നിലമ്പൂർ: ലോക്ഡൗൺ മൂലം വാഹനങ്ങൾ കുറഞ്ഞതോടെ നാടുകാണി ചുരം വനമേഖലയിൽ ജന്തുജാലങ്ങളുടെ സാന്നിധ്യമേറി. പശ്ചിമഘട്ടത്തിൽ മാത്രം കണ്ടുവരുന്ന കാട്ടുപോത്ത്, സിംഹവാലൻ കുരങ്ങ് എന്നിവയും ധാരാളമായി മലയണ്ണാനുകളും ചുരത്തിലെത്തുന്നു.
വംശനാശപട്ടികയിൽ മുൻനിരയിലുള്ള സിംഹവാലൻ കുരങ്ങിെൻറ സാന്നിധ്യം മുമ്പ് ചുരം മേഖലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും ഇടക്കാലത്ത് ഇവയെ കാണാൻ കഴിഞ്ഞിരുന്നില്ല. എല്ലാക്കാലത്തും കായ്കനികൾ ലഭിക്കുന്ന നിത്യഹരിത വനമേഖലയിൽ മാത്രമാണ് ഇവയുടെ സാന്നിധ്യമുണ്ടാവുക.
സിംഹവാലൻ കുരങ്ങുകളുടെ വലിയ കൂട്ടത്തെ പാതയരികിലും മറ്റുമായി ഇപ്പോൾ കാണുന്നുണ്ട്. ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണപ്പെടുന്ന കാട്ടുപോത്തുകളും ചുരം മേഖലയിൽ അപൂർവ കാഴ്ചയല്ലാതായിരിക്കുന്നു. വന്യജീവി സംരംക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽപ്പെട്ടതാണ് കാട്ടുപോത്ത്. അണ്ണാെൻറ വർഗത്തിൽപ്പെട്ട ഏറ്റവും വലിപ്പവും സൗന്ദര്യവുമുള്ള മലയണ്ണാൻ ചുരത്തിലെ നിത്യകാഴ്ചയാണിപ്പോൾ.
ചക്ക, മാങ്ങ, അത്തിക്കായ എന്നിവയും മറ്റു പഴവർഗങ്ങളും പാകപ്പെട്ട സമയമായതിനാലും ആൾപെരുമാറ്റം കുറഞ്ഞതുമാണ് ഇവയെ ആകർഷിക്കാൻ ഇടയാക്കിയതെന്നാണ് വനംവകുപ്പ് പറയുന്നത്. വേനൽ മഴ ചുരത്തിലെ കാട്ടുചോലകളിലെ ഉറവ വറ്റാതെ നിലനിർത്താൻ കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.