ചതുരംഗമല്ല, ഇത് വെറും കുലുക്കിക്കുത്ത്

രാഷ്ട്രീയ കേരളം അതിവേഗം പിന്നോട്ടുപോവുകയാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകള്‍ വരെ എം.എല്‍.എമാരെ ചാടിച്ചെടുക്കലായിരുന്നു ഭരണമാറ്റമുണ്ടാക്കാനുള്ള വിദ്യ. ഇപ്പോൾ നിയമസഭാംഗമാകാൻ സാധ്യതയുള്ളവരെ തന്നെ ചാക്കിട്ടുപിടിക്കുകയാണോ? എങ്ങനെയൊക്കെയാണ് ഈ തെരഞ്ഞെടുപ്പ് വ്യത്യാസപ്പെട്ടിരിക്കുന്നത്? എന്താണ് അടിത്തട്ടിൽ നടക്കുന്നത്? –വിശകലനംഇത്തവണ തെരഞ്ഞെടുപ്പുത്സവം കാണാന്‍ ആദ്യമായി ഇറങ്ങിയത് സ്വന്തം പട്ടണത്തിലേക്കാണ്, കൽപറ്റയിലേക്ക്. അങ്ങാടിയിലൂടെ നടക്കുമ്പോള്‍ നല്ല അടുപ്പമുള്ള രണ്ട് സുഹൃത്തുക്കള്‍ നില്‍ക്കുന്നു. എം.വി. ​േശ്രയാംസ് കുമാറിന്‍റെ പാര്‍ട്ടിയുടെ നേതാക്കളാണ്. പേര് മാറിമാറി ആ...

രാഷ്ട്രീയ കേരളം അതിവേഗം പിന്നോട്ടുപോവുകയാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകള്‍ വരെ എം.എല്‍.എമാരെ ചാടിച്ചെടുക്കലായിരുന്നു ഭരണമാറ്റമുണ്ടാക്കാനുള്ള വിദ്യ. ഇപ്പോൾ നിയമസഭാംഗമാകാൻ സാധ്യതയുള്ളവരെ തന്നെ ചാക്കിട്ടുപിടിക്കുകയാണോ? എങ്ങനെയൊക്കെയാണ് ഈ തെരഞ്ഞെടുപ്പ് വ്യത്യാസപ്പെട്ടിരിക്കുന്നത്? എന്താണ് അടിത്തട്ടിൽ നടക്കുന്നത്? –വിശകലനം

ഇത്തവണ തെരഞ്ഞെടുപ്പുത്സവം കാണാന്‍ ആദ്യമായി ഇറങ്ങിയത് സ്വന്തം പട്ടണത്തിലേക്കാണ്, കൽപറ്റയിലേക്ക്. അങ്ങാടിയിലൂടെ നടക്കുമ്പോള്‍ നല്ല അടുപ്പമുള്ള രണ്ട് സുഹൃത്തുക്കള്‍ നില്‍ക്കുന്നു. എം.വി. ​േശ്രയാംസ് കുമാറിന്‍റെ പാര്‍ട്ടിയുടെ നേതാക്കളാണ്. പേര് മാറിമാറി ആ പാര്‍ട്ടി ഇപ്പോള്‍ ആര്‍.ജെ.ഡിയാണല്ലോ. പഴയ ജനതാദള്‍ ഓഫിസ് തന്നെയാണ് ആസ്ഥാനം. ബോര്‍ഡ് മാറ്റിയെഴുതിയിട്ടുണ്ട്. അതിനുമുന്നിലാണ് കണ്ടുമുട്ടിയത്. ഒരാള്‍ സംസ്ഥാന ഭാരവാഹിയാണ്. ഒരാള്‍ ജില്ല നേതാവും. തെരഞ്ഞെടുപ്പുകാര്യങ്ങളാണ് ചര്‍ച്ചചെയ്യുന്നത്. അവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അടുത്തകാലത്ത് അവരുടെ പാര്‍ട്ടിയിലെത്തിയ കോണ്‍ഗ്രസുകാരനാണ്. വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന പി.കെ. ഗോപാലന്‍റെ മകന്‍ പി.കെ. അനില്‍കുമാര്‍. ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറിയും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമൊക്കെയായിരുന്നു. അവിടെനിന്ന് ചാടി ആര്‍.ജെ.ഡിയിലെത്തിയതാണ്.

യു.ഡി.എഫ് സ്ഥാനാർഥി കോണ്‍ഗ്രസിന്‍റെ സിറ്റിങ് എം.എല്‍.എ ആണല്ലോ. ടി. സിദ്ദീഖ്. ആ ആര്‍.ജെ.ഡി നേതാക്കളുടെ ഉൾപാര്‍ട്ടി ചര്‍ച്ച തടസ്സപ്പെടുത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു: ‘‘അല്ലാ, രണ്ടു കോണ്‍ഗ്രസുകാര്‍ തമ്മില്‍ മത്സരിക്കുന്നതിന് നിങ്ങളെന്തിനാ വെയില് കൊള്ളുന്നത്. നമുക്ക് വീട്ടില്‍ പോകാം.’’ അതിലെ മുതിര്‍ന്ന നേതാവ് ചുമലില്‍ കൈവെച്ചുകൊണ്ട് മറുപടി തന്നു: ‘‘അതിപ്പോ, പല സ്ഥലത്തും അങ്ങനെയൊക്കെത്തന്നെയല്ലേ, ചിലയിടത്ത് രണ്ട് കോണ്‍ഗ്രസുകാര്‍ തമ്മില്‍ മത്സരിക്കുന്നു. ചിലയിടത്ത് രണ്ട് മാര്‍ക്സിസ്റ്റുകാര്‍ തമ്മില്‍ മത്സരിക്കുന്നു. അതൊക്കെ അങ്ങനെയങ്ങ് നടക്കും.’’

അപ്പോഴാണ് ആ വിസ്മയകരമായ തെരഞ്ഞെടുപ്പു ചിത്രം മുന്നില്‍ തെളിഞ്ഞത്. ഇത്തവണ സ്ഥാനാർഥികള്‍ പ്രഥമ പരിഗണന കൊടുക്കുന്നത് മത്സരിക്കുക എന്നതിനാണ്. ഏത് പാര്‍ട്ടിയില്‍, ഏതു മുന്നണിയില്‍ എന്നതൊക്കെ പിന്നാലെ വരുന്ന കാര്യങ്ങളാണ്. അറിയപ്പെടുന്ന ആറ് സി.പി.എമ്മുകാര്‍ കോണ്‍ഗ്രസ് സ്ഥാനാർഥികളായി രംഗത്തുണ്ട്. കൊട്ടാരക്കരയില്‍ ഐഷാ പോറ്റി, അമ്പലപ്പുഴയില്‍ ജി. സുധാകരന്‍, ഒറ്റപ്പാലത്ത് പി.കെ. ശശി –ഇപ്പറഞ്ഞവരൊക്കെ മുന്‍ എം.എല്‍.എമാരാണ്. ഇതിനുപുറമെ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പി.എസ് ആയിരുന്ന എ. സുരേഷ് (മലമ്പുഴ) സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ (തളിപ്പറമ്പ്) കണ്ണൂര്‍ ജില്ല കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണന്‍ (പയ്യന്നൂര്‍) എന്നിവരും യു.ഡി.എഫ് വേഷത്തില്‍ രംഗത്തുണ്ട്.

