റാസ്അൽഖൈമയിൽ ഉള്ള വാദി നഖബ് ഡാം അതായിരുന്നു എല്ലാവരും കൂടേണ്ട സ്ഥലം, ക്ര്യത്യ സമയത്ത് തന്നെ 25 പേരും അവിടെ എത്തിച്ചേർന്നു... സമയം രാവിലെ 5.30.. വാദി നഖ്ബിൽ നിന്നും കാൽനടയായി 25 പേര്.. ലക്ഷ്യം വാദിഖൂബ് (റെഡ്വാൾ) നടക്കേണ്ട ദൂരം പത്ത് കിലോമീറ്റർ.. ഒരിടത്തും നിരപ്പായ സ്ഥലങ്ങൾ ഇല്ല.. പാറകളും, ചിലയിടങ്ങളിൽ കാൽവെക്കുന്നതിനുള്ള സ്ഥലം മാത്രം. കൈ കയറിൽ നിന്നും വഴുതിയാൽ താഴെ.. താണ്ടുന്ന ഇടങ്ങളിൽ ക്ര്യത്യമായ മാർകിങ് ഉള്ളത് കെണ്ട് മാപ് നോക്കേണ്ട ആവിശ്യം വന്നില്ല. ക്ര്യത്യം നാലു കിലോ ബാഗും, ക്യാമറയും തൂക്കി നടന്നു തുടങ്ങി.
കുത്തനെയുള്ള ചരിവുകളും ചെങ്കുത്തായ പാറകളും നിറഞ്ഞ സാഹസികമായ യാത്ര, അത്ഭുതപെടുത്തിയ മലകളുടെ സൗന്ദര്യം, മാനംമുട്ടെ നിൽക്കുന്ന ചെങ്കുത്തായ പാറകൾക്കു ചുവപ്പുനിറമാണ്. ക്ര്യത്യമായ ധാരണയോടെ പോയാൽ ഒരു കൂട്ടം അത്ഭുതങ്ങൾ നിറഞ്ഞിരിക്കുന്ന മനോഹരമായ സ്ഥലമാണ് റെഡ്വാൾ-വാദിഖൂബ്. ട്രെക്കിങ്ങ് ഇഷ്ടമുള്ളവർക്ക് ഒരു പുതിയ അനുഭവം ആയിരിക്കും. നാല് കിലോമീറ്ററോളം നടന്നാൽ ആദ്യം കാണുന്നത് പ്രകൃതി ദത്തമായ ഒരുഗുഹ ആണ്. യാത്രക്കാർക്ക് ഉള്ളിൽ കടക്കുന്നതിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. പടികൾ കയറി ചെന്നാൽ ഈ ഗുഹയിൽ കയറാം .,.സൂര്യപ്രകാശം പോലും കടക്കാത്ത ഈ ഗുഹക്കുള്ളിൽ നിങ്ങൾക്ക് ഒരു പറ്റം വവ്വാലുകൾ തൂങ്ങിക്കിടക്കുന്നതും തേളുകളെയും കാണാൻ കഴിയും. ഇവയെ ശല്യപെടുത്താതെ വേണം മുന്നോട്ട് നീങ്ങേണ്ടത്.
പിന്നീടുള്ള ഹൈക്കിങ് ട്രയൽ പോയിന്റിൽ എത്തിക്കഴിഞ്ഞാൽ സാഹസികത ഇഷ്ട്ടപെടുന്നവർക്കുള്ള മലകയറ്റം ആരംഭിക്കുകയായി. ചെങ്കുത്തായ പാറകളിൽ പിടിച്ചു കയറിയും , ചിലയിടങ്ങളിൽ കയറുകൾ ഉപയോഗിച്ചും വേണം മുന്നോട്ട് നടക്കുവാൻ. സൂഷ്മത അത്യാവശ്യം വേണം. സ്ഥലങ്ങളെല്ലാം മനോഹരമായ കാഴ്ച്ചകളാൽ സമ്പന്നം. ചിലയിടങ്ങളിൽ പരന്ന പാറകൾ കാണാം.. ഇവയിൽ നമ്മുക്ക് വിശ്രമിക്കുകയും കയ്യിൽ കരുതിയ വെള്ളവും ഭക്ഷണവും കഴിക്കുകയും ചെയ്യുന്നതിനുള്ള ഇടം ആക്കാം. പത്ത് കിലോമീറ്ററുകളോളം പിന്നീടുമ്പോൾ കൗബോയ് സിനിമകളിൽ മാത്രം കണ്ടുശീലിച്ച പാറകൾ നമ്മുക്ക് നാല്ചുറ്റും ഒരു മറപോലെ പൊതിയും. ഇവയുടെ ഉയരവും ചുവന്നനിറവും ആണ് ഈ സ്ഥലത്തെ റെഡ്വാൾ എന്ന് വിളിപ്പേര് വരാൻ കാരണം. സൂര്യകിരണങ്ങൾ മലമുകളിൽ തട്ടുമ്പോൾ ഹിമാലയത്തെ ഓർമിപ്പിക്കുന്ന തരത്തിൽ മുകൾഭാഗം വെളുത്തതും താഴെ ചുവന്നും കാണുന്ന ഈ മലകൾ മനോഹരങ്ങളാണ്.
