യാത്ര പോകാൻ പലർക്കും ആവേശമാണ്. എന്നാൽ അത്ര സുഖകരമല്ല ചിലർക്ക് ട്രാവൽ ബാഗ് പാക്ക് ചെയ്യുന്നത്. യാത്രക്ക് തൊട്ടു മുമ്പ് ട്രാവൽ ബാഗ് പാക്ക് ചെയ്യുന്നവർ മുതൽ ദിവസങ്ങൾക്ക് മുമ്പ് തന്നെ ബാഗുകൾ പാക്ക് ചെയ്ത് സെറ്റ് ചെയ്ത് വെക്കുന്നവരും ഇതിലുൾപ്പെടും. പലരും പല രീതിയിലാണ് ട്രാവൽ ബാഗുകൾ പാക്ക് ചെയ്യുന്നത്. എന്നാൽ പാക്കിങ് സ്റ്റൈലിലൂടെ നിങ്ങളുടെ വ്യക്തിത്വം മനസിലാക്കാൻ സാധിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നമ്മൾ ചെയ്യുന്ന യാത്രകളിൽ നമ്മുടെ വ്യക്തിത്വത്തിനെ പറ്റിയുള്ള പല സൂചനകളും ഉണ്ടാകും. ചിലർ എല്ലാം വൃത്തിയായി പാക്ക് ചെയ്ത് വെക്കും. എന്നാൽ ചിലരാകട്ടെ കുത്തി നിറച്ച് വെക്കും.
വിചാരിക്കാത്ത സാധനങ്ങൾ പോലും കൈയ്യിൽ കൊണ്ടു നടക്കുന്നവർ. ഈ രീതിയിൽ പാക്ക് ചെയ്യുന്നവരുടെ സ്യൂട്ട്കേസിൽ അവരുടെ എല്ലാ സാധനങ്ങളും ഉണ്ടാകും. ഇത്തരം യാത്രക്കാർ ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കും. ഇവർ കൂടുതൽ ചിന്തിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യുന്നവരാണ്. എന്നാൽ ഇത്തരം യാത്രക്കാർക്ക് ബാഗേജിന്റെ അധിക ഭാരം കൊണ്ട് ചിലപ്പോൾ എയർപോർട്ടിൽ നിന്നും പണിയും കിട്ടാറുണ്ട്.
ലാസ്റ്റ് മിനിറ്റ് പാക്കിങ് ചെയ്യുന്നവർ പൊതുവെ വിശ്രമിക്കാൻ ഇഷ്ടപ്പെടുന്നവരും ഓരോ കാര്യങ്ങളും പിന്നത്തേക്ക് മാറ്റിവെക്കുന്നവരുമായിരിക്കും. അവശ്യ ഘട്ടങ്ങളിലാണ് ഇവർ ഉണർന്ന് പ്രവർത്തിക്കുന്നത്. അവസാന നിമിഷ യാത്രാ പാക്കിങ്ങിന് വേഗത്തിലുള്ളതും ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ സമീപനം ആവശ്യമാണ്. അവശ്യവസ്തുക്കളുടെ ചെക്ക്‌ലിസ്റ്റ് കൈയ്യിലിലെങ്കിൽ പെട്ട് പോകാനും സാധ്യതയുണ്ട്.
ഈസിയായി പാക്ക് ചെയ്യുന്നതിനെ പറ്റിയുള്ള സകലമാന വിഡിയോസും യൂട്യൂബ് ഷോട്ട്സും കണ്ടു ബാഗ് പാക്ക് ചെയ്യുന്നവരാണ് ഇക്കൂട്ടർ. സ്ഥലം ലാഭിക്കാനും മറ്റും പല വിധത്തിലാണ് ഇവർ പാക്ക് ചെയ്യുന്നത്. ചിലപ്പോൾ വിചിത്രമെന്നും തോന്നിയേക്കാം. ഇവർ ഡിജിറ്റൽ പരിജ്ഞാനമുള്ളവരും പുതിയ ട്രെൻഡുകൾ പരീക്ഷിക്കാൻ താൽപര്യപ്പെടുന്നുവരുമായിരിക്കും.
ചില ആളുകളുണ്ട്, എല്ലാ സാധനങ്ങളും പാക്ക് ചെയ്തിട്ടുണ്ടെന്ന കോൺഫിഡൻസിൽ നിൽക്കുന്നവർ. എന്നാൽ പാതിവഴിയിൽ എത്തുമ്പോഴായിരിക്കും പ്രധാനപ്പെട്ടത് എന്തോ മറന്നിട്ടുണ്ടെന്ന് ഓർമ വരിക. ഇത്തരം ആളുകൾ കാര്യങ്ങൾ പെട്ടെന്ന് മറക്കുന്നവരും ശ്രദ്ധ പോകുന്നവരും ആയിരിക്കും. പൊതുവെ ശാന്തമായ സ്വഭാവമുള്ളവരും പ്രശ്നങ്ങളുണ്ടാകുമ്പോൾ സമ്മർദ്ദമില്ലാതെ അത് കൈകാര്യം ചെയ്യുന്ന വ്യക്തിത്വങ്ങളുമായിരിക്കും.
യാത്രക്ക് ഒരു മാസം മുമ്പ് ബാഗ് പാക്ക് ചെയ്യുന്നവർ അത്രയും ആവേശത്തിലായിരിക്കും യാത്ര പോകാനൊരുങ്ങുന്നത്. ഇവർ പോകുന്നതിന് രണ്ട് ദിവസം മുമ്പ് പെട്ടി സെറ്റാക്കി പോകാൻ തയ്യാറായിട്ടുണ്ടാകും. ഇത്തരം ആളുകൾ ദീർഘവീക്ഷണം ഉള്ളവരും കാര്യക്ഷമതയുള്ളവരുമാണ്. ഓർഗനൈസ്ഡ് ആയിട്ടാണ് എല്ലാം ചെയ്യുന്നത്. ഇവർക്ക് വ്യക്തി ജീവിതവും പ്രൊഫഷണൽ ലൈഫും നല്ല രീതിയിൽ ബാലൻസ് ചെയ്ത് കൊണ്ടുപേകാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.