നെന്മാറയിൽ പൂത്തുലഞ്ഞ വേലക്കാലം

വേലപൂരത്തിൻെറ അഴക് കാണണമെങ്കിൽ നെന്മാറയിൽ പോകണം. നെന്മാറ–വല്ലങ്ങി ദേശങ്ങളുടെ മത്സരപൂരമാണത്. വർഷാവർഷം കേരളത്തിൻെറ നാനാദേശങ്ങളിൽനിന്നും വിദേശികളുമായി പൂരേപ്രമികൾ ഒഴുകിയെത്തുന്ന നാട്. പല വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആദ്യമായാണ് നെന്മാറ–വല്ലങ്ങി ദേശങ്ങളുടെ പൂരവിസ്​മയത്തിൽ ഒരു കണികയായി അലിയാൻ കഴിഞ്ഞത്.

നെന്മാറയിലെ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലാണ് വർഷത്തിലൊരിക്കൽ വേലപൂരവിസ്​മയം പെയ്തിറങ്ങുന്നത്. നെന്മാറ, വല്ലങ്ങി, വിത്തലശ്ശേരി, തിരുവഴിയാട്, അയിലൂർ ദേശങ്ങൾ ചേരുന്ന കുടകരനാട് ഗ്രാമീണതകളുടെ വിസ്​മയം പേറുന്ന ഇടമാണ്. പാലക്കാട് ജില്ലയിൽ നെല്ലിയാമ്പതി മലനിരകളുടെ താഴെയുള്ള കുടകരനാടിൻെറ ആഘോഷത്തിലമർന്നാൽ മീനച്ചൂടിന് പോലും തണുപ്പ് തോന്നും. മീനം ഒന്ന് മുതൽ 20 വരെ നെന്മാറ–വല്ലങ്ങി ദേശക്കാർക്ക്  ഉത്സവങ്ങളുടെ ദിനരാത്രങ്ങളാണ്. ദേശത്തിൻെറ ദേവതയായ നെല്ലിക്കുളങ്ങര ഭഗവതിയെ വണങ്ങുന്ന വേലക്കാലം. പൂരങ്ങളുടെ പൂരം എന്ന് തൃശൂർ പൂരത്തെ പറയുന്നത് പോലെ വേലകളുടെ വേലയാണിത്.

വേലക്കു മുമ്പേ....
 


രാവിലെ 8.30നാണ് നാല് സുഹൃത്തുക്കളോടൊപ്പം പൂരം കാണാൻ യാത്ര തുടങ്ങിയത്. കോഴിക്കോട് നിന്നെത്തിയ രണ്ട് കൂട്ടുകാർ പെരിന്തൽമണ്ണ ടൗണിൽ കാറുമായി കാത്തുനിൽപ്പുണ്ടായിരുന്നു. രാവിലെ നേരത്തേ പുറപ്പെടണം എന്ന് കരുതിയിരുന്നെങ്കിലും കുറച്ച് വൈകിയാണ് വള്ളുവനാടൻ ഗ്രാമീണ ഭംഗി അതിരിടുന്ന പാതയോരത്തുകൂടി യാത്ര തുടങ്ങിയത്. ചെർപ്പുളശ്ശേരി, ഒറ്റപ്പാലം ദേശങ്ങൾ പിന്നിട്ട് പൂരാവേശത്തിൻെറ നാട്ടിലേക്ക്.

ദൂരം ചെല്ലുന്തോറും സമൃദ്ധമായി വിളയുന്ന കൃഷിനിലങ്ങൾ തമിഴ്നാടൻ ഗ്രാമങ്ങളെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. പാടവരമ്പോരത്ത് പലയിടങ്ങളിൽ വരിവരിയായി ഉയർന്നുനിൽക്കുകയാണ് കരിമ്പനകളും ഉയരം കുറഞ്ഞ തെങ്ങുകളും. വഴിയോരത്തു കണ്ട, ഓലമേഞ്ഞ ചെറിയൊരു പച്ചക്കറി കടയുടെ മുന്നിൽ വണ്ടിനിർത്തി. യാത്രക്കിടെ കഴിക്കാൻ നാലഞ്ചു കക്കരിക്ക വാങ്ങി വണ്ടിയിൽ വെച്ചു. ഇരു ഭാഗങ്ങളിലും പാടങ്ങൾ നീണ്ടുകിടക്കുന്ന റോഡിലൂടെ യാത്ര തുടർന്നു.

