????????????????? ????????

ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക്...

കുതിരവണ്ടിയും കാളവണ്ടിയും കുടമണികള്‍ കിലുക്കിപ്പായുന്ന, സൂര്യകാന്തിയും ചെണ്ടുമല്ലിയും നിറഞ്ഞുനില്‍ക്കുന്ന, അമ്പാടിപ്പൈക്കളും ആട്ടിടയന്മാരുമുള്ള ഒരു ഗ്രാമം! ലാല്‍ജോസിന്‍െറ ‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന സിനിമയിലെ മനോഹരമായ ഗ്രാമം സങ്കല്‍പത്തില്‍ മാത്രമാണെന്നാണ് തോന്നിയത്. പക്ഷേ, ഗുണ്ടല്‍പേട്ടക്കടുത്തുള്ള അങ്കള ഗ്രാമം കണ്ടപ്പോള്‍ ഞെട്ടിപ്പോയി. വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞിട്ടും ഇവിടെ എല്ലാം അതുപോലെ.ഈ വശ്യമായ സൗന്ദര്യംകൊണ്ടുതന്നെ സിനിമാപ്രവര്‍ത്തകരുടെ ഇഷ്ട ലൊക്കേഷനുംകൂടിയാണ് ഇവിടം.

ഓണക്കാലമായാല്‍  ഗുണ്ടല്‍പേട്ട പതിവിലും സുന്ദരിയാവും. എവിടെയും നിറഞ്ഞുനില്‍ക്കുന്ന ചെണ്ടുമല്ലിയും ജമന്തിയും. നിറഞ്ഞ പൂപ്പാടങ്ങളിലൂടെ ലോറികളിലേക്ക് പൂക്കള്‍ കൊട്ടയിലാക്കി നടന്നുനീങ്ങുന്ന  സ്ത്രീകള്‍. തിരക്ക് കുറഞ്ഞ നാട്ടുവഴികളിലൂടെ കുടമണി കിലുക്കി കടന്നുപോകുന്ന കാളവണ്ടികള്‍, മണ്ണിന് തണല്‍ നല്‍കിക്കൊണ്ട് ഇടക്കിടെ ചില വന്‍മരങ്ങള്‍...

ഓണാവധിക്ക് മലബാറില്‍നിന്ന് ചുരുങ്ങിയ ചെലവില്‍ വിനോദയാത്ര പോകാന്‍ ഏറ്റവും പറ്റിയ സ്ഥലമാണ് ഇവിടം. കോടമഞ്ഞ് നിറഞ്ഞ വയനാടന്‍ ചുരം കയറി, വനസൗന്ദര്യം ആസ്വദിച്ച്, മുത്തങ്ങ കാടുകളുടെ നിഗൂഢത പിന്നിട്ട് മുന്നോട്ടുനീങ്ങുമ്പോള്‍ എങ്ങും വിശാലമായ കര്‍ണാടകന്‍ സൗന്ദര്യമാണ്. ഇവിടെനിന്നും ഏറെ അകലെയല്ല ഗുണ്ടല്‍പേട്ട എന്ന ചെറുപട്ടണം. കൃഷിയും കാലിവളര്‍ത്തലും മുഖ്യജീവിതോപാധിയാക്കിയ ഒരു ജനത. പച്ചക്കറിയും പൂക്കളും പ്രധാന കൃഷി. കേരളത്തിലെ ചെറുനഗരങ്ങളുടെ ആഡംബരംപോലും ഗുണ്ടല്‍പേട്ടക്കില്ല. കര്‍ണാടകയുടെ തെക്കേ അറ്റത്തെ അതിര്‍ത്തി താലൂക്കാണ് ഇത്.