ശരിയാണ് ചിലയിടത്തൊക്കെ മുസ്​ലിം ലീഗില്‍നിന്ന് ചാടിച്ചവരെ സ്ഥാനാർഥികളാക്കാന്‍ സി.പി.എമ്മിനും കഴിഞ്ഞിട്ടുണ്ട്. എന്നാലും കളി സമനിലയിലല്ല. ഇടതുമുന്നണിയില്‍നിന്ന് പോയി ബി.ജെ.പി സ്ഥാനാർഥികളായവരുടെ പട്ടിക കാര്യങ്ങളെ മറ്റൊരുതലത്തില്‍ കാണേണ്ടതുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ദേവികുളത്തെ മുന്‍ സി.പി.എം എം.എല്‍.എ എസ്. രാജേന്ദ്രന്‍, വൈക്കത്തെ മുന്‍ സി.പി.ഐ എം.എല്‍.എ കെ. അജിത്, നാട്ടികയിലെ സി.പി.ഐയുടെ സിറ്റിങ് എം.എല്‍.എ സി.സി. മുകുന്ദന്‍ എന്നിവര്‍ ബി.ജെ.പി സ്ഥാനാർഥികളാണ്. ഇവര്‍ മൂന്നുപേരും താമര ഷാള്‍ അണിഞ്ഞ് ഫോട്ടോക്ക് പോസ് ചെയ്തുകഴിഞ്ഞതിനു ശേഷവും എല്‍.ഡി.എഫിന്‍റെ സൈബര്‍ പോരാളികള്‍ കെ. സുധാകരന്‍ ബി.ജെ.പിയാകുമെന്ന് കൂകിയാര്‍ക്കുകയായിരുന്നു. ആയില്ല. ആ സുധാകരനെ അടക്കിനിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞു. അദ്ദേഹം അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്ക് കീഴ്പ്പെട്ടു. ആ മര്യാദയെ പിണറായി വിജയന്‍തന്നെ പുകഴ്ത്തി. എന്നാല്‍, സ്വന്തം പാര്‍ട്ടിയില്‍ തത്തുല്യ നിലവാരത്തില്‍ കഴിഞ്ഞിരുന്ന ജി. സുധാകരനെ അടക്കിനിര്‍ത്താന്‍ സി.പി.എമ്മിനു കഴിഞ്ഞില്ല. അദ്ദേഹം മറുകണ്ടം ചാടിയപ്പോള്‍ ചെറ്റമുദ്രചാര്‍ത്തിക്കൊടുക്കാനേ പിണറായിക്ക് കഴിഞ്ഞുള്ളൂ.

ഒരു തെരഞ്ഞെടുപ്പും മുൻ തെരഞ്ഞെടുപ്പുപോലെയല്ല. ഓരോ തെരഞ്ഞെടുപ്പിനും അതിന്‍റെ സവിശേഷതയുണ്ട്. 1951 അവസാനവും ’52 ആദ്യവുമായി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പു നടക്കുമ്പോള്‍ ആ തെരഞ്ഞെടുപ്പ് മൂന്നുതരത്തില്‍ വിലയിരുത്തപ്പെട്ടതായി രജ്ദീപ് സര്‍ദേശായ് ചൂണ്ടിക്കാട്ടുന്നുണ്ട് (2014 ഇന്ത്യയെ മാറ്റിമറിച്ച തെരഞ്ഞെടുപ്പ്- എന്ന പുസ്തകം). ‘ഇന്ത്യ-ഗാന്ധിക്കുശേഷം’ എന്ന പുസ്തകത്തില്‍ രാമചന്ദ്ര ഗുഹ രേഖപ്പെടുത്തിയതാണ് അത്. ഒന്ന് രാമചന്ദ്ര ഗുഹയുടെ നിരീക്ഷണം തന്നെ: ‘‘സർവോപരി അതൊരു വിശ്വാസത്തിന്‍റെ ആവിഷ്കാരമായിരുന്നു’’ എന്നതാണത്. പുതുതായി സ്വാതന്ത്ര്യം കിട്ടിയ രാജ്യം, സാര്‍വത്രിക വോട്ടവകാശത്തിന്‍റെ അടിസ്ഥാനത്തില്‍, സ്വന്തം ഭരണഘടനയുടെ തണലില്‍ ആദ്യമായി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു എന്ന അടിസ്ഥാനത്തിലാണ് ഗുഹ അങ്ങനെ പറഞ്ഞത്.

ആദ്യത്തെ തെരഞ്ഞെടുപ്പു കമീഷണര്‍ സുകുമാര്‍ സെന്നിന്‍റെ നിരീക്ഷണമാണ് രണ്ടാമത്തേത്: ‘‘മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണമാണ് ഇത്’’ എന്നായിരുന്നു സെന്‍ പറഞ്ഞത്. വിശാലമായ രാജ്യം, അതിലെ പതിനേഴര കോടിയിലധികം വോട്ടര്‍മാര്‍. അക്ഷരാഭ്യാസമുള്ളവര്‍ കമ്മിയാണതില്‍, എല്ലാവരെയും തെരഞ്ഞെടുപ്പ് എന്താണെന്ന് പഠിപ്പിച്ചിട്ടുവേണം– അതാണ് സെന്‍ നിരീക്ഷിച്ചത്. മൂന്നാമത്തേത് മദ്രാസില്‍നിന്നുള്ള ഒരു മുതിര്‍ന്ന പത്രാധിപരുടെ കാഴ്ചയാണ്: ‘‘വോട്ടര്‍മാരില്‍ വലിയ ഭൂരിപക്ഷവും ആദ്യമായി വോട്ടുചെയ്യാന്‍ പോവുകയാണ്. എന്താണ് വോട്ട് എന്ന് അവരില്‍ പലര്‍ക്കും അറിയില്ല. എന്തിനാണ് വോട്ട് ചെയ്യുന്നതെന്നും ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്നും അവര്‍ക്കറിയില്ല. എല്ലാ ഒരുക്കങ്ങളും ലോകത്തിലെ ഏറ്റവും വലിയ ചൂതാട്ടമായി മാറാന്‍ പോവുകയാണ് എന്നതില്‍ ഒരതിശയവുമില്ല’’-എന്നായിരുന്നു ആ വിലയിരുത്തല്‍.

