കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ കാഴ്ചകൾ കാണാൻ കിലോമീറ്ററുകളോളം സഞ്ചരിച്ച് തേക്കടിയിലെത്തുന്ന കുടുംബങ്ങൾ അധികൃതരുടെ അനാസ്ഥ കാരണം ബോട്ട് സവാരി നടത്താനാവാതെ മടങ്ങുന്നു. മഹാനവമി ദിനത്തോടനുബന്ധിച്ച അവധി ദിനങ്ങൾ ആഘോഷിക്കാൻ എത്തിയ സഞ്ചാരികളാണ് കെ.ടി.ഡി.സി അധികൃതരുടെ അനാസ്ഥയുടെ ഫലം അനുഭവിച്ചത്.
വൻ തിരക്കുണ്ടായ ഘട്ടത്തിലും 30 പേർക്ക് യാത്ര ചെയ്യാവുന്ന ജലസുന്ദരി ബോട്ട് സഞ്ചാരികൾക്കായി ഓടിക്കാതെ മാറ്റിയിട്ടാണ് അധികൃതർ തന്നിഷ്ടം തുടരുന്നത്.
തടാകത്തിൽ അഞ്ച് തവണയാണ് ബോട്ട് സവാരി ഉള്ളത്. ജലസുന്ദരി സഞ്ചാരികൾക്കായി ഓടിച്ചാൽ 150 പേർക്ക് ഒരുദിവസം യാത്ര ചെയ്യാനാവും. ഇതുവഴി 38,250 രൂപയുടെ വരുമാനം കെ.ടി.ഡി.സിക്ക് ലഭിക്കും. തിരക്കേറിയ ഘട്ടത്തിൽ സർക്കാറിന് ലക്ഷങ്ങളുടെ വരുമാന നഷ്ടം ഉണ്ടാക്കി ബോട്ട് മാറ്റിയിട്ടിരിക്കുന്നത് സഞ്ചാരികളെയാണ് ഏറ്റവും ദുരിതത്തിലാക്കുന്നത്.
കെ.ടി.ഡി.സിയുടെ 120 പേർക്ക് കയറാവുന്ന രണ്ട് ബോട്ടും വനം വകുപ്പിന്റെ 60 പേർക്ക് യാത്ര ചെയ്യാവുന്ന രണ്ടു ബോട്ടും മാത്രമാണ് സർവിസ് നടത്തുന്നത്. കെ.ടി.ഡി.സിയുടെ 120 പേർക്ക് യാത്ര ചെയ്യാവുന്ന ജലരാജ ബോട്ട് വർഷങ്ങളായി വിശ്രമത്തിലാണ്. ഇതിന്റെ അറ്റകുറ്റപ്പണി നടത്താൻ ഇടക്ക് നടപടി ആരംഭിച്ചെങ്കിലും പിന്നീട് നിലച്ചു.
വിനോദസഞ്ചാരികളുടെ വൻ തിരക്ക് തുടരുന്ന തേക്കടിയിൽ 360 പേർക്ക് മാത്രമേ ഒരു പ്രാവശ്യം ബോട്ട് സവാരി നടത്താൻ കഴിയു.
ഒരുദിവസം ആകെ 1800 പേർക്ക് മാത്രമാണ് ബോട്ട് സവാരിക്ക് അവസരം. ഈ സാഹചര്യം മുതലെടുത്താണ് ടിക്കറ്റ് കരിഞ്ചന്ത ലോബി സജീവമാകുന്നത്. 255 രൂപക്ക് ലഭിക്കുന്ന ടിക്കറ്റ് 600-1500 രൂപക്ക് വരെയാണ് പുറത്ത് വിൽക്കുന്നത്.
അധികൃതരുടെ ഒത്താശയോടെയാണ് ടിക്കറ്റുകൾ കരിഞ്ചന്തക്കാർക്ക് ലഭിക്കുന്നത്. തേക്കടിയിലെ കെ.ടി.ഡി.സി ഹോട്ടലുകളിൽ താമസിക്കുന്ന സഞ്ചാരികൾ, ഓൺലൈനിൽ ബുക്ക് ചെയ്തവർ എന്നിവരുടെ പേരിലാണ് കരിഞ്ചന്തക്കാർ ടിക്കറ്റ് കൈക്കലാക്കുന്നത്.
തേക്കടിയിൽ കെ.ടി.ഡി.സി-വനം ബോട്ട് ടിക്കറ്റുകൾക്ക് രണ്ട് ക്യൂവും രണ്ട് കൗണ്ടറുമാണുള്ളത്. എന്നാൽ, ഒത്തുകളിയുടെ ഭാഗമായി കുറച്ചുപേരെ മാത്രം ഒരു ക്യൂവിൽ നിർത്തിയ ശേഷം മറ്റുള്ളവരെ ക്യൂവിൽ നിർത്താതെ നീക്കുന്നതാണ് ഇപ്പോഴത്തെ രീതി.
ഓരോ ട്രിപ്പിന്റെയും ഓൺലൈൻ ഒഴികെയുള്ള ടിക്കറ്റുകൾ ബോട്ട് സവാരി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് നൽകേണ്ടത്. എന്നാൽ, വൈകീട്ട് 3.30 വരെയുള്ള ടിക്കറ്റുകൾ രാവിലെ 11ന് തീരുന്ന ‘രീതി’യാണ് ഇരു ടിക്കറ്റ് കൗണ്ടറിലും തുടരുന്നതെന്ന് സഞ്ചാരികൾ പറയുന്നു.
ബോട്ട് ടിക്കറ്റ് തീർന്നെന്ന പേരിൽ ഉച്ചക്ക് മുമ്പ് സഞ്ചാരികളെ ഒഴിപ്പിക്കുന്നത് തേക്കടിയിലെത്തിയവരെ നിരാശരാക്കുന്നു.
തേക്കടിയിലെ ഓരോ ട്രിപ്പിലെയും ബോട്ട് ടിക്കറ്റുകളുടെ എണ്ണം, ഓൺലൈൻ, ഹോട്ടൽ സഞ്ചാരികളുടെ ടിക്കറ്റ് സംബന്ധിച്ച വിവരം, ടിക്കറ്റ് നിരക്ക് എന്നിവ പ്രദർശിപ്പിക്കണമെന്നത് ഏറെ കാലമായുള്ള ആവശ്യമാണ്. എന്നാൽ, കരിഞ്ചന്തക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമായി പല കാര്യങ്ങളിലും ഹൈടെക്കായ തേക്കടിയിൽ ഇക്കാര്യം മാത്രം നടപ്പാക്കാൻ വനം, കെ.ടി.ഡി.സി വകുപ്പുകൾ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.