പ്രസ് മീറ്റിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച മറ്റൊരു ഗുരുതരമായ തെരഞ്ഞെടുപ്പ് അട്ടിമറി മഹാരാഷ്ട്രയിലെ 2024 നിയമസഭ തെരഞ്ഞെടുപ്പാണ്. 2024 ഏപ്രിലിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും 2024 നവംബറിലെ നിയമസഭാ തെരഞ്ഞെടുപ്പിനും ഇടയിൽ, മഹാരാഷ്ട്രയിൽ 39 ലക്ഷം പുതിയ വോട്ടർമാരാണ് കൂട്ടിച്ചേർക്കപ്പെട്ടത്. 2019നും 2024നും ഇടയിലുള്ള 5 വർഷത്തിനുള്ളിൽ ആകെ കൂട്ടിച്ചേർക്കപ്പെട്ടത് 32 ലക്ഷം വോട്ടർമാർ മാത്രമായിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള ഏഴു മാസത്തിനുള്ളിൽ 39 ലക്ഷം വോട്ട് അധികമായി ചേർത്തത്. മഹാരാഷ്ട്രയിലും ഹരിയാനയിലും പ്രതിപക്ഷത്തിന്റെ വിജയം പ്രവചിച്ച എക്സിറ്റ് പോളുകളെ മറികടന്ന് ബി.ജെ.പിയുടെ അപ്രതീക്ഷിത വിജയങ്ങൾക്ക് ഈ കൃത്രിമത്വങ്ങൾ കാരണമായെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

ഹരിയാനയിലെ പാനിപ്പത്തിലെ ബുവാന ലഖു ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ക്രമക്കേട് വെളിപ്പെടാനായി 33 മാസമാണ് വേണ്ടിവന്നത്. അതും സുപ്രീംകോടതി മേൽനോട്ടത്തിൽ ഇ.വി.എമ്മുകൾ വീണ്ടും എണ്ണിയതിനുശേഷമാണ് സത്യം പുറത്തുവന്നത്. തെരഞ്ഞെടുപ്പ് പ്രക്രിയകളിലെ ദൗർബല്യങ്ങളെയാണ് ഇത് എടുത്തുകാണിക്കുന്നത്. ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിലെ മില്കിപുർ നിയമസഭാ മണ്ഡലത്തിൽ 2025ൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി ഒന്നിലധികം പോളിങ് ബൂത്തുകളിൽ ആറ് മുതൽ എട്ട് വോട്ടുകൾ ചെയ്തതായി സമ്മതിക്കുന്ന ഗ്രാമവാസിയുടെ വിഡിയോ അമിത് യാദവ് എന്ന പത്രപ്രവർത്തകൻ പുറത്ത് കൊണ്ടുവന്നിരുന്നു. അതേ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വരിനിന്നവരുടെ ഐഡി പരിശോധനയിലൂടെ പൊലീസ് ഭയം ജനിപ്പിക്കുന്നതായി അഖിലേഷ് യാദവ് ഇലക്ഷൻ കമീഷനോട് പരാതിപ്പെട്ടിട്ടുണ്ട്. ഇലക്ഷൻ ഉദ്യോഗസ്ഥർക്കല്ലാതെ മറ്റാർക്കും വോട്ടർമാരുടെ ഐഡി പരിശോധിക്കാൻ നിയമപരമായി അവകാശമില്ലെന്നിരിക്കെയാണ് പൊലീസുകാരുടെ ഈ പരിശോധന.

എം.കെ. സ്റ്റാലിൻ, തേജസ്വി യാദവ്, പ്രിയങ്ക ഗാന്ധി, യോഗേന്ദ്ര യാദവ് എന്നിവർ രാഹുൽ ഗാന്ധി ബിഹാറിൽ നടത്തിയ വോട്ടർ അധികാർ യാത്രയിൽ

 