മഴപെയ്യുന്ന സമയത്ത് ധാരാളം വെള്ളമുള്ളതും അതീവ അപകടകാരിയുമാണ് ഈസ്ഥലം. ഈ കാലാവസ്ഥയിൽ വെള്ളം ഒരുവിധം വറ്റിത്തുടങ്ങിയിരിക്കുന്നു. എങ്കിലും പുറത്ത് എത്ര ചൂട് ആണെങ്കിലും ഇവിടം സുഖകരമായ ഒരു കുളിർമ തങ്ങിനിൽക്കുന്ന ഇടം ആണ്. ഒരിടത്ത് ഒരു പറ്റം ആടുകൾ ചത്തു ജീർണ്ണിച്ചു കിടക്കുന്നതു കണ്ടിരുന്നു, മലമുകളിൽ നിന്നും കാലുതെറ്റി വീണതോ അതോ മഴപെയ്തപ്പോൾ ഉണ്ടായ മലവെള്ളപാച്ചിലിൽ കുടുങ്ങിയതോ ആകാം. പലതും അസ്ഥിമാത്രമായി കഴിഞ്ഞിരുന്നു. അതുപോലെ മറ്റൊരിടത്ത് കറെയേറെ പൂമ്പാറ്റകൾ വെള്ളത്തിൽ ചത്തുകിടക്കുന്നതും കണ്ടിരുന്നു. മഴയ്ക്ക്ശേഷം പറക്കുന്ന സമയത്ത് അറിയാതെ വെള്ളത്തിൽ ചിറകുകൾ മുട്ടുകയും പിന്നീട് പറന്നുയരാൻ കഴിയാതെ അവിടെ തന്നെ ഒടുങ്ങുകയും ചെയ്തതാകാം.
കൂടെയുള്ളവർ എത്താനുള്ള സമയം ആകുന്നതേയുണ്ടായിരുന്നുള്ളൂ. ഈ അവസരത്തിൽ ഒറ്റയ്ക്ക് ഒരു 20 മിനിറ്റോളം ധ്യാനത്തിനു സമാനമായ അനുഭവത്തോടെ ഇവിടെ ഒറ്റക്ക് ഇരിക്കാൻ ഒരു അവസരമുണ്ടായി . മുൻപ് കാടുകളിലൂടെയുള്ള യാത്രയിൽ കാടിനുള്ളിൽ കണ്ണും കാതും തുറന്നുവെച്ച് കാടിനെ അറിയാനുള്ള ധ്യാനനിമഗ്നമായ ആ അനുഭൂതിയുടെ ഒരുപുനരാവിഷ്ക്കരണം ഈ മണലാരണ്യത്തിൽ കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല..അതെ കിളികളുടെ ശബ്ദവും, കാറ്റിന്റെ ചൂളം വിളിയും തണുത്ത അന്തരീക്ഷവും എല്ലാം നുകർന്ന് കണ്ണും കാതും തുറന്നുവെച്ച് തികച്ചും ഏകനായി കുറച്ചുസമയം. തികച്ചും പുതുമയാർന്ന അനുഭവം..കൂടെയുള്ളവർ എത്തുമ്പോഴേക്കും മനസും ശരീരവും പുതിയ ഉന്മേഷം വീണ്ടെടുത്തിരുന്നു. ജീവിതത്തിൽ ചിലസമയങ്ങൾ ഇത്പോലെ ചിലയാത്രകൾ നമ്മുക്ക് മുന്നിൽ ഇട്ടുതരും, അവജീവിതത്തിൽ പിന്നീടുള്ള യാത്രയിൽ മുന്നോട്ട്പോകുവാനുള്ള ഒരു പ്രചോദനവും കരുത്തും ആകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.