ഗുണ്ടല്‍പേട്ട താലൂക്കിലെ മദൂര്‍ എന്ന ഗ്രാമത്തിലത്തെുന്നതോടെ പൂക്കളുടെ ലോകമായി.  ദേശീയപാതക്ക് ഇരുവശങ്ങളിലുമായി പൂപ്പാടങ്ങള്‍ വര്‍ണം വിതറി  നീണ്ടുനിവര്‍ന്നു കിടക്കുന്നു. വാഹനങ്ങള്‍ നിര്‍ത്തി ആളുകള്‍ പൂപ്പാടങ്ങളിലേക്ക് പോകുന്നു. ചെണ്ടുമല്ലി പുഞ്ചിരിച്ചുനില്‍ക്കുന്ന പാടത്ത് ഫോട്ടോയെടുക്കാനായി ചെന്നപ്പോള്‍ വടിയും കുത്തിപ്പിടിച്ച് പാടത്ത് നില്‍ക്കുന്ന ചേട്ടന്‍ തറപ്പിച്ചൊരു നോട്ടം. മറ്റൊന്നുമല്ല. ഫോട്ടോയെടുക്കണമെങ്കില്‍ കാശ് വല്ലതും കൊടുക്കണം. പണ്ടൊന്നും ഈ പതിവ് ഉണ്ടായിരുന്നില്ല. 30 രൂപയെടുത്ത് നീട്ടിയപ്പോള്‍ മീശക്കാരന്‍ ചേട്ടന് സന്തോഷം. ഇനിയെത്ര ഫോട്ടോ വേണമെങ്കിലും പോയെടുത്തോളൂ എന്ന് കണ്ണുകൊണ്ടൊരു ആംഗ്യം. ഇതിനെവേണമെങ്കില്‍ ഫ്ളവര്‍ ടൂറിസമെന്നും വിളിക്കാം. ഇപ്പോള്‍ ഈ സെല്‍ഫികൊണ്ട് കിട്ടുന്ന തുകയും കര്‍ഷകന് നല്ളൊരു വരുമാനമാര്‍ഗമാണത്രെ.

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഗുണ്ടല്‍പേട്ടയിലെ പൂക്കൃഷി. അത് കഴിഞ്ഞാല്‍ മറ്റു കൃഷികള്‍ ആരംഭിക്കും. ചോളം, തക്കാളി, കാബേജ്, വാഴ, തണ്ണിമത്തന്‍, ബീന്‍സ്, കോളിഫ്ളവര്‍ എന്നിവയെല്ലാമാണ് പ്രധാന കൃഷികള്‍. ഓണക്കാലത്തു മാത്രമാണ് ഇവിടത്തെ പൂക്കള്‍ കേരളത്തിലേക്കത്തെുന്നത്. മറ്റു സമയങ്ങളില്‍ തമിഴ്നാട്ടിലെ പെയിന്‍റ് കമ്പനിക്കാരാണ് പൂക്കള്‍ കൊണ്ടുപോകുക. വളം, വിത്ത്, ചെറിയ സാമ്പത്തികസഹായങ്ങള്‍ എന്നിവ ഇത്തരം പെയിന്‍റ് കമ്പനികള്‍ നല്‍കും. അതുകൊണ്ട് അവര്‍ക്കുതന്നെ പൂക്കള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവും.

ഗുണ്ടല്‍പേട്ടയില്‍നിന്ന് എട്ടു കിലോമീറ്റര്‍ ദൂരെയാണ് അങ്കളയെന്ന ചെറുഗ്രാമം സ്ഥിതിചെയ്യുന്നത്. ഇവിടെയാണ് ക്ഷീരകര്‍ഷകരുടെ ഗ്രാമങ്ങള്‍ കിടക്കുന്നത്. വൈകുന്നേരമായാല്‍ പൈക്കളെയും തെളിച്ചുകൊണ്ടുവരുന്ന കര്‍ഷകരെക്കൊണ്ട് റോഡ് നിറയും. അങ്കളയില്‍നിന്നാണ് ഗോപാല്‍സ്വാമിബേട്ടയിലേക്ക് തിരിയേണ്ടത്. ചെറുഗ്രാമങ്ങളിലൂടെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര. യാതൊരു തിരക്കുമില്ലാതെ പതിയെ നടന്നുനീങ്ങുന്ന  ഗ്രാമീണര്‍, ചെക് പോസ്റ്റിലത്തെിയാല്‍ സ്വകാര്യ വാഹനങ്ങളുടെ യാത്ര അവസാനിപ്പിക്കണം. മലയുടെ മുകളിലേക്ക് കര്‍ണാടകയുടെ കെ.എസ്.ആര്‍.ടി.സി ബസുകളെ ആശ്രയിക്കണം. ഗുണ്ടല്‍പേട്ടയില്‍നിന്ന് 20 കിലോമീറ്ററാണ് ഗോപാല്‍സ്വാമി ബേട്ടയിലേക്ക്. വീതി കുറഞ്ഞ റോഡ്. വളവുകളും തിരിവുകളും കാടുകളും മേടുകളും കടന്ന് മുകളിലത്തെിയാല്‍ ക്ഷേത്രത്തിനടുത്തത്തെും.

