മസ്കത്ത്: തങ്ങളുടെ രാജ്യം നൽകിയ സാധുവായ ലൈസൻസ് ഉപയോഗിച്ച് പ്രത്യേക നിബന്ധനകൾക്ക് വിധേയമായി വിദേശ സന്ദർശകർക്കും ഒമാനിൽ വാഹനമോടിക്കാൻ അനുമതിയുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു. ടൂറിസം അല്ലെങ്കിൽ ട്രാൻസിറ്റ് ആവശ്യങ്ങൾക്കായുള്ള സന്ദർശകർക്ക് മാത്രമായിരിക്കും ഇത് ബാധകം. വിദേശമോ അന്തർദേശീയമോ ആയ ഡ്രൈവിങ് ലൈസൻസ് രാജ്യത്ത് പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസം വരെ സാധുതയുള്ളതായിരിക്കണം.
ഇങ്ങനെ എത്തുന്ന ഏതൊരു സന്ദർശകനും വിദേശ ലൈസൻസ് ഉപയോഗിച്ച് സുൽത്താനേറ്റിൽ പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസം വരെ വാഹനമോടിക്കാമെന്ന് റോയൽ ഒമാൻ പൊലീസിലെ ഉദ്യോഗസ്ഥർ നേരത്തേ അറിയിച്ചിരുന്നു. തീരുമാനം രാജ്യത്തെ ടൂറിസം രംഗത്തിന് ഗുണം ചെയ്യുമെന്നാണ് വിവിധ മേഖലയിലുള്ളവർ പറയുന്നത്.
തീരുമാനം നല്ലതാണെന്നും ഇത് ടൂറിസത്തെയും റെന്റ് എ കാർ വിപണിയെയും പുനരുജ്ജീവിപ്പിക്കുമെന്നും ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നവർ പറഞ്ഞു. സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര ലൈസൻസ് ഉള്ളവർക്കാണ് വാഹനം വാടകക്ക് കൊടുക്കാൻ താൽപര്യമുള്ളതെന്നും റെന്റ് എ കാർ മേഖലയലുള്ളവർ വ്യക്തമാക്കി.
വിശാലമായ ഭൂ പ്രകൃതിയുള്ള ഒമാൻ ചുറ്റിക്കറങ്ങാൻ വിനോദസഞ്ചാരികളെ സഹായിക്കുന്നതാണ് തീരുമാനമെന്ന് ട്രാവൽ മേഖലയിലുള്ളവരും ചൂണ്ടിക്കാണിക്കുന്നു. ഇത് രാജ്യത്തെ സമ്പത്ത് വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്നും ട്രാവൽ ഏജൻസികൾ വ്യക്തമാക്കി.
സുൽത്താനേറ്റിന്റെ റോഡുകൾ സുരക്ഷിതവും ലോകനിലവാരമുള്ളതുമാണെന്ന് ഡ്രൈവിങ് ഇൻസ്ട്രക്ടർമാർ പറഞ്ഞു. ഇത് വിനോദ സഞ്ചാരികൾക്ക് സാഹചര്യങ്ങളുമായി എളുപ്പത്തിൽ പൊരുത്തപ്പെടാൻ സഹായിക്കും. ശൈത്യകാല സീസൺ ആയതോടെ രാജ്യത്തേക്ക് നിരവധി സഞ്ചാരികളാണ് ഒഴുകി കൊണ്ടരിക്കുന്നത്.
ഇവരെ ആകർഷിക്കുന്നതിനായി വിവിധ പരിപാടികളാണ് ഗവർണറേറ്റുകളിൽ ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. ഇത്തരക്കാർക്കെല്ലാം സുൽത്തനേറ്റ് കൺനിറയെ കണാനുള്ള അവസരമാണ് ഈ നീക്കത്തിലൂടെ വന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.