ജമ്മു-കശ്മീർ: ടൂറിസം വരുമാനത്തിലൂടെ ഉയർത്തെഴുന്നേറ്റു വരുന്ന ഒരു നാടിനെ സാമ്പത്തികമായി തകർത്തു കളഞ്ഞിരിക്കയാണ് പഹൽഗാം ഭീകരാക്രമണത്തിലൂടെ കണ്ണിൽ ചോരയില്ലാത്ത ഭീകരന്മാർ. ഏപ്രിൽ 22നായിരുന്നു നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണം. അതുവഴി കശ്മീർ വിനോദ സഞ്ചാരമേഖലയുടെയും അതിലൂടെ ജീവിക്കുന്ന ആയിരക്കണക്കിനു സ്വദേശികളുടെ ശവക്കുഴി തോണ്ടുന്ന കിരാത നടപടിയായിരുന്നു അതിർത്തി കടന്നെത്തിയ ഭീകരന്മാർ ചെയ്തുകൂട്ടിയത്.
വിനോദ സഞ്ചാരികളിൽ ഭീതി വളർന്നതോടെ താഴ്വരയിൽ സൈന്യവും സ്വദേശികളും മാത്രമായി അവശേഷിച്ചു. വർഷങ്ങൾക്കു ശേഷമാണ് മേഖല ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞുവന്നത്.
ഈ ടൂറിസ്റ്റ് സീസണിൽ മാത്രം 5,000-6,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നതായി ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് കശ്മീർ പ്രസിഡന്റ് റൗഫ് ട്രാംബൂ പറഞ്ഞു. ഭീകരാക്രമണത്തിനു ശേഷം ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ബുക്കിങ്ങുകൾ ഏതാണ്ട് പൂർണമായും റദ്ദാക്കപ്പെട്ടു. എന്നാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രതീക്ഷയുടെ ചെറുകിരണം നില നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. വളരെ കുറച്ചാണെങ്കിലും ദക്ഷിണേന്ത്യയിൽ നിന്ന് പുതിയ അന്വേഷണങ്ങൾ ലഭിക്കുന്നുണ്ട്.
കശ്മീരിലെ വിനോദസഞ്ചാര സീസൺ മാർച്ച് പകുതിയോടെ ആരംഭിച്ച് ജൂൺ പകുതി വരെ നീണ്ടുനിൽക്കും. വിനോദ സഞ്ചാരത്തിന്റെ മൂർധന്യത്തിലാണ് ആക്രമണം ഉണ്ടായത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും വേനൽക്കാലത്ത് അവധി പ്രഖ്യാപിക്കും. ആ സമയത്താണ് കശ്മീർ ടൂറിസ്റ്റുകളെ കൊണ്ട് നിറയുന്നത്. ‘സർക്കാരിന്റെ പക്കൽ കൃത്യമായ കണക്കുകൾ ഉണ്ടാകും. എന്നാൽ ബുക്കിങ്ങുകൾ റദ്ദാക്കുന്നതിൽ നിന്നും നമുക്ക് കാണാൻ കഴിയുന്നത് ടൂറിസം 90 ശതമാനം കുറഞ്ഞുവെന്നാണ്. ഏപ്രിൽ അഞ്ചു മുതൽ ജൂൺ പകുതി വരെ ഹൗസ് ബോട്ടുകൾ പൂർണമായും ബുക്കിങ്ങായിരുന്നു. പക്ഷേ ഇപ്പോൾ ഇവിടെ ആരും തന്നെയില്ല’. കശ്മീർ ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് മൻസൂർ അഹമ്മദ് പഖ്തൂൺ പറഞ്ഞു. 49 വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശകർക്ക് അടച്ചിടാനുള്ള സർക്കാർ തീരുമാനം ദുരിതം ഇരട്ടിയാക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
ഗുൽമാർഗ്, സോനാമാർഗ്, പഹൽഗാം എന്നീ മൂന്ന് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഒരു വിനോദസഞ്ചാരി പഹൽഗാമിലേക്ക് പോയാൽ, അയാൾക്ക് ആരു, ബൈസരൻ, ബേതാബ് എന്നീ താഴ്‌വരകളിലേക്ക് പോകാൻ കഴിയില്ല. എൻജിനീയറിങ് ജോലി ഉപേക്ഷിച്ച് വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കാൻ തീരുമാനിച്ച ശ്രീനഗറിലെ താമസക്കാരനായ മുസമിൽ അഹമ്മദ് വാണി തന്റെ കണ്ണീർകഥ മാധ്യമപ്രവർത്തകർക്കു മുന്നിൽ വിവരിക്കുന്നു.
എല്ലാം നിഷ്ഫലമായതിന്റെ ദുഃഖത്തിലാണ് അദ്ദേഹം. ബാങ്ക് വായ്പയെടുത്താണ് ടൂറിസം മേഖലയിൽ നിക്ഷേപിച്ചത്. ബന്ദിപ്പോരിലെ നിയന്ത്രണ രേഖയിലുള്ള മേഖല വിനോദസഞ്ചാരികളാൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ ഇപ്പോൾ അവിടെ ശൂന്യമാണെന്ന് ‘ഗുരേസ് ഇൻ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്’ നടത്തുന്ന മെഹ്മൂദ് അഹമ്മദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.