വഴിയോരക്കാഴ്ചകളിലൊന്ന്
 


കിലോമീറ്ററുകൾ താണ്ടി നെന്മാറയിലെത്തിയപ്പോൾ ഉച്ചയായി. തമിഴ്നാട്ടിലെ ഏതോഗ്രാമത്തിലെത്തിയ പ്രതീതി. റോഡിനിരുവശങ്ങളിലും വഴിവാണിഭക്കാർ സ്​ഥാനം പിടിച്ചിട്ടുണ്ടെങ്കിലും പൂരേപ്രമികൾ എത്തിത്തുടങ്ങുന്നേയുള്ളൂ. യാത്രക്കിടയിൽ വിശപ്പ് കലശലായി ഉണ്ടായിരുന്നെങ്കിലും നെന്മാറയിൽനിന്ന് കഴിക്കാനാണ് പ്ലാനിട്ടത്. നട്ടുച്ചവെയിൽ കത്തിനിൽക്കുന്ന പാതയിലൂടെ ഭക്ഷണം കഴിക്കാൻ നടക്കുന്നതിനിടെയാണ് പൊലീസ്​ സ്​റ്റേഷൻ മുറ്റത്ത് ചെറിയൊരാൾക്കൂട്ടം കണ്ടത്. പൂരത്തിനെത്തിയ പാതയോരകച്ചവടക്കാർക്കും പൂരം കാണാനെത്തിയവർക്കും പൊലീസ്​ ഭക്ഷണം വിളമ്പുകയാണ്. നിരവധി പേർക്കാണ് നെന്മാറ പൊലീസ്​ ഭക്ഷണം വിളമ്പിയത്. പായസവും രസവും സാമ്പാറും പപ്പടവും ആറു തരം കൂട്ടാനുമടക്കം വിഭവസമൃദ്ധമായ സദ്യയൊരുക്കിയ പൊലീസി​​െൻറ മാതൃകാപ്രവർത്തനത്തെ പ്രശംസിക്കാതിരിക്കാനാവില്ല.

വേലയുടെ ആവേശം മൊബൈലിൽ പകർത്തുന്നവർ
 


വയറുനിറയെ ഭക്ഷണം കഴിച്ചതും വെയിലി​​െൻറ കനത്ത ചൂടും കാരണം ഉറക്കം കണ്ണുകളെ അടച്ചുകൊണ്ടിരുന്നു. ഒരടി മുന്നോട്ടു വെക്കാനാവാത്ത അവസ്​ഥ. പൂരപ്പറമ്പിന് കുറച്ചുമാറി ലോഡ്ജിൽ റൂമെടുത്തു. കുളികഴിഞ്ഞ് ക്ഷീണമെല്ലാം മാറിയപ്പോൾ ഒന്നു മയങ്ങി. നാല് മണിക്കുശേഷം ഉണരുമ്പോൾ കാതുകളെ തഴുകി ചെണ്ടമേളത്തി​​െൻറ ഇരമ്പൽ. റൂം വെക്കേറ്റ് ചെയ്ത് പൂരത്തിലേക്ക് നടന്നു. ഉച്ചക്ക് കണ്ട പോലെയല്ല, റോഡ് മുഴുവൻ ജനങ്ങളെ കൊണ്ട് നിറഞ്ഞിട്ടുണ്ട്. നെന്മാറ ദേശത്തിൻെറ പൂരക്കാഴ്ചയിലേക്കാണ് ആദ്യം നടന്നെത്തിയത്. പൂഴി വാരിയിട്ടാൽ നിലത്തുവീഴാത്തത്ര ജനം തിങ്ങിനിറഞ്ഞിരിക്കുന്നു. ഉത്സവപറമ്പുകളിൽ എന്നും മേളത്തിൻെറ താളവും ഭാവവും നിയന്ത്രിക്കുന്നത് അവിടെ തടിച്ചുകൂടിയ പുരുഷാരമാണ്. വായുവിൽ ഉയർന്നുപൊങ്ങുകയും താഴുകയും ചെയ്യുന്ന നൂറുനൂറു കൈകൾ പൂരത്തിനെത്തുന്ന മേളക്കാർക്ക് എന്നും ആവേശം പകരുന്നതാണ്. നെന്മാറയിലെ കാഴ്ചയും മറിച്ചല്ല. തോർത്തുമുണ്ടും ബലൂണുകളും കൈകളും ഉയർത്തി വായുവിൽ താളമിടുകയാണ് പൂരേപ്രമികൾ. ആൾക്കൂട്ടത്തിനിടയിലേക്ക് നൂണ്ടുകയറി നെന്മാറദേശത്തിലൊരാളായി ഞാനും മാറി.


