വാദി ദൈഖ ഡാമിലെ ബോട്ട് സർവിസ്
മസ്കത്ത്: ഒമാൻ ടൂറിസം ഡെവലപ്മെന്റ് കമ്പനി (ഒമ്രാൻ) പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഖുറിയാത്ത് വിലായത്തിലെ വാദി ദൈഖയിലെ ഡാമിൽ ജല- കായിക- സാഹസിക വിനോദങ്ങൾക്ക് തുടക്കംകുറിച്ചു. ആദ്യഘട്ടത്തിൽ ഡോനട്ട് ബോട്ടുകൾ, കയാക്കുകൾ, പെഡൽ ബോട്ടുകൾ, സ്റ്റാൻഡപ് പെഡൽ ബോട്ടുകൾ, മൗണ്ടൻ ബൈക്കിങ് എന്നിവയാണ് ഒരുക്കിയത്. വികസന പദ്ധതിയുടെ ഭാഗമായാണ് പൈതൃക വിനോദസഞ്ചാര മന്ത്രാലയവുമായി സഹകരിച്ച് അടുത്തിടെ വിനോദ ടൂറിസംപദ്ധതിക്ക് തുടക്കമിട്ടത്. സൽമാഹ് ഇന്റർനാഷനലും ഹുസാക്ക് അഡ്വഞ്ചർ സെന്ററും ചേർന്നാണ് സാഹസിക വിനോദത്തിന് നേതൃത്വം നൽകുന്നത്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ച 12 മുതൽ രാത്രി ആറുവരെയാണ് പ്രവേശനം.
മസ്കത്തിലെ വാദീ അദൈയിൽനിന്ന് 90 കിലോമീറ്റർ അകലെയാണ് വാദീ ദൈഖ ഡാം. 120ഓളം വാദികളിൽനിന്നാണ് ഡാമിലേക്ക് വെള്ളം എത്തുന്നത്. ഇതിൽ വർഷത്തിൽ എല്ലാകാലത്തും വെള്ളമുണ്ടാവാറുണ്ട്. അറേബ്യൻ ഉപഭൂഖന്ധത്തിലെ വലിയ ഡാമുകളിൽ ഒന്നാണിത്. ചുറ്റുമുള്ള ഗ്രാമങ്ങളിൽ ജനസേചന പദ്ധതിയായയും മേഖലയെ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിൽനിന്ന് സംരക്ഷിക്കാനും ഡാം സഹായിക്കുന്നു. പ്രത്യേകതരം കല്ലുകൾ ഉപയോഗിച്ചാണ് ഡാം നിർമിച്ചത്. 2012ലാണ് ഡാം തുറന്നത്. ചുറ്റുമുള്ള മലകളിൽനിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം സംഭരിച്ച് ചെറിയ വെള്ളച്ചാട്ടം വഴി താഴെയുള്ള ദൈഖ ഗ്രാമത്തിലേക്ക് ഒഴുക്കുകയായിരുന്നു നിർമാണലക്ഷ്യം. ഈ വെള്ളം ജലസേചനത്തിനും കാർഷികാവശ്യത്തിനും ഉപയോഗിക്കാനായി പുരാതന ജലസേചന സംവിധാനമായിരുന്ന ഫലജുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. എട്ട് കിലോമീറ്റർ ദൈർഘ്യമുള്ള ഡാമിൽ 100 ദശലക്ഷം ഘനമീറ്റർ ജലം ഉൾക്കൊള്ളും. രണ്ട് ഡാമുകൾ ചേർന്നതാണ് ദൈഖ ഡാം. പ്രധാന ഡാമിന് 75 മീറ്റർ ഉയരമുണ്ട്.
രണ്ടമത്തെ ഡാമിന് 48.5 മീറ്ററും. പ്രധാന ഡാമിന് വെള്ളം ഒഴിഞ്ഞുപോവാനുള്ള രണ്ട് ഷട്ടറും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.