‘‘വിശ്വാസം തൂത്തുവാരി, പരീക്ഷണവും വിജയിച്ചു. ചൂതാട്ടം ഗംഭീരമായി തുടരുന്നു’’ എന്നാണ് 62 വര്‍ഷങ്ങള്‍ക്കുശേഷം 2014ലെ പൊതുതെരഞ്ഞെടുപ്പ് വിലയിരുത്തിക്കൊണ്ട് രജ്ദീപ് എഴുതിയത്. പിന്നെയും 12 വര്‍ഷം കഴിഞ്ഞ് കേരളം ഒരു നിയമസഭ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ നമ്മള്‍ കാണുന്നത് ചതുരംഗമല്ല. ആ കളിക്ക് നല്ല ബുദ്ധിവേണം. ഇത് ചൂതല്ല. വെറും കുലുക്കിക്കുത്താണ്. ആര്‍ക്കുവേണമെങ്കിലും ഏതു പാര്‍ട്ടിയുടെ ചിഹ്നത്തിലും ഒരു കൈനോക്കാം. ചീട്ടറിഞ്ഞ് കാശെറിഞ്ഞാല്‍ മതി!

ആദ്യത്തെ തെരഞ്ഞെടുപ്പുകാലത്ത് ആ തെന്നിന്ത്യന്‍ പത്രാധിപര്‍ നടത്തിയ മറ്റൊരു നിരീക്ഷണംകൂടി രാമചന്ദ്ര ഗുഹ രേഖപ്പെടുത്തിയിട്ടുണ്ട്: ‘‘ഗാന്ധിക്കുശേഷമുള്ള അധികാരയുദ്ധത്തിന്‍റെ ആദ്യത്തെ ഇര മാന്യതയാണ്.’’ ആ നിരീക്ഷണത്തിന്‍റെ നേര് കാണുകയാണ് കേരളമിപ്പോള്‍. ഇത്രമേല്‍ അമാന്യമായ ഒരു തെരഞ്ഞെടുപ്പ് ഇതിനുമുമ്പ് കേരളം കണ്ടിട്ടില്ല. പ്രചാരണമെന്നത് തേജോവധമത്സരമാണ്. പത്രികാസമര്‍പ്പണത്തിന്‍റെ അവസാന ദിവസത്തേക്ക് കടക്കുമ്പോള്‍ മുസ്​ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റിന്‍റെ നിർമിത ചിത്രത്തോടൊപ്പം ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പിറന്ന് വെറുപ്പ് പ്രചാരണത്തിന് മുന്നില്‍നില്‍ക്കുന്ന ഒരു ചാനലിലൂടെ പുറത്തേക്കു വന്ന അപവാദം കണ്ടില്ലേ? മാന്യതാരഹിത രാഷ്ട്രീയത്തില്‍ കേരളം റെ​േക്കാഡിടുകയാണ്. ഇതിന് വഴിവെച്ചത് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭവിച്ച അരാഷ്ട്രീയവത്കരണമാണ്. ഏറ്റവും രാഷ്ട്രീയപ്രബുദ്ധമായ സംസ്ഥാനം എന്നൊരു പേരുണ്ടായിരുന്നു ഒരിക്കല്‍ കേരളത്തിന്. അതൊക്കെ കൊഴിഞ്ഞ പല്ല് മാത്രമാണ്. രാഷ്ട്രീയത്തിലും വെപ്പുപല്ലുകൊണ്ട് രുചിയോടെ ചവക്കാനാവില്ല.

 

നാം പിന്നോട്ട്!

രാഷ്ട്രീയകേരളം അതിവേഗം പിന്നോട്ടു പോവുകയാണ്. എഴുപതുകള്‍ വരെ എം.എല്‍.എമാരെ ചാടിച്ചെടുക്കലായിരുന്നു ഭരണമാറ്റമുണ്ടാക്കാനുള്ള വിദ്യ. വലിയ ഭൂരിപക്ഷമൊന്നുമില്ലാത്ത മന്ത്രിസഭയാണ് അധികാരത്തിലുള്ളതെങ്കില്‍, അഞ്ചാറ് എം.എല്‍.എമാരെയൊക്കെ മറുകണ്ടം ചാടിച്ചാല്‍ മന്ത്രിസഭ മറിച്ചിട്ട് പുതിയ മന്ത്രിസഭ പടച്ചുണ്ടാക്കാന്‍ കഴിയുമെന്ന് തോന്നിയാല്‍, പ്രതിപക്ഷത്തെ നേതാക്കള്‍ അതിന് തുനിഞ്ഞിറങ്ങും. കാശുകെട്ടുമായി പണച്ചാക്കുകള്‍ മുന്നിലുണ്ടാകും. 1977 വരെയുള്ള രാഷ്ട്രീയയാത്രയില്‍ അത്തരത്തില്‍ പത്തു രംഗങ്ങളെങ്കിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1957ലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗവൺമെന്‍റിന്‍റെ കാലത്തെ ഒരു സംഭവം ‘കേരളരാഷ്ട്രീയം ഒരു അസംബന്ധനാടകം’ എന്ന പുസ്കത്തില്‍: ‘‘ഒരു കമ്യൂണിസ്റ്റ് എം.എല്‍.എയെ വിലക്ക് വാങ്ങാനുള്ള ഗൂഢാലോചനയാണ് അവര്‍ നടത്തിയത്. കുളത്തുങ്കലെ ആ സംഘം കമ്യൂണിസ്റ്റിതര രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് രാഷ്ട്രീയത്തിലൂടെ നിവര്‍ത്തിക്കാന്‍ കഴിയാത്തത് തങ്ങള്‍ക്ക് പണംകൊണ്ട് കഴിയുമെന്നാണ് ആ രാത്രിയില്‍ കണക്കുകൂട്ടിയത്.

