മസ്കത്ത്: ഈ വർഷം അവസാനത്തോടെ രാജ്യത്തെ പൈതൃക, ടൂറിസം മേഖലകൾക്കായി സംയോജിത ഭരണ ചട്ടക്കൂട് നടപ്പാക്കാനൊരുങ്ങി അധികൃതർ.
വിവിധ മന്ത്രാലയങ്ങളുടെയും ഗവർണറേറ്റുകളുടെയും ആസൂത്രണ, വികസന ശ്രമങ്ങളെ ഒരൊറ്റ സംവിധാനത്തിന് കീഴിൽ വിന്യസിക്കുക എന്ന ലക്ഷ്യത്തേടെയാണിത്. കഴിഞ്ഞ മാസം ‘പൈതൃക ഭരണത്തിന്റെയും ടൂറിസം വികസന മാനേജ്മെന്റിന്റെയും വെല്ലുവിളികളെ ഗവർണറേറ്റുകളുമായി ചേർന്ന് പരിഹരിക്കുക’ എന്ന തലക്കെട്ടിൽ നാലു ദിവസത്തെ ദേശീയ ശിൽപശാല നടന്നിരുന്നു. ഇതിനെ തുടർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. ഒമാൻ വിഷൻ 2040 ഇംപ്ലിമെന്റേഷൻ ഫോളോ-അപ്യൂനിറ്റുമായി സഹകരിച്ച് പൈതൃക, ടൂറിസം മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്.
നിർദിഷ്ട ചട്ടക്കൂട് സ്ഥാപനപരമായ ഏകോപനം, റോളുകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കൽ, ഗവർണറേറ്റ് തലത്തിൽ വികസന പദ്ധതികൾ തയാറാക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പൈതൃക, ടൂറിസം പദ്ധതികൾക്കായി ഭൂമി അനുവദിക്കുന്നതിൽ സമവായം ഉണ്ടാക്കാൻ ശ്രമിക്കും. സ്വകാര്യ മേഖലയെയും സിവിൽ സമൂഹത്തെയും ഇടപെടൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ജി.ഡി.പിയിൽ ടൂറിസത്തിന്റെ വിഹിതം 5.3ശതമാനം ആയി ഉയർത്തുക, 12 ശതകോടി റിയാൽ നിക്ഷേപം ആകർഷിക്കുക, ലോക സാമ്പത്തിക ഫോറത്തിന്റെ യാത്ര, ടൂറിസം വികസന സൂചികയിൽ ഒമാന്റെ റാങ്കിങ് മികച്ച 40ൽ എത്തിക്കുക, വിനോദസഞ്ചാരികൾക്കിടയിൽ 80 ശതമാനം സംതൃപ്തി നിരക്ക് കൈവരിക്കുക എന്നിവ ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങളിൽപെട്ടതാണ്. ഇതിനായുള്ള പ്രായോഗിക മാർഗങ്ങൾ ശിൽപ്പശാല ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.