ചണ്ഡിഗഢിൽ നടന്ന മേയർ തെരഞ്ഞെടുപ്പിൽ വരണാധികാരി എങ്ങനെയാണ് ബി.ജെ.പിക്ക് അനുകൂലമായി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ ശ്രമിച്ചത് എന്ന് നാം കണ്ടതാണ്. ചെറിയ തെരഞ്ഞെടുപ്പുകളിൽപോലും കൃത്രിമത്വത്തിനുള്ള സാധ്യത ഈ സംഭവം അടിവരയിട്ടു. ഇന്ത്യൻ ഭരണവർഗങ്ങൾക്ക് അവരുടെ ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാൻ തെരഞ്ഞെടുപ്പുകൾ സഹായകരമായിരുന്നു. രാജ്യത്ത് ഇ​പ്പോഴും ജനാധിപത്യം നിലനിൽക്കുന്നുണ്ട് എന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചിരുന്ന ഫാഷിസ്റ്റ് ഭരണകൂടം അതിൽനിന്നും പ്രകടമായ വ്യതിയാനം വരുത്തിയിരിക്കുകയാണ്. ഇതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇലക്ടറൽ ബോണ്ടിലൂടെ വൻകിട കമ്പനികളിൽനിന്നും ഭീമമായ തുക സംഭാവന സ്വീകരിച്ച ബി.ജെ.പിക്ക് കോർപറേറ്റുകൾക്ക് നൽകിയ വാക്ക് പാലിക്കേണ്ടതായിട്ടുണ്ട് എന്നതാണ്. കോർപറേറ്റുകളുടെ പാർട്ടിയായ ബി.ജെ.പിക്ക് അവരുടെ അജണ്ട നടപ്പാക്കേണ്ടതായിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ മാർക്കറ്റായ ഇന്ത്യൻ മാർക്കറ്റും ഇവിടത്തെ പ്രകൃതിവിഭവങ്ങളും കോർപറേറ്റുകളെ സംബന്ധിച്ച് അത്ര എളുപ്പത്തിൽ ഒഴിവാക്കാൻ സാധിക്കുന്നതല്ല. കോൺഗ്രസിനോട് ഇവിടത്തെ കോർപറേറ്റുകൾക്ക് വലിയ എതിർപ്പില്ലെങ്കിലും നിലവിൽ തുടരുന്ന വിഭവചൂഷണവും ഈസ് ഓഫ് ബിസിനസ് ഡൂയിങ്ങുമാണ് കോർപറേറ്റുകളെ സംബന്ധിച്ചു കൂടുതൽ എളുപ്പം. പ്രതിപക്ഷ ഇൻഡ്യ മുന്നണി വ്യത്യസ്തങ്ങളായ വർഗ-വംശീയ ജനവിഭാഗങ്ങളെ പ്രതിനിധാനംചെയ്യുന്നതിനാൽ എൻ.ഡി.എ മുന്നണിയെ പോലെ വളരെ എളുപ്പത്തിൽ കോർപറേറ്റുകൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കില്ല. പ്രതിപക്ഷ മുന്നണിയുടെ തിരിച്ചുവരവ് ജനങ്ങളിൽ കൂട്ടായ്മയുടെയും പ്രക്ഷോഭങ്ങളുടെയും പ്രാധാന്യത്തെ കുറിച്ചുള്ള ധാരണകൾ ബലപ്പെടുത്തുന്നതും കോർപറേറ്റ് ചൂഷണത്തി​ന്റെ വ്യാപനത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ നിലവിലുള്ള സർക്കാറിനെ നിലനിർത്തേണ്ടതുണ്ട്. ബി.ജെ.പി സർക്കാറി​ന്റെ ജനവിരുദ്ധ നിയമങ്ങൾ​െക്കതിരെ അടിത്തട്ട് ജനത പ്രതികരിക്കുമെന്ന് മനസ്സിലാക്കിയ ഭരണവർഗമെടുത്ത മുൻകരുതൽകൂടിയാണ് തെര​െഞ്ഞടുപ്പ് പട്ടികയിലെ ഈ അട്ടിമറി.

ബിഹാറിൽ രാഹുൽ ഗാന്ധി നടത്തിയ വോട്ടർ അധികാർ യാത്രയിൽ തേജസ്വി യാദവ്, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, യോഗേന്ദ്ര യാദവ് തുടങ്ങിയവർ

കോർപറേറ്റുകൾക്ക് നൽകിയ പാരിസ്ഥിതിക അനുമതികളിലെ ഇളവ്, തൊഴിൽ കോഡുകളുടെ നടപ്പാക്കൽ, കാർഷിക മേഖലയിലെ വ്യവസായവത്കരണം, വിദേശ ഇൻവെസ്റ്റ്മെന്റ് വ്യവസ്ഥകൾ ലഘൂകരിക്കൽ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഖനനാനുമതി എന്നിവ കോർപറേറ്റുകൾക്ക് ബി.ജെ.പി സർക്കാർ നിലനിൽക്കേണ്ടുന്നതി​ന്റെ പ്രധാന കാരണങ്ങളാണ്. ഇവയെല്ലാംതന്നെ അത്യധികം ജനവിരുദ്ധതയാണെന്ന് ഭരണകൂടത്തിനു തന്നെ ബോധ്യമുള്ളതുകൊണ്ട് വിദ്വേഷ പ്രചാരണത്തിലൂടെയും വ്യാജവാർത്തകളിലൂടെയും രാമക്ഷേത്ര നിർമാണത്തിലൂടെയും അധികാരം നിലനിർത്താമെന്ന കണക്കുകൂട്ടൽ അവർക്ക് ഇല്ലായിരുന്നു എന്നാണ് പുറത്തുവരുന്ന തെളിവുകൾ വ്യക്തമാക്കുന്നത്. എന്നിട്ടും 122ഓളം വിദ്വേഷ പ്രസംഗങ്ങളാണ് 2024ൽ സംഘ്പരിവാർ മതന്യൂനപക്ഷങ്ങൾക്ക് എതിരെ നടത്തിയത്. ഇതിൽ 40 എണ്ണം നരേന്ദ്ര മോദിയുടെ വകയാണ്. മുൻ തെരഞ്ഞെടുപ്പുകളിൽ ജീവിച്ചിരിക്കുന്നവരെ മരിച്ചതായി രേഖപ്പെടുത്തുന്നതും മരിച്ചവർ കുഴിയിൽനിന്ന് വോട്ട് ചെയ്യാനായി വരുന്നതുമൊക്കെ ഇന്ത്യൻ സാഹചര്യത്തിൽ പുതുമയില്ലാത്ത സംഭവങ്ങളാണ്. പക്ഷേ, ഇത്രയും വിപുലവും തീവ്രവുമായി വോട്ടർപട്ടികയിലെ ക്രമക്കേട് പുറത്ത് വരുന്നത് ഇത് ആദ്യമായിട്ടാണ്.