നൂറുരൂപ നോട്ടിന്‍റെ കെട്ടുകള്‍ ശ്രദ്ധാപൂർവം എണ്ണി, എല്ലാം ഭദ്രം എന്ന സൂചനയുമായി എത്തുന്ന ഒരു സന്ദേശവാഹകനെയും പ്രതീക്ഷിച്ചാണ് അവര്‍ ഇരിക്കുന്നത്. അർധരാത്രി കഴിഞ്ഞ് ഏതാനും മിനിറ്റുകളായപ്പോള്‍ ഒരു കാർ വീട്ടിലേക്കുവന്നു. സൂചന നല്‍കപ്പെട്ടു. രണ്ടുപേര്‍, അതിലൊന്ന് കുളത്തുങ്കല്‍ പോത്തന്‍തന്നെ, നോട്ടുകെട്ടുകളും ലൈസന്‍സുള്ള തോക്കുമെടുത്ത് അജ്ഞാതമായ കേന്ദ്രത്തിലേക്ക് കാറോടിച്ചുപോയി... ഏകദേശം 45 മിനിറ്റ് കഴിഞ്ഞപ്പോള്‍ രണ്ടാളും മടങ്ങിയെത്തി. അപ്പോള്‍ സമയം ഒരുമണിയോട് അടുത്തിരിക്കുന്നു. ദൗത്യം പരാജയപ്പെട്ടിരിക്കുന്നു! നിർദിഷ്ട സങ്കേതത്തില്‍ എം.എല്‍.എ ഇല്ലായിരുന്നു. പകരം, വേണ്ടിവന്നാല്‍ തല്ലാനും കൊല്ലാനും തയാറെടുത്ത ഒരു സംഘം ആളുകളെയാണ് കാണാന്‍ കഴിഞ്ഞത്.... എം.എല്‍.എയെ അദ്ദേഹത്തിന്‍റെ സഖാക്കള്‍ വളയുകയും പാര്‍ട്ടി ഓഫിസില്‍ കൊണ്ടുപോയി മുറിയിലടക്കുകയും ചെയ്തു.’’

62-64 കാലത്തെ ആര്‍. ശങ്കറിന്‍റെ കോണ്‍ഗ്രസ് മന്ത്രിസഭയെ മറിച്ചിടാന്‍ നടത്തിയ ശ്രമം തറയില്‍ ചെല്ലപ്പന്‍പിള്ള രേഖപ്പെടുത്തുന്നു: ‘‘കക്ഷിമാറുമോ എന്ന് സംശയമുള്ള മെമ്പറന്മാരെ വാച്ചുചെയ്യുന്നതിന് ഇരുഭാഗത്തും ആളുകളെ നിയോഗിച്ചു. മദ്യനിരോധന മേഖലയായ തിരുവനന്തപുരത്ത് ഇന്നത്തേതിലും സുലഭമായി മദ്യം ആ കാളരാത്രിയില്‍ കിട്ടിയിരുന്നു. ഒരു എം.എല്‍.എയെ പെര്‍മിറ്റ് പ്രകാരം മദ്യം വില്‍ക്കുന്ന ഒരു കേന്ദ്രത്തില്‍നിന്നും രണ്ടുപേര്‍ താങ്ങിയായിരുന്നു അന്ദ്രപ്പേറിന്‍റെ കെട്ടിടത്തിലേക്ക് മാറ്റി ഒരു മുറിയില്‍ താമസിപ്പിച്ചത്.’’

എം.എല്‍.എമാരെ കുടിപ്പിച്ചുകിടത്തുന്നതിന്‍റെയും ചാക്കില്‍ കയറ്റുന്നതിന്‍റെയും നിരവധി കഥകളുണ്ട് അക്കാലത്ത്. കാലുമാറ്റ നിരോധന നിയമം വന്നതോടെ അതൊന്ന് ശമിച്ചതാണ്. എന്നാല്‍ നൂലിഴഭൂരിപക്ഷത്തിന് നിലനിന്ന ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലുറപ്പിക്കാന്‍ വേണ്ടി 2012ല്‍ പാറശ്ശാലയിലെ സി.പി.എം അംഗമായ ആര്‍. സെല്‍വരാജിനെ കാലുമാറ്റിയെടുത്ത് എം.എല്‍.എ സ്ഥാനം രാജിവെപ്പിച്ചതോടെ ചാക്കിട്ടുപിടിത്തം തിരിച്ചുവന്നു.

ഭരണപക്ഷത്തെ എണ്ണംകൂടിയില്ലെങ്കിലും പ്രതിപക്ഷത്തെ അംഗസംഖ്യ കുറക്കാനായി എന്നതാണ് സെല്‍വരാജന്‍ ഓപറേഷന്‍റെ വിജയം. എന്തിനും മുതിരുന്ന രാഷ്ട്രീയക്കാരനായ പി.സി. ജോർജായിരുന്നു ആ നീക്കത്തിനു പിന്നില്‍. പോയിപ്പോയി ഇപ്പോള്‍ എം.എല്‍.എമാരെയല്ല, എം.എല്‍.എമാരാകാന്‍ ആഗ്രഹമുള്ളവരെ ചാടിക്കുന്നിടത്താണ് എത്തിനില്‍ക്കുന്നത്. എല്‍.ഡി.എഫില്‍നിന്ന് ചാടിവരുന്ന ആര്‍ക്കും സീറ്റുകൊടുക്കും എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും കൈക്കൊണ്ട നിലപാട്. അങ്ങനെയാണ് അരഡസന്‍ സി.പി.എം നേതാക്കള്‍ യു.ഡി.എഫ് സ്ഥാനാർഥികളായതും അതിന്‍റെ പകുതി മുന്‍ കമ്യൂണിസ്റ്റ് എം.എല്‍.എമാര്‍ ബി.ജെ.പി സ്ഥാനാർഥികളായതും.

ഈ കളിയില്‍ സി.പി.എമ്മിനോടോ എല്‍.ഡി.എഫിനോടോ സഹതപിക്കേണ്ട കാര്യമില്ല. അവരും മോശമായിരുന്നില്ല. പഴയതുപോലെ എളുപ്പത്തില്‍ ആളുകളെ ചാടിക്കാന്‍ പറ്റിയില്ലെന്നു മാത്രം. മലപ്പുറം ജില്ലയിലാണ് സി.പി.എം കാര്യമായി എതിര്‍പക്ഷത്തുനിന്ന് സ്ഥാനാർഥികളെ തപ്പിയിറങ്ങിയത്. അതില്‍ മങ്കട മണ്ഡലത്തില്‍ മാത്രമാണ് ഒരു മുസ്​ലിം ലീഗ് വിമതനെ കിട്ടിയത്. പാര്‍ട്ടി സ്ഥാനാർഥിയായി എം.പി. അലവിയെ പ്രഖ്യാപിച്ച ശേഷമാണ് ലീഗ് വിമതന്‍ കൊത്തിയത്.

