സഞ്ചാരികള്‍ക്കായി ആറന്മുള വള്ളസദ്യയെപ്പറ്റി ടൂറിസം ബ്രോഷര്‍

പത്തനംതിട്ട: ആറന്മുള വള്ളസദ്യയുടെ സവിശേഷതകളും വിവരങ്ങളും ഉള്‍പ്പെടുത്തി ടൂറിസം ബ്രോഷര്‍. കലക്ടര്‍ എസ്. ഹരികിഷോറിന്‍െറ നിര്‍ദേശ പ്രകാരം പള്ളിയോട സേവാസംഘത്തിന്‍െറ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) ഉന്നത നിലവാരത്തിലാണ്  ബ്രോഷര്‍ തയാറാക്കിയിട്ടുള്ളത്.
സ്വദേശികളും വിദേശികളുമായ വിനോദ സഞ്ചാരികളെ ആറന്മുളയിലേക്ക് ആകര്‍ഷിക്കാന്‍ തയാറാക്കിയ ബ്രോഷര്‍ രാജ്യത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും ലഭ്യമാക്കും. സമാനതകളില്ലാത്ത ഉത്സവം എന്ന വിശേഷണത്തോടെ അവതരിപ്പിച്ച ആറന്മുള വള്ളസദ്യ, വിഭവങ്ങള്‍, പള്ളിയോടങ്ങള്‍, ആചാരങ്ങള്‍, ചരിത്രം, ഉത്രട്ടാതി ജലമേള, പാര്‍ഥസാരഥി ക്ഷേത്ര ഐതിഹ്യം, ആറന്മുള കണ്ണാടി, വാസ്തുവിദ്യാ ഗുരുകുലം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും ബ്രോഷറിനെ സമ്പന്നമാക്കുന്നു.
പള്ളിയോടത്തിന്‍െറ രൂപത്തില്‍ തൂശനിലയില്‍ വിളമ്പിയ ചോറും തുഴച്ചില്‍കാരുടെ രൂപത്തില്‍ വിളമ്പിയ കറികളും ഉപ്പേരിയും ഉള്‍പ്പെടുന്ന അതിമനോഹരമായ മുഖചിത്രമാണ് ബ്രോഷറിനുള്ളത്.
ജൂലൈ 31 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ നടക്കുന്ന വള്ളസദ്യയില്‍ പങ്കെടുക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍, ആകര്‍ഷകമായ 68 വിഭവങ്ങളുടെ പേരുകള്‍, വള്ളസദ്യയുടെ ചിട്ടകള്‍, ചരിത്രം, പാട്ടിലൂടെ വിഭവങ്ങള്‍ ചോദിക്കുന്ന രീതി, സമയക്രമം, തുഴച്ചില്‍കാര്‍ക്കൊപ്പമിരുന്ന് സദ്യകഴിക്കാം തുടങ്ങിയ വിശദമായ വിവരങ്ങള്‍ ലളിതവും ആകര്‍ഷകവുമായി ഇംഗ്ളീഷില്‍ അവതരിപ്പിച്ചിരിക്കുന്നു.
 പള്ളിയോടങ്ങളുടെ മാതൃകകള്‍, ട്രോഫികള്‍,  പ്രശസ്തരായ അതിഥികളുടെ ചിത്രങ്ങള്‍, വിഡിയോ, ഓഡിയോ റെക്കോഡിങ്ങുകള്‍ തുടങ്ങിയവ അതിഥികള്‍ക്കായി പള്ളിയോട സേവാസംഘം സജ്ജമാക്കിയിട്ടുണ്ട്.
വള്ളസദ്യയില്‍ പങ്കെടുക്കാന്‍ പള്ളിയോട സേവാസംഘം, പാഞ്ചജന്യം, കിഴക്കേനട, ആറന്മുള പി.ഒ, പത്തനംതിട്ട  വിലാസത്തിലോ 0468 2313010  നമ്പറിലോ ബന്ധപ്പെടണം എന്നതുള്‍പ്പെടെ വിനോദസഞ്ചാരികള്‍ അറിയാന്‍  ആഗ്രഹിക്കുന്ന എല്ലാ വിവരങ്ങളും ബ്രോഷറിലുണ്ട്.
വായില്‍ കൊതിയൂറിക്കുന്ന വള്ളസദ്യ വിഭവങ്ങള്‍ എന്ന തലക്കെട്ടില്‍ ചോറു മുതല്‍ നാളികേരം വരെ വള്ളസദ്യയിലെ വിഭവങ്ങളുടെ പട്ടിക പ്രത്യേമായി നല്‍കിയിരിക്കുന്നു.
വിനോദ സഞ്ചാരികള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിച്ചേക്കാവുന്ന വിഭവ സമൃദ്ധമായ വള്ളസദ്യയില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി തയാറെടുക്കണമെന്ന നിര്‍ദേശമുണ്ട്.
ജൂലൈ 31 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ നിശ്ചിത തുക നല്‍കി വള്ളസദ്യ ബുക് ചെയ്യാം.
വള്ളസദ്യക്കുപുറമെ ആറന്മുളയിലെ സാംസ്കാരിക അമൂല്യ സമ്പത്തുകളായ ആറന്മുള കണ്ണാടി, ആറന്മുള പാര്‍ഥസാരഥി ക്ഷേത്രം, വാസ്തുവിദ്യാ ഗുരുകുലം തുടങ്ങിയവയെ കുറിച്ചുള്ള കുറിപ്പുകളും ലഘുലേഖയില്‍ ചേര്‍ത്തിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.