2024ൽ അശോക യൂനിവേഴ്സിറ്റി പ്രഫസർ സബ്യസാചി ദാസ് പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അഴിമതിയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. 2019ലെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനും ബി.ജെ.പിക്കും ഒരേ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ നടത്തിയ പഠനത്തിൽ, ബി.ജെ.പി ഇത്തരം മണ്ഡലങ്ങളിൽ ഏകപക്ഷീയമായി വിജയിച്ചിരിക്കുന്നതായാണ് അദ്ദേഹം കണ്ടെത്തിയത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം പ്രവണതകൾ കൂടുതൽ. ഭവനസന്ദർശനം, റാലികൾ എന്നിവയിൽ രണ്ട് കക്ഷികളും ഒരേ നിലവാരം പുലർത്തിയിട്ടും ബി.ജെ.പി വിജയിച്ചത് വോട്ടർപട്ടികയിലെ തിരിമറിയിലൂടെയാണ്. മുസ്‍ലിംകളുടെ വോട്ട് പട്ടികയിൽനിന്നും മനഃപൂർവം നീക്കംചെയ്തതായി പഠനം നിരീക്ഷിക്കുന്നുണ്ട്.

മുസ്‍ലിംകൾ കൂടുതൽ താമസിക്കുന്ന പ്രദേശത്തുനിന്നും സാധാരണയായി ബി.ജെ.പിക്ക് കുറച്ച് വോട്ടുകൾ മാത്രമാണ് ലഭിക്കുക. എന്നാൽ, 2019ൽ ബി.ജെ.പിക്ക് ഇത്തരം മണ്ഡലങ്ങളിൽ മുൻതൂക്കം ലഭിച്ചതായാണ് പഠനം പറയുന്നത്. അതിനു മുമ്പ് നടന്ന ഒരു തെരഞ്ഞെടുപ്പിലും ഇത്തരം ഒരു പ്രവണത കാണാൻ സാധിച്ചിട്ടില്ല എന്നും പഠനം പറയുന്നു. ബി.ജെ.പി അനുഭാവികളായ പോളിങ് ഉദ്യോഗസ്ഥൻ ഇതിന് പിന്നിൽ പ്രവർത്തിച്ചിരിക്കാനുള്ള സാധ്യതയിലേക്കാണ് സബ്യസാചി ദാസ് വിരൽചൂണ്ടുന്നത്. ബി.ജെ.പി സ്വാധീന ബൂത്തുകളിലെ അസാധാരണമായ പോളിങ് വർധനയും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. 9 മുതൽ 18 വരെ സീറ്റുകൾ ഇത്തരത്തിൽ ബി.ജെ.പി നേടിയിട്ടുണ്ട്. രാജ്യവ്യാപകമായി നടത്തിയ ഈ പഠനത്തിനായി ഏകദേശം 373 പാർലമെന്റ് മണ്ഡലത്തിൽനിന്നുള്ള 9 ലക്ഷം പോളിങ് സ്റ്റേഷനുകളിലെ ഡേറ്റയാണ് എടുത്തിരിക്കുന്നത്.