പിന്നെ അലിയെ പിന്മാറ്റുകയാണുണ്ടായത്. താനൂര്‍, വള്ളിക്കുന്ന് തുടങ്ങിയ മണ്ഡലങ്ങളിലൊക്കെ മത്സരിക്കാനായി മുസ്​ലിം ലീഗിന്‍റെ പ്രമുഖനേതാക്കളെ സി.പി.എമ്മിന്‍റെ ഇടനിലക്കാരും നേതാക്കളും സമീപിച്ചതാണ്, ആരും തയാറായില്ല. കോണ്‍ഗ്രസില്‍നിന്ന് അടുത്തകാലത്ത് കാലുമാറിയെത്തിയ ആര്‍ക്കും സീറ്റ് കൊടുത്തില്ല എന്നതും ശ്രദ്ധേയമാണ്. ഡോ. സരിന്‍, കെ.പി. അനില്‍കുമാര്‍, ഷാഹിദാ കമാല്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസില്‍ നിന്നാല്‍ എം.എല്‍.എയാകാന്‍ താമസിക്കുമെന്ന് കരുതി സി.പി.എമ്മിനൊപ്പം ചേര്‍ന്നതാണ്. അവരുടെ​െയാന്നും കാഡര്‍ഷിപ് പരിശീലനം തീര്‍ന്നില്ലെന്നുവേണം മനസ്സിലാക്കാന്‍. പാലക്കാട് ഉപതെരഞ്ഞടുപ്പിലെ പ്രകടനം കണക്കിലെടുത്ത് സരിന്‍ സീറ്റ് പ്രതീക്ഷിച്ചെങ്കില്‍ അത് സ്വാഭാവികം പക്ഷേ, പാര്‍ട്ടി ആ പ്രകടനം കണക്കിലെടുത്തില്ല.

എന്‍.ഡി.എയിലെ സ്ഥാനാർഥി നിര്‍ണയം കോമഡിയാണ്. നിന്നനിൽപില്‍ മലക്കംമറിഞ്ഞ് ബി.ജെ.പിയുടെ സഖ്യകക്ഷിയായി മാറിയ ട്വന്‍റി ട്വന്‍റി എന്ന അരാഷ്ട്രീയ പാര്‍ട്ടി സ്ഥാനാർഥികളെ നിശ്ചയിച്ചത് സീരിയലിന് അഭിനേതാക്കളെ നിശ്ചയിക്കുന്ന മാതൃകയിലായിരുന്നു. അതുകൊണ്ടുതന്നെ പലര്‍ക്കും നേരമെത്തിയപ്പോള്‍ വേഷം കിട്ടിയില്ല. വോട്ടര്‍പട്ടികയില്‍ പേരുണ്ടായിരുന്നില്ല. സ്ഥാനാർഥികളായ ചിലര്‍ പറയുന്നത് ബിഗ്ബോസ് പരമ്പര കണ്ടവരൊക്കെ എനിക്ക് വോട്ട് ചെയ്യും എന്നാണ്. അതിന് ആ സ്ഥാനാർഥികളെയോ ആ അരാഷ്ട്രീയ പാര്‍ട്ടിയെയോ കുറ്റംപറയുന്നതില്‍ അർഥമില്ല.

തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം ജനാധിപത്യ ​േകരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് കൊടുത്തതാണെങ്കിലും ആ പാര്‍ട്ടിയുടെ തിരുവനന്തപുരത്തെ ഏക നേതാവ് ആന്‍റണി രാജു നിയമക്കുരുക്കിലാണ് എന്ന് സി.പി.എമ്മിന് അറിയാത്തതല്ലല്ലോ. എന്നിട്ടും അയാള്‍ സുപ്രീംകോടതിവഴി വരുമെന്ന് കാത്തിരിക്കുകയും അവസാനനിമിഷത്തില്‍ സിനിമയില്‍നിന്ന് കരമന സുധീറിനെ ഇറക്കിക്കൊണ്ടുവരുകയും ചെയ്യേണ്ടിവന്നതും ട്വന്‍റി ട്വന്‍റിയുടെ സ്ഥാനാർഥി നിര്‍ണയവും ഏതാണ്ട് ഒരേമാതിരിയാണ്.

 

കോണ്‍ഗ്രസും പിന്നോട്ട്

പ്രഖ്യാപനം താമസിച്ചെങ്കിലും കാര്യമായ വിമതശല്യമില്ലാതെ സ്ഥാനാർഥികളെ രംഗത്തിറക്കി എന്നതില്‍ കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വകയുണ്ടെന്നു തോന്നും പുറത്തുനിന്ന് നോക്കിയാല്‍. ആകപ്പാടെ രണ്ട് വന്‍തോക്കുകള്‍ മാത്രമാണ് സ്വയംനിറയൊഴിക്കാന്‍ സജ്ജമായിനിന്നത്. മുന്‍. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും കെ.പി.സി.സി പ്രസിഡന്‍റാകാന്‍ കാത്തിരിക്കുന്ന അടൂര്‍ പ്രകാശും. രണ്ടു പേരും എം.പിമാരാണ്. പക്ഷേ, കടല്‍ കുതിക്കുന്നു കൈത്തോട്ടിലെത്താന്‍ എന്നതായിരുന്നു ഇരുവരുടെയും മനോഗതി. എം.പിമാരാണെങ്കിലും ഇരുവര്‍ക്കും നിയമസഭയിലേക്ക് മത്സരിക്കണം. എന്നുവെച്ചാല്‍ മന്ത്രിസഭയിലെത്തണം എന്നാണുദ്ദേശ്യം. എം.പിമാര്‍ മത്സരിക്കേണ്ടതില്ല എന്ന് ഹൈകമാൻഡ് പറഞ്ഞപ്പോഴേക്ക് കെ. സുധാകരന്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും 25 മണ്ഡലങ്ങളില്‍ സ്ഥാനാർഥികളെ നിര്‍ത്തുമെന്നും വാര്‍ത്ത വരുകയുമൊക്കെ ചെയ്തു. അതിനു കാരണം സുധാകരനോ കോണ്‍ഗ്രസോ അല്ല, കേരളത്തിന്‍റെയും കോൺഗ്രസിന്‍റെയും രാഷ്ട്രീയചരിത്രം അറിയാത്ത ന്യൂജന്‍ റിപ്പോര്‍ട്ടര്‍മാരുടെ റിപ്പോര്‍ട്ടിങ്ങാണ്. അവരോടാണ് എ.കെ. ആന്‍റണി പറഞ്ഞത്. ‘‘പഴയതൊക്കെ വെച്ചു നോക്കുമ്പോള്‍ ഇതൊക്കെയൊരു പൊട്ടിത്തെറിയാണോ’’ എന്ന്.

ആന്‍റണി പറഞ്ഞ പഴയകഥകളില്‍ ഏറ്റവും രസകരം 2001 ലേതാണ്. കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥി നിര്‍ണയം പൂര്‍ത്തിയായി മണ്ഡലം കിട്ടിയവരൊക്കെ രംഗത്തിറങ്ങിയശേഷം കെ. കരുണാകരന്‍ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എടക്കാട് പ്രഫ. എ.ഡി. മുസ്തഫ, കുന്നംകുളത്ത് എം.എ. ചന്ദ്രശേഖരന്‍, ആറന്മുളയില്‍ മാലേത്ത് സരളാദേവി എന്നിവരാണ് കരുണാകരന്‍റെ നിർദേശപ്രകാരം പത്രിക സമര്‍പ്പിച്ചത്. അവസാനം ആന്‍റണി ഗ്രൂപ്പിന് അവരുടെ സ്ഥാനാർഥികളെ പിന്‍വലിച്ച് കരുണാകരന്‍റെ സ്ഥാനാർഥികളെ അംഗീകരിക്കേണ്ടിവന്നു. രസമതല്ല. ആ മൂന്നുപേരും ജയിച്ചുവരുകയും ചെയ്തു. അതാണ് ആന്‍റണി പറഞ്ഞത്, പഴയ പൊട്ടിത്തെറിയാണ് പൊട്ടിത്തെറി എന്ന്.

