തെന്നാതെ കയറാം കുയില്‍മലയിലേക്ക്..

എല്ലാ ശനിയാഴ്ചയും പോലെ തന്നെ നാളെ എവിടേയ്ക്ക് എന്ന ചോദ്യവുമായ് കഴിഞ്ഞ ശനിയാഴ്ച വൈകിട്ടും യാത്രയിൽ ഗ്രൂപ്പിന്റെ വാട്ട്സാപ്പ് ഗ്രൂപ്പിൽ സ്ഥിരം യാത്ര ഗ്യാങ് എല്ലാവരും തന്നെ ആക്ടിവായി ചർച്ചയിൽ, അവസാനം തിരുമാനിചുറച്ചു, ഇടക്കി ജില്ലയിലെ പൈനാവിലുള്ള കുയിലിമല വ്യൂ പോയിന്റ്.

ഗ്യാങിൽ ആരും തന്നെ പോകാത്ത സ്ഥലമായതുകൊണ്ടും ഓഫ് റോഡ് ഡ്രൈവ് ആസ്വദിക്കാനും ഏവർക്കും സമ്മതം.ഞായർ രാവിലെ പത്ത് മണിയോടെ മൂവാറ്റുപുഴയിലെ പെരുമറ്റത്ത് നിന്നും രണ്ട് 4 വീൽ ഡ്രൈവ് ജീപ്പുകളും, പത്ത് പേരുമായ് തൊടുപുഴ കൂടി ഇടുക്കി വഴിയിലൂടെ യാത്ര ആരംഭിച്ചു. പോകുന്ന വഴിയിൽ തുമ്പിച്ചി കുരിശ് മലയുടെ താഴെയുള്ള കടയിൽ നിന്നും ഇളനീരും കഴിച്ച് അല്പം വിശ്രമവും കഴിഞ്ഞ് യാത്ര തുടർന്നു. കുളമാവ് ഡാം കഴിഞ്ഞ് വണ്ടി വഴിയരികിലൊതുക്കി റോഡ് മുറിച്ച് കടന്ന് വനമേഖലയിലൂടെ ഡാമിന്റെ സർവേയറിനടുത്തേയ്ക്ക് . 

ആ കാഴ്ച അക്ഷരങ്ങളിലൂടെ വിവരിക്കുക എളുപ്പമാകില്ല.... അന്യ ഭാഷ ചിത്രങ്ങളിലെ ലോക്കെഷൻ പോലെ നല്ല കളർഫുൾ കാഴ്ച. പച്ച നിറത്തിൽ സൂര്യകിരണങ്ങളേറ്റ് തിളങ്ങുന്ന ജലാശയവും,തെളിഞ്ഞ നീലാകാശവും ഹരിതാഭമായ വനമേഖലയും, ജലാശയത്തിനും വനത്തിനുമിടയിൽ അതിർത്തി തീർത്തു കൊണ്ട്  ചെമ്മണ്ണും പാറകളും, കൂട്ടത്തിൽ പക്ഷികളുടെ ഇമ്പമൂറും നാദങ്ങളും എല്ലാം കൂടി ഒരു സ്വപ്നലോകത്തിലെത്തിയപ്പോലെ, അവിടെ ഒരു മണികൂറോളം ചിലവിട്ട് യാത്ര തുടർന്ന് ലക്ഷ്യസ്ഥാനവും പിന്നിട്ട് ചെറുത്തോണിയിലേയ്ക്ക്,  ടീമിലെ പലരും പലപ്പോഴും ഭക്ഷണം കഴിക്കാറുള്ള ബിസ്മില്ല ഹോട്ടലായിരുന്നു അപ്പോഴത്തെ ലക്ഷ്യം.