വോട്ട് അധികാർ യാത്രയും എസ്.ഐ.ആറും

ബിഹാറിൽ തെര​െഞ്ഞടുപ്പ് കമീഷൻ നടപ്പാക്കുന്ന അതിതീവ്ര വോട്ടർപട്ടികാ പരിഷ്‌കരണത്തിനെതിരായി രാഹുൽ ഗാന്ധി നടത്തുന്ന വോട്ട് അധികാർ യാത്രക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. സാസാരാമിൽനിന്ന് ആഗസ്റ്റ് 17ന് തുടങ്ങിയ യാത്ര സെപ്റ്റംബർ 1ന് പട്നയിൽ അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയിൽ ഉടനീളം വലിയ ജനപങ്കാളിത്തം പ്രകടമാണ്. രാഹുൽ ഗാന്ധിക്കൊപ്പം ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും മുഴുവൻ സമയം യാത്രയിലുണ്ട്. ഇതിന് പുറമെ ഇൻഡ്യ ബ്ലോക്കിലെ പ്രതിപക്ഷ കക്ഷികളും വോട്ട് അധികാർ യാത്രയിൽ സജീവ സാന്നിധ്യമായി മാറിയിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള എം.കെ. സ്റ്റാലിൻ, കനിമൊഴി, രേവന്ത് റെഡ്ഡി, സിദ്ധരാമയ്യ തുടങ്ങിയവരുടെ സാന്നിധ്യം പ്രതിപക്ഷത്തി​ന്റെ ഐക്യത്തി​ന്റെ പ്രതീകമായാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. പ്രത്യേകിച്ചും, 2024 ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഇൻഡ്യ മുന്നണിയിൽ ഉണ്ടായ അനൈക്യത്തി​ന്റെ പശ്ചാത്തലത്തിൽ.

ആഭ്യന്തര കുടിയേറ്റ തൊഴിലാളികൾ കൂടുതലുള്ള ബിഹാർപോലുള്ള സംസ്ഥാനങ്ങളിൽ തെക്കേ ഇന്ത്യയിൽനിന്നുള്ള രാഷ്ട്രീയ നേതാക്കൾ വരുന്നത്, വരാൻ പോകുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുകൊണ്ടു കൂടിയാണ്. തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിരവധി ബിഹാറി തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. അവരുടെ പലരുടെയും കുടുംബാംഗങ്ങൾ ഈ സംസ്ഥാനങ്ങളിലാണ് താമസിക്കുന്നത്. ഇതുമൂലം കുടിയേറ്റ തൊഴിലാളികൾക്കിടയിൽ വൈകാരികമായ ഒരു പരിസരം സൃഷ്ടിക്കാനും ആർ.ജെ.ഡി ഉൾപ്പെടുന്ന പ്രതിപക്ഷ കക്ഷിക്ക് തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാനും സാധിച്ചേക്കും എന്നും പ്രതിപക്ഷം കണക്കുകൂട്ടുന്നു. ബി.ജെ.പിയും മുമ്പ് ഇതേ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസായിരുന്നു കഴിഞ്ഞ ബിഹാർ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ മുഖ്യ ചുമതലക്കാരൻ. മഹാരാഷ്ട്രയിലും ധാരാളം ബിഹാർ കുടിയേറ്റക്കാരുണ്ട്. പുറത്തുനിന്നുള്ള നേതാക്കളെ ഉപയോഗിച്ച് വോട്ടർമാരിലെ ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യമിടുകയാണ് ഇവിടെ.

ബിഹാർ സർക്കാറിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 13.9 കോടി താമസ സർട്ടിഫിക്കറ്റുകളും 8.72 കോടി ജാതി സർട്ടിഫിക്കറ്റുകളും നൽകിയതായി പറയുന്നു. എന്നാൽ, സംസ്ഥാനത്തെ മൊത്തം ജനസംഖ്യ വെറും 12.4 കോടി മാത്രമാണ്. ഇത് ഗവൺമെന്റി​ന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നു. ജനങ്ങളോട് പൗരത്വം തെളിയിക്കാൻ രേഖ ആവശ്യപ്പെടുന്ന സർക്കാറി​ന്റെ കൈയിൽപോലും കൃത്യമായ രേഖകൾ ഇല്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. വർഷംതോറും വെള്ളപ്പൊക്കം ഉണ്ടാകുന്ന ബിഹാറിൽ വ്യക്തിഗത രേഖകൾ സംരക്ഷിക്കുക എന്നത് പാവപ്പെട്ടവനെ സംബന്ധിച്ച് പ്രയാസമാണ്. “ഞങ്ങളുടെ ഗ്രാമം മുഴുവനും വെള്ളത്തിലാണ്, ഞങ്ങൾ എങ്ങനെ രേഖകൾ സമർപ്പിക്കും. സർക്കാർ 11 രേഖകൾ അല്ല ഇപ്പോൾ ചോദിക്കേണ്ടത്; പകരം വെള്ളപ്പൊക്കം അനുഭവിക്കുന്ന ഞങ്ങളെ സഹായിക്കുകയാണ് വേണ്ടത്” എന്നാണ് ഗ്രാമവാസികൾ പറയുന്നത്.