എന്നുവെച്ച് കോണ്‍ഗ്രസ് എല്ലാം തികഞ്ഞുനില്‍ക്കുകയാണ് എന്നൊന്നും കരുതണ്ട. കോണ്‍ഗ്രസ് ഇതേവരെ അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സമ്മർദമാണ് ഇത്തവണ സ്ഥാനാർഥി നിര്‍ണയത്തില്‍ അനുഭവിച്ചിട്ടുള്ളത്. മെഡിക്കല്‍ ഭാഷയില്‍ പറഞ്ഞാല്‍ ഹൈപ്പര്‍ ടെന്‍ഷൻ. ജോസഫ് വാഴക്കന്‍ എന്ന പരിണതപ്രജ്ഞനായ നേതാവ്, കൃത്യമായി പറഞ്ഞാല്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെപ്പോലും രാഷ്ട്രീയരംഗത്ത് പിടിച്ചുനിര്‍ത്തിയ പഴയ കേണല്‍, എന്തെങ്കിലും ഉറപ്പുകിട്ടാതെ പ്രചാരണസാമഗ്രികള്‍ തയാറാക്കിവെക്കുമെന്ന് കരുതാനാകില്ലല്ലോ. അങ്ങനെ ഏതെങ്കിലും നേതാക്കള്‍ വാഴക്കനോട് ഒരുങ്ങാന്‍ പറഞ്ഞതിനുശേഷം സീറ്റുകൊടുക്കാന്‍ കഴിഞ്ഞില്ലെന്നു വന്നെങ്കില്‍, ആ സീറ്റുപോലും മറ്റാര്‍ക്കെങ്കിലും കൊടുക്കേണ്ടിവന്നെങ്കില്‍, ആ പാര്‍ട്ടി അനുഭവിക്കുന്ന സമ്മർദം ഊഹിക്കാവുന്നതേയുള്ളൂ. സമുദായസംഘടനകളും മഠങ്ങളും മതസ്ഥാപനങ്ങളും ചെലുത്തിയ സമ്മർദത്തിന്‍റെ അളവ് അറിയാന്‍ കിടക്കുന്നതേയുള്ളൂ.

 

പിണറായി പറഞ്ഞ സത്യം

ഇപ്പോള്‍ ഏറ്റവും സത്യസന്ധമായും യഥാർഥ്യബോധത്തോടെയും രാഷ്ട്രീയം സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ കഴിയുന്നത് മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍ക്ക് മാത്രമാണ്. എ.കെ. ആന്‍റണിയെപ്പോലെതന്നെ ഇതിനിടയില്‍ പിണറായി വിജയനും അത് ചെയ്യുകയുണ്ടായി. പ്രചാരണരംഗത്തിറങ്ങിയതിന്‍റെ ഭാഗമായി അദ്ദേഹം ചാനലുകള്‍ക്ക് നല്‍കിയ ഇന്‍റര്‍വ്യൂ പരമ്പരയുണ്ടല്ലോ. അതില്‍ കണ്ണൂര്‍ പാര്‍ട്ടിയിലുണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ‘‘ടി.കെ. ഗോവിന്ദന്‍ മാസ്റ്ററെപ്പോലുള്ള ഒരു മുതിര്‍ന്നനേതാവ് പോകുന്നത് തടയാനാവുമായിരുന്നില്ലേ?’’ എന്ന ചോദ്യത്തിന് പിണറായി പറഞ്ഞ മറുപടി ശ്രദ്ധിക്കണം. ‘‘അത് കാലത്തിന്‍റെ മാറ്റമായി കണ്ടാല്‍ മതി’’ എന്നാണത്. അതേ ചോദ്യം ആലപ്പുഴ പാര്‍ട്ടിയെപ്പറ്റിയും ജി.സുധാകരനെപ്പറ്റിയും ആയപ്പോള്‍ ‘‘സുധാകരനെപ്പോലൊരു മുതിര്‍ന്ന നേതാവിന്‍റെ ഭാഗത്തുനിന്ന് അങ്ങനെയൊരു നീക്കം നടക്കുമെന്ന് കരുതിയതേയില്ല. ആ നീക്കം അറിഞ്ഞതേയില്ല’’–എന്നാണ് ഉത്തരം. രണ്ടും സത്യസന്ധമാണ്. രണ്ടും വിശകലനം ചെയ്യേണ്ടതാണ്.

കാലത്തിന്‍റെ മാറ്റം എന്നുപറഞ്ഞത് സത്യമാണ്. രാഷ്ട്രീയത്തില്‍ കാലം വല്ലാതെ മാറിയിരിക്കുന്നു. മുമ്പാണെങ്കില്‍ കണ്ണൂര്‍ ജില്ലയില്‍ ടി.കെ. ഗോവിന്ദന്‍ മാസ്റ്ററുടെ പ്രായത്തിലുള്ള ഒരു സി.പി.എം നേതാവ് പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ ആലോചിക്കുകപോലും ചെയ്യുമായിരുന്നില്ല. ഇന്ന് അത് ചെയ്യും. ‘‘എല്ലാവര്‍ക്കും സ്ഥാനവും അധികാരവുമാണ് വലുത്. ഞാന്‍ മാത്രമെന്തിന് മാറിനില്‍ക്കണം’’ എന്ന ചിന്ത എല്ലാ പാര്‍ട്ടികളിലും എല്ലാ മനുഷ്യരിലും എത്തിച്ചിരിക്കുന്നു കാലം. ആ മാറ്റത്തിന്‍റെ ശക്തിയറിയാനുള്ള ഏറ്റവും മികച്ച മാപിനി കണ്ണൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ്. 1971ല്‍ 27ാം വയസ്സിലാണ് അദ്ദേഹം ആദ്യമായി മത്സരിക്കുന്നത്. അന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റാണ്. ഒരിക്കല്‍ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി യോഗം കഴിഞ്ഞ് നേതാക്കളെല്ലാം കൂടിനില്‍ക്കുമ്പോഴാണ് കടന്നപ്പള്ളിയെ ചൂണ്ടി വയലാര്‍ രവി പറയുന്നത് ‘‘നമുക്ക് രാമചന്ദ്രനെ കാസർകോട്ട് നിര്‍ത്താം. എ.കെ.ജിയെ വിറപ്പിക്കാം’’ എന്ന്. അതുകേട്ട കടന്നപ്പള്ളിയുടെ ആദ്യപ്രതികരണം ‘‘അയ്യോ, ഞാനില്ല, ഞാനില്ല, അതിനൊന്നും ഞാനില്ല. തെരഞ്ഞെടുപ്പൊന്നും ശരിയാവില്ല’’ എന്നായിരുന്നു.