നെറ്റിപ്പട്ടം കെട്ടിയ ചന്തത്തിൽ ചേർന്നുനിൽക്കുകയാണ് ഏഴാനകൾ. ആൾക്കൂട്ടത്തിനിടയിലൂടെ പണിപ്പെട്ട് ക്ഷേത്രമുറ്റത്തെ ആൽത്തറച്ചുവട്ടിലെത്തി. ഇവിടെ പഞ്ചവാദ്യം അരങ്ങു തകർക്കുന്നു. മേളത്തിൻെറ വിസ്​മയത്തിനൊപ്പം നെല്ലിക്കുളങ്ങര ദേവി പുറത്തേക്കെഴുന്നെള്ളി ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിയുന്ന ദിനമാണിന്ന്. മനസ്സിലെ മുഴുവൻ സങ്കടവും ദേവിക്ക് മുന്നിൽ ഇറക്കിവെച്ച് തൊഴുതു വണങ്ങുകയാണ് ദേശക്കാർ. ചെണ്ടക്കോലിൻെറ താളത്തിനൊപ്പം എല്ലായിടത്തും കൈകൾ വാനിലുർന്നു പൊങ്ങുന്ന മനോഹരമായ കാഴ്ച. കൊമ്പും കുഴലും അന്തരീക്ഷത്തിലാകെ തീർക്കുന്ന മാസ്​മരിക സംഗീതം. ആനപ്പുറത്ത് ആലവട്ടവും വെഞ്ചാമരവും പൂത്തിറങ്ങുന്നു. കണ്ണിന് കുളിർമ പകരുന്ന കുടമാറ്റം. പറഞ്ഞറിയിക്കാനാവാത്ത പൂരക്കാഴ്ചകളാണിവിടെ.

രാത്രിയിലെ വെടിക്കെട്ട്
 


പകൽ സന്ധ്യയിലേക്ക് വഴിമാറിയതോടെയാണ് എഴുന്നെള്ളിപ്പിന് സമാപനമായത്. ഇതിനിടെ ഇരുദേശക്കാരുടെയും വൈദ്യുതിയിൽതീർത്ത ദീപവിസ്​മങ്ങൾ തെളിഞ്ഞു. ഇനി നെന്മാറ–വല്ലങ്ങി പൂരത്തിൻെറ വെടിക്കെട്ട് വിസ്​മയമാണ്. ക്ഷേത്രത്തിന് മുന്നിൽ വെള്ളംനിറഞ്ഞുനിൽക്കുന്ന വലിയ കുളത്തിൻെറ പടവിൽ അൽപ്പനേരം വിശ്രമിച്ചു. വെടിക്കെട്ട് കാണാൻ സമീപത്തെ ഏക്കറുകണക്കിന് വയലോരത്ത് ജനം തടിച്ചുകൂടി നിൽക്കുകയാണ്.