സംസ്ഥാനത്തെ ആദിവാസി ജനവിഭാഗങ്ങളിൽ 0.37 ശതമാനത്തിനും പട്ടികജാതി വിഭാഗത്തിൽ 1.5 ശതമാനത്തിനും മാത്രമേ ഇന്റർനെറ്റ് സൗകര്യമുള്ളൂ. ഓൺലൈൻ വഴി പൗരത്വം തെളിയിക്കപ്പെടേണ്ട രേഖകൾ സമർപ്പിക്കണമെന്ന് പറയുന്ന ഭരണകൂടം ഈ റിയാലിറ്റികൾ പരിശോധിക്കപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്. രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ അവരുടെ രേഖകൾ സമർപ്പിക്കാൻ സഹായിക്കണമെന്ന് പറയുന്ന സുപ്രീംകോടതിയോട് ഒരു ചോദ്യമുണ്ട്. രാഷ്ട്രീയ പാർട്ടികൾക്ക് ഹിതകരമല്ലാത്ത മനുഷ്യരെ ഇവർ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവർ സഹായിക്കുമോ? ബിഹാർപോലെ അസമത്വം തീവ്രമായ ഒരു സംസ്ഥാനത്ത് ഇത്തരം കാര്യങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ ചുമലിൽവെച്ച് ഒഴിയുന്നത് അനീതിയാണ്. പൗരത്വംതന്നെ ചോദ്യംചെയ്യപ്പെടുന്ന എസ്.ഐ.ആർ നടപടിയെ വളരെ ലാഘവത്തോടെയാണ് സുപ്രീംകോടതി മനസ്സിലാക്കിയിട്ടുള്ളതെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. പൊതു രാഷ്ട്രീയധാരക്കും രാഷ്ട്രീയ പാർട്ടികൾക്കും താൽപര്യമുള്ളവർ മാത്രം ഈ നാട്ടിലെ പൗരന്മാരായി തുടർന്നാൽ മതിയെന്നുള്ള തിട്ടൂരംകൂടി ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.

65 ലക്ഷം പേരാണ് ബിഹാറിലെ എസ്.ഐ.ആർ വഴി വോട്ടർ ലിസ്റ്റിലെ കരട് പട്ടികയിൽനിന്നും പുറത്തായത്. അതായത് ഓരോ മണ്ഡലത്തിൽനിന്നും 26,000 പേരെങ്കിലും പുറത്ത് പോകും. ഇതിന് പുറമെ, 2003ലെ വോട്ടർപട്ടികയിൽ പേരുള്ളവരുടെയും അവരുടെ മക്കളുടെയുമല്ലാത്ത മുഴുവൻ പേരോടും ഇന്ത്യൻ പൗരനാണ് എന്ന് തെളിയിക്കുന്ന രേഖ സമർപ്പിക്കാനാണ് ഇലക്ഷൻ കമീഷൻ ഉത്തരവിട്ടിരിക്കുന്നത്. ഇത് ഏതാണ്ട് 2.93 കോടി പേർ ഉണ്ടാകും.

 

നരേന്ദ്ര മോദി, അമിത് ഷാ                                         

സുപ്രീംകോടതി വോട്ടർപട്ടികയിൽ ഉൾപ്പെടാൻ ആധാർ കാർഡ് മതിയെന്ന് പറഞ്ഞെങ്കിലും അതിൽ നിരവധി അവ്യക്തതകൾ നിലനിൽക്കുന്നുണ്ട് എന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധനായ യോഗേന്ദ്ര യാദവ് പറയുന്നത്. വോട്ടർപട്ടികയിൽനിന്നും പുറത്തായ 65 ലക്ഷം പേർക്ക് പട്ടികയിൽ ഇടംപിടിക്കാൻ ആധാർ മതിയെന്ന് വ്യക്തമാക്കുന്നെങ്കിലും കരട് പട്ടികയിലുള്ള 7.24 കോടി മനുഷ്യർക്ക് ആധാർ നൽകി അവരുടെ വോട്ടവകാശം നിലനിർത്താൻ സാധിക്കുമോ എന്നത് വ്യക്തമല്ലാത്ത കാര്യമാണ്. ഇന്ത്യൻ എക്സ്പ്രസിന് അദ്ദേഹം നൽകിയ അഭിമുഖം ഇലക്ഷൻ കമീഷ​ന്റെ പല വാദങ്ങളെയും പൊളിക്കുന്നുണ്ട്. ബിഹാറിലെ 98.2 ശതമാനം ആളുകളും രേഖകൾ സമർപ്പിച്ചെന്നാണ് ഇലക്ഷൻ കമീഷൻ അവകാശപ്പെട്ടത്. എന്നാൽ യാദവും സംഘവും നടത്തിയ സർവേയിൽ കണ്ടെത്തിയത്, രേഖകൾ സമർപ്പിക്കാനുള്ള ഫോം ലഭിച്ചത് 80 ശതമാനം ആളുകൾക്ക് മാത്രമാണെന്നും 10 ശതമാനം പേർ ഫോം കണ്ടിട്ടുപോലുമില്ലെന്നുമാണ്.