ഇപ്പോള്‍ ഈ 81ാം വയസ്സില്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കുന്നത് ശരിയാവില്ല എന്നതാണ് കടന്നപ്പള്ളിയുടെ നിലപാട്. കൂട്ടുകാരനായിരുന്ന എ.കെ. ശശീന്ദ്രനും തുല്യ സന്തോഷവാനാണ് മത്സരിക്കുന്നതില്‍. എഴുപതുകളിലെ രാഷ്ട്രീയത്തില്‍ കടല്‍ക്കിഴവന്മാരെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തുവന്ന യുവതുര്‍ക്കികളുടെ പ്രതീകങ്ങളാണ് ഇരുവരും. ഇപ്പോള്‍ ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടുകഴിഞ്ഞ ഇരുവരും രാഷ്ട്രീയത്തിലെ യുവാക്കളെയാണ് വെല്ലുവിളിക്കുന്നത്. കാലം മാറിയില്ലെന്ന് പറയാനാകുമോ? ഇരുവരെയും സ്വന്തക്കാരായി പരിഗണിച്ച് സ്വന്തം സീറ്റും വോട്ടും കൊടുത്ത് മത്സരിപ്പിക്കുന്ന സി.പി.എമ്മിന്‍റെ സ്ഥാനാർഥികളില്‍ എത്രശതമാനം യുവാക്കളുണ്ട് എന്ന് പരിശോധിക്കേണ്ടത് ഈ സാഹചര്യത്തിലാണ്.

40 വയസ്സില്‍ താഴെയുള്ളവര്‍ പത്തുശതമാനമേയുള്ളൂ. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ബേബിയായിരുന്ന സച്ചിന്‍ദേവ് തന്നെയാണ് ഇപ്പോഴും ബേബി. പിന്നെ, ജി. സുധാകരനെപ്പോലൊരാള്‍ ഇത്രയേറെ എതിര്‍പക്ഷത്തേക്ക് നീങ്ങിയത് അറിഞ്ഞില്ല എന്ന് പിണറായി പറഞ്ഞതും സത്യമാണ്. ആ പാര്‍ട്ടിയുടെ പഴയ അടുക്കുംചിട്ടയുമൊക്കെ കൈമോശം വന്നിരിക്കുന്നു. പാര്‍ട്ടി വേറെ മെംബര്‍ വേറെ എന്നതാണവസ്ഥ. പാര്‍ട്ടി സ്ഥാനാർഥി പട്ടിക വന്നശേഷം ആരോഗ്യപ്രശ്നം കാരണമായിപ്പറഞ്ഞ് മണ്ഡലം സെക്രട്ടറിസ്ഥാനം രാജിവെച്ച പൊന്നാനിയിലെ ടി.എം. സിദ്ദീഖും സി.പി.എമ്മിന്‍റെ പുതിയരീതിയുടെ ഉദാഹരണമാണ്. അതില്‍ എന്താണ് നടക്കുന്നത് എന്ന് നേതൃത്വം അറിയുന്നില്ല. പിന്നെ അനുഭാവികള്‍ എന്ന വംശത്തെപ്പറ്റി പറയാനുണ്ടോ?

കാലത്തിന്‍റെ മാറ്റം ശരിക്കറിയാന്‍ മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്ക് നോക്കണം. കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മുസ്​ലിം രാഷ്ട്രീയ മണ്ഡലത്തിലെ പ്രധാന പാര്‍ട്ടിയായിരുന്നു അവിടെ സി.പി.എം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍. മുസ്​ലിം സമുദായത്തിലെയും മുസ്​ലിം ലീഗിലെയും കോണ്‍ഗ്രസ് മുസ്​ലിംകളിലെയും തൽപരകക്ഷികളെ കണ്ടെത്താനും അവരെ സി.പി.എമ്മിലേക്ക് ആകര്‍ഷിപ്പിക്കാനും മത്സരിപ്പിക്കാനും പ്രത്യേക മിഷന്‍ പ്രവര്‍ത്തിച്ചിരുന്നു. അത് വിജയകരമായി നടപ്പാക്കുകയും ചെയ്തിരുന്നു.

കെ.ടി. ജലീല്‍, പി.ടി.എ. റഹീം, മഞ്ഞളാംകുഴി അലി, റസാഖ് കാരാട്ട്, പി.വി. അന്‍വര്‍, വി. അബ്ദുറഹ്മാന്‍ എന്നിങ്ങനെ ഒരു നിര ‘പുരോഗമന’ എം.എല്‍.എമാരെ അണിനിരത്താന്‍ സി.പി.എമ്മിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇക്കുറി ആ മിഷന്‍ പരാജയപ്പെട്ടു. താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, വള്ളിക്കുന്ന്, മങ്കട, തുടങ്ങിയ മണ്ഡലങ്ങള്‍ ഇരയാക്കി നിരവധി മുസ്​ലിം ലീഗ് നേതാക്കളെ ചൂണ്ടയിട്ടെങ്കിലും ഇക്കുറി ആരും കൊത്തിയില്ല. അതില്‍ കാലത്തിന്‍റെ മാറ്റം മാത്രമല്ല, അന്തരീക്ഷത്തിലെ മാറ്റവുമുണ്ട്. തന്നെയുമല്ല പഴയനിരയില്‍നിന്ന് മഞ്ഞളാംകുഴി അലി, പി.വി. അന്‍വര്‍, കാരാട്ട് റസാഖ് എന്നിവരൊക്കെ സി.പി.എം വിട്ട് മടങ്ങുകയും ചെയ്തു. മുസ്​ലിം ഏകോപനത്തിനായി സി.പി.എം പുറത്തിറക്കിയിരുന്ന ‘മുഖ്യധാര’ എന്ന പ്രസിദ്ധീകരണം നിലച്ചുപോയി. മന്ത്രിയാക്കി പ്രോത്സാഹിപ്പിച്ച വി. അബ്ദുറഹ്മാനും വിഡ്രോവല്‍ സിന്‍ഡ്രോം പ്രകടിപ്പിച്ചുകഴിഞ്ഞു. മത്സരിക്കുന്നില്ല എന്നുപറഞ്ഞ് പിന്മാറിയ മന്ത്രിയെ ഏറെ നിര്‍ബന്ധിച്ചാണ് ഇപ്പോള്‍ രംഗത്തിറക്കിയത്. അതും അബ്ദുറഹ്മാനോട് പാര്‍ട്ടിപറഞ്ഞ സീറ്റിലല്ല. പാര്‍ട്ടിയോട് അബ്ദുറഹ്മാന്‍ പറഞ്ഞ സീറ്റിലാണ് മത്സരം.

