പൊള്ളാച്ചി: സാഹസിക വിനോദയാത്രക്ക് വരുന്നവർ പൊലീസിന് തലവേദനയാകുന്നു. വാൽപ്പാറ പ്രദേശത്ത് ദിവസവും നൂറുകണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. വാൽപ്പാറക്ക് ചുറ്റുമുള്ള പ്രകൃതിരമണീയ വിനോദസഞ്ചാര കേന്ദ്രങ്ങൾ കണ്ട് രസിക്കുന്നതിനിടെ മുന്നറിയിപ്പുകൾ അവഗണിക്കുന്നവരുമുണ്ട്. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും അവഗണിക്കുകയാണ്. മലമ്പാതയിലൂടെ വാഹനമോടിക്കുന്നതിനിടെ ഇടക്കുനിർത്തുന്നതും വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതുമെല്ലാം നിരോധിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികളിൽ പലരും ഇത് അവഗണിക്കുകയാണ്.
റോഡിൽ വാഹനങ്ങൾ നിർത്തി ചിത്രമെടുക്കരുതെന്ന് വനംവകുപ്പ് നോട്ടീസ് പതിച്ചിട്ടും സഞ്ചാരികളിൽ ചിലർ ചെവിക്കൊള്ളാത്തതിനാൽ നിയമനടപടി ശക്തമാക്കുകയാണ് വനംവകുപ്പ്. ദിവസങ്ങൾക്കുമുമ്പ് ജലാശയത്തിൽ മുങ്ങി അഞ്ച് വിദ്യാർഥികൾ മരിച്ച സാഹചര്യത്തിൽ വാൽപ്പാറയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജലാശയങ്ങളിലും നദികളിലും കുളിക്കരുതെന്ന അറിയിപ്പ് ബോർഡുകളുണ്ടെങ്കിലും ചിലർ നിരോധനം ലംഘിച്ച് അപകടാവസ്ഥ മനസ്സിലാക്കാതെ കുളിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായും അധികൃതർ പറയുന്നു. കൂടുതൽ ജലാശയങ്ങൾ ഉള്ള സോളയാർ, കരുമല, കരുമല മാതാ കോവിൽ, പച്ചൈ മല എസ്റ്റേറ്റ് പരിസരം, നടുമല പുഴ, മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.