യോഗേന്ദ്ര യാദവ് മറ്റൊരു കാര്യംകൂടി കൂട്ടിച്ചേർക്കുന്നുണ്ട്. തെര​െഞ്ഞടുപ്പ് കമീഷൻ പറഞ്ഞ 11 രേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിച്ചവരായുള്ളത് മൊത്തം ജനസംഖ്യയുടെ 18 ശതമാനം പേർ മാത്രമാണെന്നും 41 ശതമാനം പേർ ആധാർ മാത്രമാണ് രേഖയായി നൽകിയതെന്നും 40 ശതമാനം പേരും ഒരു രേഖയും നൽകിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കോൺഗ്രസിന് താരതമ്യേന സ്വാധീനമില്ലാത്ത സംസ്ഥാനമാണ് ബിഹാർ. എന്നിട്ടും വോട്ട് അധികാർ യാത്ര വലിയ ബഹുജന പങ്കാളിത്തത്തോടെ നടത്താൻ സാധിച്ചത് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവി​ന്റെ സഹായത്തോടെയാണെന്നാണ് യാത്രയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന കെ.സി. വേണുഗോപാൽ പറയുന്നത്. ആർ.ജെ.ഡിയുടെ വോട്ട് ബാങ്കായ മുസ്‍ലിംകൾ, കുടിയേറ്റക്കാർ, യാദവർ തുടങ്ങിയവരെയാണ് എസ്.ഐ.ആർ കൂടുതൽ ബാധിക്കുക. ഇത് തേജസ്വി യാദവ് എന്ന നേതാവി​ന്റെ വളർച്ചക്ക് സഹായകരമാണ്.

അതോടൊപ്പം നിതീഷ് കുമാറി​ന്റെ ആരോഗ്യാവസ്ഥ മോശമായതും ബി.ജെ.പിക്ക് ഒരു നേതാവിനെ ഉയർത്തിക്കാണിക്കാൻ ഇതുവരെ സാധിക്കാത്തതും തേജസ്വിയുടെയും മഹാഗഠ്ബന്ധ​ന്റെയും വിജയസാധ്യതകൾ വർധിപ്പിക്കുന്നുണ്ട്. അതോടൊപ്പം പ്രതിപക്ഷത്തി​ന്റെ ഈ യാത്രയെ തകർക്കാനായി പല തന്ത്രങ്ങളും ബി.ജെ.പി മെനയുന്നുണ്ട്. മോദിയുടെ അമ്മയെ കോൺഗ്രസ് പതാകയുമായി നിൽക്കുന്നയാൾ പ്രതിപക്ഷം നടത്തുന്ന യാത്രക്കിടയിൽ തെറിവിളിച്ചതിന് രാഹുൽ ഗാന്ധി മാപ്പ് പറയണം എന്നാണ് ആഭ്യന്തര മന്ത്രി അമിത്ഷാ പറയുന്നത്. ഇതിനെല്ലാം ഉപരിയായി നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, അക്രമാസക്ത ഹിന്ദുത്വയിൽനിന്നും രാജ്യം പിന്നോട്ടു നടക്കാൻ ആഗ്രഹിക്കുന്നു എന്നതി​ന്റെ ആവർത്തിച്ചുള്ള തെളിവാണ് വോട്ടർ അധികാർ യാത്രക്കും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കും ലഭിച്ച വമ്പിച്ച സ്വീകാര്യത. 2024 തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷികൾ നടത്തിയ പ്രകടനവും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

ജനാധിപത്യവും തെരഞ്ഞെടുപ്പിലെ വിശ്വാസ്യതയും

ജനാധിപത്യത്തിന്റെ മൂലക്കല്ലാണ് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾ. എന്നാൽ, ജനാധിപത്യമെന്ന് പറയപ്പെടുന്ന പല രാജ്യങ്ങളിലും തെരഞ്ഞെടുപ്പുകളുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള സംശയങ്ങൾ വർധിച്ചുവരുകയാണ്. 2020ൽ മലാവിയിലെ ഭരണഘടന കോടതി പ്രസിഡന്റ് തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് പ്രഖ്യാപിച്ചിരുന്നു. 2019ലെ ബൊളീവിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം കാണിച്ചതായുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു. 2020ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടർ തട്ടിപ്പ് കാരണമാണ് ജോ ബൈഡൻ വിജയിച്ചതെന്നാണ് മൂന്നിലൊന്ന് വോട്ടർമാർ വിശ്വസിക്കുന്നത്, ഈ വാദത്തിന് തെളിവുകളൊന്നും ലഭ്യമല്ലെങ്കിലും തെരഞ്ഞെടുപ്പുകളുടെ സത്യസന്ധതയിലുള്ള അമേരിക്കൻ വോട്ടർമാരുടെ വിശ്വാസം കുറഞ്ഞുവരുകയാണ്. തെരഞ്ഞെടുപ്പിനോടുള്ള ലോക ജനതയുടെ വിശ്വാസത്തകർച്ച കഴിഞ്ഞ 15 വർഷത്തിനുള്ളിൽ രൂക്ഷമായെന്നാണ് കണക്കുകൾ പറയുന്നത്.