സ്വാദിഷ്ടമായ ഭക്ഷണം മതിയാവോളം അകത്താക്കി വിണ്ടും തിരിച്ച് പൈനാവിലേയ്ക്ക്. പോരുന്ന വഴി പത്തോളം ബൈക്ക് റൈഡേർസും ഞങ്ങളുടെ വഴിയെ ഉണ്ടായിരുന്നു.  വലത്തു വശം ഒരു ചെറിയ വഴിയിലൂടെ മുകളിലേയ്ക്ക് പൈനാവ് കേന്ദ്രീയ വിദ്യാലയവും കഴിഞ്ഞ് റോഡ് ഇടതു വശത്തേയ്ക്ക് തിരിയുന്നു. പക്ഷെ നമ്മുക്ക് പോകേണ്ടത്. രണ്ടാൾ പൊക്കത്തിൽ വളർന്ന് നിൽക്കുന്ന പുൽ വകഞ്ഞ് മാറ്റി വേണം.

കുണ്ടും കുഴിയും കല്ലും നിറഞ്ഞ പാത കണ്ടെത്തി അഞ്ഞൂറോളം മീറ്റർ സഞ്ചരിച്ച് വേണം ലക്ഷ്യസ്ഥാനത്ത് എത്തിചേരാൻ.വിശാലമായ ഒരു പാറയുടെ അരികെ വഴി അവസാനിക്കുന്നു. അവിടെയെത്തി വളരെ സാഹസികമായി രണ്ട് ജീപ്പുകളും നമ്മുടെ തേരാളികൾ പാറയ്ക്ക് മുകളിലെത്തിച്ച് ഫോട്ടോ സെക്ഷൻ അരംഭിച്ചപ്പോഴേയ്ക്കും വഴിയിൽ വച്ച് കണ്ട ബൈക്ക് ഗ്യാങും എത്തി.

മുഖപുസ്തത്തിലൂടെ മാത്രം കണ്ട് പരിചയമുള്ള സഞ്ചാരി സുഹൃത്തുക്കൾ, പിന്നിട് പരിചയപ്പെടാനും സൗഹൃദം പങ്കുവയ്ക്കാനുള്ള വേദിയായ് ഈ സ്വപ്ന തീരം.വളരെ മനോഹരമായ വ്യു പോയിന്റ് തന്നെയാണ് കുയിലിമല.

അടുത്തു തന്നെ ഭീമാകാരനായ ഒരു പാറ പർവ്വതം,  ചൂറ്റും മറ്റൊരുപാട് മല നിരകൾ, മനോഹരമായ താഴ്വാര കാഴ്ചകൾ, ചെറുത്തോണി ജലസംഭരണിയുടെ ദൂര കാഴ്ച, പിന്നെ ഇടുക്കിയുടെ സ്വന്തം നനുത്ത കാറ്റും. ഇവയെല്ലാം കൂടി ഒരു കൊച്ചു സുന്ദരിയാക്കുന്നു ഈ കുയിലിനെ.
ഈ സമയം ഉച്ചയ്ക്ക് രണ്ടു മണി കഴിഞ്ഞിരുന്നു, സൂര്യൻ ഉച്ചസ്ഥായിയിൽ നിൽക്കുന്നു എന്നിരുന്നാലും വലിയ ചൂട് അനുഭവപ്പെട്ടില്ല. അരമണികൂറോളം ചിലവിട്ട് എല്ലാവരോടും യാത്ര പറഞ്ഞ് ആ മലയിറങ്ങി.

പോയ വഴി തിരികെ പോരുന്ന ഗണത്തിൽ അല്ലാത്തതു കൊണ്ട്, മണിയാറാംകുടിയിലൂടെ കൈതപ്പാറ വഴി വെള്ളൂർ കൂപ്പിന്റെ വന്യ സൗന്ദര്യവും ഒഫ് റോഡിന്റെ വശ്യമനോഹാരിതയും മനസ്സിൽ നിറച്ച് ഉടുമ്പന്നൂരിൽ നിന്നും കോട്ട റോഡ് വഴി, വ്യത്യസ്ഥമാർന്ന  ഒരു പുതിയ യാത്രയും നിശ്ചയിച്ച് ഉറപ്പിച്ച് , ഏട്ട് മണിയോടെ കൂടണഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.