വേങ്ങത്താനം വെള്ളച്ചാട്ടം
മുണ്ടക്കയം: പാറത്തോട്, പൂഞ്ഞാർ, തിടനാട് പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ മാളിക പ്രദേശത്തെ വേങ്ങത്താനം അരുവി വെള്ളച്ചാട്ടം കാണാനെത്തുന്നവർക്ക് വേലികൾ, വ്യൂ പോയന്റ്, വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങാൻ കവേർഡ് ലാഡർ തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങി.
വെള്ളച്ചാട്ടം ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കണമെന്നും സുരക്ഷിതത്വത്തിന് മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകുകയും തുടർന്ന് ടൂറിസം വകുപ്പ് 28 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ടൂറിസ്റ്റ് കേന്ദ്രത്തിന്റെ പ്രവർത്തനം ജില്ല ടൂറിസം കൗൺസിലിന്റെ സഹകരണത്തോടെ പാറത്തോട് പഞ്ചായത്തിന് കൈമാറുമെന്ന് എം.എൽ.എ അറിയിച്ചു.
നയനമനോഹരമായ 150 അടിയോളം താഴ്ചയിലേക്കുള്ള വെള്ളച്ചാട്ടം, ഉയർന്ന മലനിരയായ കോതചാടിപ്പാറ, പ്രകൃതിദത്തമായ ഗുഹ എന്നിവയൊക്കെ വേങ്ങത്താനം അരുവിയുടെ ആകർഷണങ്ങളാണ്.സഞ്ചാരികൾക്ക് വ്യൂ പോയന്റിൽനിന്ന് ഇവയൊക്കെ കാണാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പൂർത്തീകരിക്കപ്പെട്ട പ്രവൃത്തികളുടെ ഉദ്ഘാടനം 30ന് ഉച്ചക്ക് 2.30ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിൽ നിർവഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. നിർമാണ നിർവഹണ ഏജൻസി സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇഖ്ബാൽ മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.