ഗ്ലോബൽ സ്റ്റേറ്റ് ഓഫ് ഡെമോക്രസി ഇനിഷ്യേറ്റിവ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 15 വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പിലുള്ള വിശ്വാസ്യത 65 ശതമാനത്തിൽനിന്നും 55 ശതമാനമായി താഴ്ന്നുവെന്നാണ് പറയുന്നത്. ഈ വർഷം 300 കോടി ജനങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. അതിൽ മൂന്നിൽ ഒരാൾ വോട്ട് ചെയ്യുന്നത്, മുമ്പുണ്ടായിരുന്ന ത​ന്റെ രാജ്യത്തെ ജനാധിപത്യത്തേക്കാൾ ദുർബലമായ അവസ്ഥയിലായിരിക്കും എന്നാണ് റിപ്പോർട്ട് പറയുന്നത്. പലതും കോടതി ഇടപെടലുകളിലൂടെയാണ് തീരുമാനിക്കപ്പെട്ടത്. ജനാധിപത്യ പ്രകടനത്തിൽ പുരോഗതി നേടുന്ന രാജ്യങ്ങളെക്കാൾ തകർച്ച നേരിടുന്ന രാജ്യങ്ങളാണ് കൂടുതൽ. ഏകദേശം നാലിൽ ഒരു രാജ്യത്തെ ജനാധിപത്യത്തിന് മാത്രമേ പുരോഗതി ഉണ്ടാകുന്നുള്ളൂ. അതേസമയം, ഒമ്പതിൽ നാല് രാജ്യങ്ങളിലെ ജനാധിപത്യം മോശമായിക്കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ വിശ്വാസ്യത തകരാനുള്ള പ്രധാന കാരണങ്ങളായി റിപ്പോർട്ട് നിരീക്ഷിക്കുന്നത് പ്രാതിനിധ്യത്തിലെ പാകപ്പിഴകൾ, വിശ്വസനീയമായ തെരഞ്ഞെടുപ്പുകളുടെ അഭാവം, കാര്യക്ഷമമായ പാർലമെന്റി​ന്റെ അഭാവം, മനുഷ്യാവകാശ ലംഘനങ്ങൾ, സാമ്പത്തിക അസമത്വം, അഭിപ്രായ സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവയുടെ തകർച്ച തുടങ്ങിയവയാണ്.

ഇന്ത്യൻ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ അടിക്കടി ഉണ്ടാകുന്ന അട്ടിമറി മുഴുവൻ തെരഞ്ഞെടുപ്പുകളിലും ജനാധിപത്യ സംവിധാനങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ തകർത്തിട്ടുണ്ട്. ഈ വിശ്വാസ്യതയെ തിരികെ കൊണ്ടുവരുക, നിലവിലുള്ള ഭരണകൂടവ്യവസ്ഥയുടെ തകർച്ചയെ തടയുക, ജനങ്ങളുടെ അസ്വസ്ഥത മൂലമുണ്ടാകുന്ന ബദൽ രാഷ്ട്രീയ രൂപവത്കരണത്തിൽനിന്ന് അവരെ പിന്തിരിപ്പിക്കുക തുടങ്ങിയവ ഭരണവർഗത്തി​ന്റെ ബി ടീമായ രാഹുൽ ഗാന്ധിയുടെയും കൂട്ടരുടെയും ബാധ്യതയാണ്. വോട്ടർ അധികാർ യാത്രക്കൊപ്പം തെരുവിൽ നിൽക്കുന്ന ജനത രാഹുൽ ഗാന്ധിക്കുള്ള പിന്തുണ എന്നതിനപ്പുറം അസ്വസ്ഥമായ ഒരുകൂട്ടം മനുഷ്യരുടെ ആത്മാവിഷ്‌കാരമായി കൂടെ കാണേണ്ടതുണ്ട്. ശക്തമായ അർധ കൊളോണിയൽ-ഫ്യൂഡൽ അടിവേരുകളുള്ള ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രക്രിയ പൊതുജനങ്ങളുടെ താൽപര്യത്തെക്കാളുപരി ഭരണവർഗ താൽപര്യങ്ങളെയാണ് സേവിക്കുന്നത്. അതിനുള്ള ഉദാഹരണമാണ് മഹാരാഷ്ട്രയിലെ മൽഷിരാസ് നിയമസഭാ മണ്ഡലത്തിൽപ്പെട്ട മക്കൻവാഡിയിൽ നടന്ന സംഭവം.