കപ്പലണ്ടിയും വാങ്ങി ഞങ്ങൾ വയലിലൂടെ നടന്നു. കൊയ്ത്തൊഴിഞ്ഞ ചെറുകണ്ടങ്ങളിൽ ആളുകൾ വട്ടംകൂടി ഇരിക്കുന്നു. രാത്രിയായതോടെ പലയിടങ്ങളിലായി ട്യൂബ് ലൈറ്റുകൾ തെളിഞ്ഞു. ഉന്തുവണ്ടിയിൽ ഐസ്​ക്രീമും ഇഡ്ഡലിയും കപ്പലണ്ടിയും മറ്റും വിൽക്കുന്ന കച്ചവടക്കാർ, വട്ടം കൂടിയിരുന്ന് ഉച്ചത്തിൽ നാടൻപാട്ടി​​െൻറ ഈരടികൾ ചൊല്ലുന്ന ചെറുപ്പക്കാർ, വയലിലൂടെ നടന്നുനീങ്ങുന്ന ചെറു സംഘങ്ങൾ അങ്ങനെയങ്ങനെ ഒരുപാട് കാഴ്ചകളാണ് ഈ പൂരത്തി​​െൻറ തീരത്ത് കാണാനുള്ളത്. ഒഴിഞ്ഞ ഒരിടം തരപ്പെടുത്തി ഞങ്ങളും നിലത്തിരുന്നു.


വെടിക്കെട്ട് തുടങ്ങാനുള്ള സമയമായപ്പോൾ നൂറുനൂറായിരം കണ്ഠങ്ങളിൽനിന്നുയർന്ന ആരവത്തിനൊപ്പം ഞങ്ങളും എഴുന്നേറ്റുനിന്നു. കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട്. ആദ്യം വല്ലങ്ങി ദേശക്കാരാണ് വർണവിസ്​മയത്തിന് തിരികൊളുത്തിയത്. ആകാശത്തെ നിറമണിയിക്കുന്ന വെളിച്ചത്തിൽ ലയിച്ച് നിൽക്കുന്നതിനിടെയാണ് നെന്മാറക്കാർ തിരികൊളുത്തിയത്. ഫ്ലാഷുകൾ മിന്നുന്ന അനേകം മൊബൈൽ ഫോണുകൾ വയലിൽ മിന്നാമിനുങ്ങുപോലെ ചെറിയ പൊട്ടുകളായി കാണാം. ഇത്തവണ വെടിക്കെട്ടിന് മാറ്റ് കുറഞ്ഞതായി ദേശക്കാർതന്നെ സമ്മതിക്കുന്നു. വർണം പൂത്തിറങ്ങിയ രാത്രിയിലൂടെ വീണ്ടും നടന്നുതുടങ്ങി.


വിശപ്പകറ്റാൻ ചെറിയൊരു തട്ടുകടയിൽനിന്ന് തമിഴ്നാടി​​െൻറ തനത് രുചിയുള്ള ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും ചട്ണിയും കഴിച്ചു. അതിൻെറ രുചി ഇപ്പോഴും നാവിൻതുമ്പിൽനിന്ന് വിട്ടുപോയിട്ടില്ല. കുറച്ചുസമയം കൂടി പൂരപ്പറമ്പിലൂടെ നടന്ന ശേഷം നാട്ടിലേക്ക് മടക്കമാരംഭിച്ചു. വിയർപ്പിൽ കുതിർന്ന ശരീരത്തെ തണുപ്പിക്കാൻ ഒരു കുളി അത്യാവശ്യമായിരുന്നു.

പകുതി ദൂരം പിന്നിട്ട ശേഷം നട്ടപ്പാതിരക്ക് തണുപ്പുള്ള പുഴയിൽ കുളിക്കുക കൂടി ചെയ്തപ്പോൾ ഉൻമേഷം കൂടി. പുഴക്കടവിലിരുന്നാണ് രാവിലെ വാങ്ങിയ കക്കരിക്ക അകത്താക്കിയത്. ഇരുട്ടിനെ പകുത്ത് വള്ളുവനാടൻ ഗ്രാമപാതയിലൂടെ മടക്കം. പൂരം നൽകിയ അനുഭവങ്ങൾ മനസ്സിൽ നിറച്ച് കാത്തിരിക്കുകയാണ് അടുത്ത വർഷം നെന്മാറയിലേക്കുള്ള യാത്രക്കായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT