മീശപ്പുലിമല കാണാനെത്തുന്നവരെ കബളിപ്പിച്ച് പണപ്പിരിവ്

തൊടുപുഴ: മൂന്നാറിലത്തെുന്ന സഞ്ചാരികളുടെ അജ്ഞത മുതലെടുത്ത് വന്‍ തട്ടിപ്പ്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മീശപ്പുലിമല കാണാനത്തെുന്ന സന്ദര്‍ശകരാണ് കബളിപ്പിക്കപ്പെടുന്നത്. തമിഴ്നാടിന്‍െറ ഭാഗമായ പ്രദേശത്തുകൂടി ചിലര്‍ ആസൂത്രിതമായി സന്ദര്‍ശകരെ കടത്തിവിടുകയും ഇവര്‍ മീശപ്പുലിമലയിലെത്തി കേരളത്തിന്‍െറ വനപാലകരുടെ പിടിയിലാകുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ഷങ്ങളായി ആവര്‍ത്തിക്കുകയാണ്.

കേരള വനംവികസന കോര്‍പറേഷന്‍െറ (കെ.എഫ്.ഡി.സി) നിയന്ത്രണത്തിലാണ് മീശപ്പുലിമല. മലയുടെ അങ്ങേചെരിവ് തമിഴ്നാടിന്‍െറ പ്രദേശങ്ങളാണ്. മൂന്നാറില്‍നിന്ന് സൈലന്‍റ് വാലിയിലെത്തിയാല്‍ പത്ത് കിലോമീറ്റര്‍ ദൂരമുണ്ട് മീശപ്പുലിമലയിലേക്ക്. അഞ്ച് കിലോമീറ്റര്‍ വാഹന സൗകര്യമുണ്ട്. ബാക്കി അഞ്ച് കിലോമീറ്റര്‍ നടക്കണം.മീശപ്പുലിമല സന്ദര്‍ശിക്കാനുള്ള നിയമപരമായ മാര്‍ഗം കെ.എഫ്.ഡി.സിയുടെ പാക്കേജാണ്. രണ്ട് പേര്‍ക്ക് ട്രക്കിങ്, താമസം, മൂന്നുനേരത്തെ ഭക്ഷണം, ഗൈഡിന്‍െറ സേവനം എന്നിവയടങ്ങിയ ഒന്നര ദിവസത്തെ 3500 രൂപയുടെ പാക്കേജാണ് കെ.എഫ്.ഡി.സിക്കുള്ളത്. ഇതിനുള്ള പാസുകള്‍ കെ.എഫ്.ഡി.സിയുടെ മൂന്നാര്‍ ഓഫിസില്‍നിന്ന് വാങ്ങണം.

എന്നാല്‍, തമിഴ്നാട്ടിലെ തേനി ജില്ലയില്‍ ബോഡിനായ്ക്കന്നൂര്‍ താലൂക്കില്‍പ്പെട്ട കൊളുക്കുമലയില്‍നിന്നുള്ള വഴിയിലൂടെ രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മീശപ്പുലിമലയില്‍ എത്താം. മൂന്നാറില്‍നിന്ന് സൂര്യനെല്ലി വഴി കൊളുക്കുമലയിലത്തെുന്ന സന്ദര്‍ശകരാണ് ഇതിന്‍െറ പേരില്‍ കബളിപ്പിക്കപ്പെടുന്നത്. ഇവിടെയത്തെുന്നവര്‍ കൊളുക്കുമല തേയിലത്തോട്ടങ്ങള്‍ കാണാന്‍ നൂറുരൂപയുടെ ടിക്കറ്റ് എടുക്കണം. മീശപ്പുലിമലയിലേക്കുള്ള പ്രവേശപാസല്ലെന്ന് ടിക്കറ്റിന് പിന്നില്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്ത വിധം രേഖപ്പെടുത്തിയിട്ടുല്‍െങ്കിലും ഇക്കാര്യം തോട്ടം അധികൃതര്‍ സന്ദര്‍ശകരോട് വ്യക്തമായി പറയാറില്ല. ഇവിടം കേന്ദ്രീകരിച്ചുള്ള സംഘങ്ങളും സന്ദര്‍ശകരെ ഇവിടെയത്തെിക്കുന്ന ചില സ്വകാര്യ ഏജന്‍സികളും ടാക്സി ഡ്രൈവര്‍മാരും കൊളുക്കുമല വഴി സുഗമമായി മീശപ്പുലിമലയിലത്തൊമെന്ന് വിശ്വസിപ്പിക്കും.

കൊളുക്കുമലയില്‍നിന്ന് നൂറുരൂപയുടെ ടിക്കറ്റെടുത്ത് മീശപ്പുലിമലയിലത്തെുന്നവരെ അതിക്രമിച്ചുകടന്നതിന് കേരളത്തിന്‍െറ വനപാലകര്‍ പിടികൂടുമ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അറിയുക. ഇങ്ങനെയത്തെിയവരുടെ മൊബൈല്‍ ഫോണുകളും മറ്റ് സാധനസാമഗ്രികളും വനപാലകര്‍ പിടിച്ചുവെക്കുകയും പിന്നീട് പിഴയിടാക്കേണ്ടിവരികയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. ഇതിന്‍െറ പേരില്‍ കൊളുക്കുമലയിലെ പ്രവേശ കവാടത്തില്‍ പലതവണ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ തോട്ടം അധികൃതരുടെ ഒത്താശയോടെ കൊളുക്കുമല-മീശപ്പുലിമലയിലേക്കുള്ള എളുപ്പവഴിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. സന്ദര്‍ശകരെ ചൂഷണം ചെയ്യുന്നത് തടയാന്‍ ഇരു സംസ്ഥാനങ്ങളുടെയും അതിര്‍ത്തി വ്യക്തമാക്കി പ്രധാന സ്ഥലങ്ങളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്നതായി കെ.എഫ്.ഡി.സിയുടെ മൂന്നാറിലെ മാനേജര്‍ ജോണ്‍സണ്‍ "മാധ്യമ'ത്തോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.