തീര്‍ഥാടകരുടെ പ്രധാനപ്പെട്ട പുണ്യസ്ഥലമാണ് 14ാം നൂറ്റാണ്ടില്‍ നിര്‍മിച്ചുവെന്ന് വിശ്വസിക്കുന്ന ഈ ക്ഷേത്രം. മഞ്ചണ്ഡ രാജാവ് സഹോദരങ്ങളായ ശത്രുക്കളെ ഭയന്ന് ഓടിയത്തെി ഈ മലയുടെ മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തത്രെ. ഇതിന്‍െറ വിഷമം തീര്‍ക്കാനാണ് മാധവ ദണ്ഡനായകന്‍ എന്ന മഞ്ചണ്ഡ രാജാവ് ഈ മലയുടെ മുകളില്‍ ദൈവപ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം. ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്കിലെ ഏറ്റവും ഉയരംകൂടിയ ഇടമാണിത്. സ്വര്‍ഗീയ സുഖം പകരുന്ന മലമുകളിലെ കാറ്റേറ്റ് കുറെ നേരം ഇരുന്നു. പിന്നെ മലയിറങ്ങി. ഇവിടെനിന്ന് 10 കിലോമീറ്റര്‍ പരിധിയിലാണ് പ്രശസ്തമായ ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്ക്. സമയമുള്ളവര്‍ക്ക് ഇവിടെയും കയറാം. ബന്ദിപ്പൂരും ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ:

മുത്തങ്ങ വന്യജീവി സങ്കേതം
ജൈവ വൈവിധ്യംകൊണ്ട് അനുഗൃഹീതമായ  മുത്തങ്ങ വന്യജീവി സങ്കേതം കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി കേന്ദ്രമാണ്.കടുവയും ആനയും മാനുമുള്‍പ്പെടെ നിരവധി ജീവികളുടെ വിഹാരകേന്ദ്രമാണിവിടം. കോഴിക്കോട്ടുനിന്ന് വയനാടന്‍ ചുരം വഴി  മൂന്നു മണിക്കൂര്‍ യാത്രചെയ്താല്‍ മുത്തങ്ങയിലത്തൊം. സഞ്ചാരികള്‍ക്ക് കാടുകാണാന്‍ വനംവകുപ്പ് ജീപ്പുസവാരിയും ഒരുക്കുന്നുണ്ട്.

ഗോപാല്‍സ്വാമി ബേട്ട
ഗുണ്ടല്‍പേട്ടയില്‍നിന്ന് 20 കിലോമീറ്ററാണ് ഗോപാല്‍സ്വാമി ബേട്ടയിലേക്ക്.  ബന്ദിപ്പൂര്‍ നാഷനല്‍ പാര്‍ക്കിലെ ഏറ്റവും ഉയരംകൂടിയ ഇടമാണിത്. സ്വര്‍ഗീയ സുഖം പകരുന്ന മലമുകളിലെ കാറ്റേറ്റ് വൈകുന്നേരങ്ങള്‍ ആസ്വാദ്യകരമാക്കാം.14ാം നൂറ്റാണ്ടില്‍ നിര്‍മിച്ചുവെന്ന് വിശ്വസിക്കുന്ന  ക്ഷേത്രവും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ബന്ദിപ്പൂര്‍ ദേശീയോദ്യാനം
പശ്ചിമഘട്ട മലനിരകളില്‍ കര്‍ണാടക-ഊട്ടി-മൈസൂരു ദേശീയ പാതയോടടുത്താണ് 874 ചതുരശ്ര കിലോമീറ്റര്‍ പരന്നുകിടക്കുന്ന ബന്ദിപ്പൂര്‍ ദേശീയോദ്യാനം.  മുത്തങ്ങയില്‍നിന്ന് റോഡുമാര്‍ഗം 60 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇന്ത്യയിലെ പ്രശസ്തമായ  ഈ കടുവസംരക്ഷണ കേന്ദ്രത്തിലത്തൊം. 70ഓളം കടുവകളും മൂവായിരത്തിലധികം ആനകളും ഇവിടെയുണ്ട്. രാവിലെ ആറുമുതല്‍ എട്ടു വരെയും വൈകീട്ട് മൂന്നു മുതല്‍ അഞ്ചു വരെയുമാണ് വന്യജീവികളെ കാണാനുള്ള ജീപ്പുസവാരിയുടെ സമയം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.