 

എന്താണ് അജണ്ട

എന്താണ് മുന്നണികളുടെ തെരഞ്ഞെടുപ്പ് അജണ്ട? എന്താണ് പ്രചാരണ വിഷയം? അത് ഉണ്ടായിവന്നിട്ടുവേണം. ഉണ്ടാക്കിയെടുത്തത് ചീറ്റിപ്പോയി. ആ വഴി ആദ്യം ചിന്തിച്ചതും അത് കണ്ടെത്തിയതും പണം ചെലവാക്കി അത് പ്രചരിപ്പിച്ചതും എല്‍.ഡി.എഫാണ്. ഭരിക്കാന്‍ അവരേയുള്ളൂ എന്നാണ് അത്. ‘ഞങ്ങളല്ലാതെ പിന്നെ ആര്’ എന്ന അഹങ്കാരവാചകം. അതിലപ്പുറം ഒന്നുമില്ല. ‘ഞങ്ങള്‍ക്ക് ഭരിക്കണം’ എന്നല്ലാതെ അതിനപ്പുറം ആ മുദ്രാവാക്യത്തില്‍ ഒന്നുമില്ല. പത്തുവര്‍ഷമായി പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫിന്‍റെ മറുപടി ഊഹിക്കാവുന്നതേയള്ളൂ. ‘ഞങ്ങള്‍ക്കും വേണ്ടേ’ എന്നുമാത്രം.

പ്രചാരവേല എന്ന രാഷ്ട്രീയായുധം ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയാണല്ലോ സി.പി.എം. പത്തുവര്‍ഷമായി മുഖ്യമന്ത്രിയുടെ ഓഫിസില്‍തന്നെ ഒരു ആയുധപ്പുരയുണ്ട്. ഒന്നാംകിട മാധ്യമപ്രവര്‍ത്തകര്‍ നിരന്നിരുന്ന് വേലയെടുക്കുന്ന പ്രചാരണവിഭാഗം. സോഷ്യൽ മീഡിയയില്‍ പൊട്ടിക്കാനുള്ള ഗുണ്ടുകളുണ്ടാക്കുന്നത് അവിടെയാണ്. അടുത്തിടെ പഴയ എ.കെ.ജി സെന്‍ററില്‍ രണ്ടാമതൊരു ഡ്രോണ്‍നിര്‍മാണശാല കൂടി തുറന്നിട്ടുണ്ട്. അത് പാര്‍ട്ടിവക. രാഷ്ട്രീയ ജേണലിസത്തില്‍നിന്ന് വിജയകരമായി പിന്മാറിയ എം.വി. നികേഷ് കുമാറിന്‍റെ നേതൃത്വത്തില്‍. ഇങ്ങനെ രണ്ടു കേന്ദ്രങ്ങളില്‍ ഇരുന്ന് അമ്പതോളം പ്രചാരവേലക്കാര്‍ തലപുകച്ച് ഉണ്ടാക്കിയതാണ് പ്രതിപക്ഷനേതാവ് നുണയനാണ് എന്ന മുദ്രാവാക്യം. രാഹുല്‍ഗാന്ധിക്കെതിരെ മോദി സര്‍ക്കാര്‍ തൊടുത്തുവിട്ട ‘പപ്പു’വിളിയുടെ ബ്ലാക്ക് അൻഡ് വൈറ്റ് ഫോട്ടോസ്റ്റാറ്റാണ് ഈ നുണേശന്‍ വിളി. ഇതൊന്നുംവെച്ച് തെരഞ്ഞടുപ്പിനെ നേരിടാനാവില്ല. അത് ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ എല്‍.ഡി.എഫിന് നല്ലത്. ആ വഴി ആലോചന നടക്കുന്നുണ്ട് എന്നാണറിഞ്ഞത്.

അന്താരാഷ്ട്ര പ്രശസ്തിയുള്ള തന്ത്രജ്ഞരെയും ഏജന്‍സികളെയുമൊക്കെ ഏര്‍പ്പാടാക്കി എന്നു പറഞ്ഞുകേട്ടിരുന്നെങ്കിലും യു.ഡി.എഫില്‍നിന്ന് പ്രചാരണായുധങ്ങളൊന്നും ഇതേവരെ പുറത്തുവന്നിട്ടില്ല. പത്തുകൊല്ലം ഭരിച്ച സര്‍ക്കാറിനെതിരെ ഭരണവിരുദ്ധവികാരം ഉണ്ട് എന്നാണ് യു.ഡി.എഫ് നേതാക്കള്‍ പറയുന്നത്. എന്നിട്ട് അത് കത്തിച്ചുനിര്‍ത്താന്‍ അവര്‍ ഒരു തീപ്പെട്ടിപോലും ഉരക്കുന്നില്ല. നിലവില്‍ ആ ക്യാമ്പില്‍ നിശ്ശബ്ദ പ്രചാരണമാണ്. രാഹുല്‍ഗാന്ധിയുടെ അഞ്ച് ഗാരന്റികൊണ്ട് മാത്രം ഭരണംപിടിക്കാനാകുമെന്ന് തോന്നുന്നില്ല. അതൊക്കെ അടുത്തയാഴ്ച തന്നെ നാലായിരം രൂപവീതം വിതരണം ചെയ്ത് ഭരണപക്ഷം നിര്‍വീര്യമാക്കും. മുമ്പൊക്കെ തെരഞ്ഞെടുപ്പില്‍ ഏറ്റവും പ്രധാനം പ്രകടനപത്രികയായിരുന്നു. അത് ഇരുകൂട്ടരും മറന്നുവെന്ന് തോന്നുന്നു. ഇല്ലെങ്കില്‍ വരുമായിരിക്കും. വരാതിരിക്കില്ല.

എന്‍.ഡി.എ ഉണ്ട്. 35 സീറ്റുകിട്ടിയാല്‍ മന്ത്രിസഭയുണ്ടാക്കാം എന്ന് കണക്കുകൂട്ടി ഇരിക്കുന്ന ബി.ജെ.പിയുടെ മുന്നണി. സത്യത്തില്‍ ഇക്കുറിയും അവരുടെ മത്സരം അക്കൗണ്ട് തുറക്കാനാണ്. അതിന് ആര് സഹായിക്കും എന്നത് അറിയാനിരിക്കുന്നേയുള്ളൂ. പ്രചാരണമൊന്ന് ചൂടായാല്‍ അതറിയാം.

Tags:    
News Summary - Assembly elections and the situation in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-30 02:00 GMT