2020ൽ നടന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഒറ്റനോട്ടത്തിൽ

ഈ ഗ്രാമം അടങ്ങുന്ന അസംബ്ലി മണ്ഡലത്തിൽ ശരത് പവാർ വിഭാഗം എൻ.സി.പി സ്ഥാനാർഥിയാണ് ജയിച്ചതെങ്കിലും (2024) ബി.ജെ.പിക്ക് തങ്ങളുടെ ഗ്രാമത്തിൽനിന്നും ലഭിക്കേണ്ടതിനെക്കാൾ കൂടുതൽ വോട്ടുകളാണ് ലഭിച്ചത്. ഇത് ഗ്രാമവാസികൾക്ക് ഇടയിൽ സംശയം ജനിപ്പിച്ചു. രണ്ടായിരം വോട്ടർമാരുള്ള ഈ പ്രദേശത്ത് 1846 പേരാണ് വോട്ട് ചെയ്തത്. ബി.ജെ.പിക്ക് ഗ്രാമത്തിൽനിന്നും 1003 വോട്ടാണ് ലഭിച്ചത്. ഇതിൽ എന്തോ ചതി ഉണ്ടെന്ന് ഗ്രാമവാസികൾ ഉറച്ചു വിശ്വസിച്ചു. ഇതിനെ തുടർന്ന്, തങ്ങളുടെ ഗ്രാമത്തിലെ ജനത ആർക്കാണ് യഥാർഥത്തിൽ വോട്ട് ചെയ്തതെന്ന് തെളിയിക്കാൻ ബാലറ്റിലൂടെ ഒരു മോക് ഇലക്ഷൻ നടത്താൻ അവർ തീരുമാനിക്കുകയും ബന്ധപ്പെട്ടവരെ അറിയിക്കുകയുംചെയ്തു. 2000 ജനങ്ങളുള്ള ആ ഗ്രാമത്തിൽ നാലായിരത്തോളം പൊലീസിനെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ച് അവരുടെ സത്യമറിയാനുള്ള ശ്രമങ്ങളെ സർക്കാർ തടഞ്ഞു.

‘‘ഒരൊറ്റയാൾ നടത്തുന്ന ഭരണകൂടം ജനാധിപത്യ സ്ഥാപനങ്ങളേക്കാൾ കൂടുതൽ ഉപയോഗപ്രദവും രാജ്യത്തി​ന്റെ നന്മകൾക്കുതകുന്നതുമാണ്’’ (1928 ജനുവരി 17- കേസരി) എന്നാണ് സംഘ്പരിവാറിന് ജനാധിപത്യത്തോടുള്ള നിലപാട്. ഇതി​ന്റെ പ്രകടിത രൂപമാണ് വോട്ടർപട്ടിക ക്രമക്കേടിലും ബിഹാറിലെ എസ്.ഐ.ആർ നടപ്പാക്കലിലുമൊക്കെ നാം കണ്ടത്. ഹിന്ദുത്വ അജണ്ടകൾ നടപ്പാക്കാനായി സംഘപരിവാരം പല പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ‘വിചാരധാര’ മുഖ്യശത്രുവായി പ്രഖ്യാപിച്ച മുസ്‍ലിംകളുടെയും ദലിതരുടെയും പൗരത്വത്തെ റദ്ദാക്കുകയെന്ന അജണ്ടയാണ് ബിഹാർ എസ്.ഐ.ആറിലൂടെ സംഘ്പരിവാർ ഉദ്ദേശിക്കുന്നത്. ഈ രാജ്യത്തി​ന്റെ ഭാഗധേയം തീരുമാനിക്കേണ്ടവർ അല്ലാത്തവരായി മതന്യൂനപക്ഷങ്ങളും ദലിതരും മാറുന്നത് ഭയാനകമായ അവസ്ഥയാണ്. ഹിന്ദുത്വ ബ്രാഹ്മണ്യത്തിന് എതിരെ അടിത്തട്ടിലുള്ള ജനതയുടെ രോഷമായിക്കൂടി വോട്ടർ അധികാർ യാത്രക്ക് ഒപ്പം തെരുവിൽ നിൽക്കുന്ന ജനതയെ നാം തിരുത്തി വായിക്കണം.

Tags:    
News Summary - Bihar elections and conditions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-01 02:00 GMT
access_time 2025-11-24 02:15 GMT
access_time 2025-11-17 02:00 GMT