മലനിരകളിലെ മഞ്ഞ് മൂടിയ ദുർഘട പാതയിലൂടെയുള്ള യാത്ര എതൊരാളുടെയും പേടി സ്വപ്നമാണ്. പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാനായി അപകട വഴികളിലൂടെ സാഹസിക യാത്ര ചെയ്യുന്നവരും നിരവധിയാണ്. എന്നാൽ സാഹസികപ്രേമികൾ വരെ പേടിക്കുന്ന യാത്രകളുണ്ടെങ്കിലോ? ലോകത്തിലെ മികച്ച ഡ്രൈവർമാർ പോലും കാരക്കോറം ഹൈവേയിലെത്തിയാൽ ഒന്നുപതറിപ്പോവും.
ലോകത്തിലെ ഏറ്റവും അപകടകരമായ റോഡ് എന്നാണ് കാരക്കോറം ഹൈവേ അറിയപ്പെടുന്നത്. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള അന്താരാഷ്ട്ര ഹൈവേയാണിത്. ഇന്ത്യ-ചൈന-പാകിസ്താൻ രാജ്യങ്ങളുടെ അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന കാരക്കോറം മലനിരകൾക്കിടയിലൂടെയാണ് ഈ ഹൈവേ നിർമിച്ചിട്ടുള്ളത്. ചൈനയേയും പാകിസ്ഥാനേയും കാരക്കോറം ബന്ധിപ്പിക്കുന്നു. 15,466 ഉയരത്തിൽ നിൽക്കുന്ന ഹൈവേയിലെ കൊടും വളവുകളും ഇരുവശങ്ങളിലുമായുള്ള വലിയ കൊക്കകളും ഇതിലൂടെയുള്ള യാത്ര ദുഷ്കരമാക്കുന്നു.
എൻ.എച്ച് -35 എന്നറിയപ്പെടുന്ന കാരക്കോറം ഹൈവേ 1300 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നു. ഗിൽജിത്ത്- ബാൽട്ടിസ്ഥാനെയും ചൈനയുടെ സിൻജിയാങ് ഉയ്ഗൂർ സ്വയംഭരണ പ്രദേശത്തെയും ഹൈവേ ബന്ധിപ്പിക്കുന്നു.
ഹൈവേയുടെ ഉയർന്ന ഉയരവും പ്രതികൂല കാലാവസ്ഥയും കാരണം പലപ്പോഴും വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടാണ്. 1978-ൽ ഈ ഹൈവേ പൊതുജനങ്ങൾക്കായി തുറന്നതുമുതൽ 1,000ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. തെന്നുന്ന റോഡുകൾക്കും മഞ്ഞുവീഴ്ചയ്ക്കും പുറമേ, മണ്ണിടിച്ചിൽ ഭീഷണിയും ആളെക്കൊല്ലി റോഡ് എന്ന വിശേഷണം കാരക്കോറം ഹൈവേക്ക് നൽകുന്നതിന് പ്രധാനകാരണമായി. ഹൈവേയിൽ തടസ്സങ്ങളും അപകടങ്ങളും നിത്യസംഭവമായതിനാൽ വൈദഗ്ധ്യമുള്ള ഡ്രൈവർമാർ മാത്രമേ ഇതിലൂടെ യാത്രചെയ്യാറുള്ളൂ.
എന്നാൽ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് കാരക്കോറം ഹൈവെ. വസന്തകാലത്തോ ശരത്കാലത്തിന്റെ തുടക്കമോ ആണ് ഹൈവേയിലൂടെ യാത്ര ചെയ്യുന്നത് അനുയോജ്യമായ സമയം. എന്നാൽ ശൈത്യകാലത്ത് കനത്ത മഞ്ഞുവീഴ്ച കാരണം ദീർഘകാലത്തേക്ക് ഹൈവേ അടച്ചിടാറുണ്ട്.
1959 ൽ ചൈനയുടെയും പാക്കിസ്ഥാന്റെയും നയതന്ത്ര ബന്ധങ്ങളുടെ ഭാഗമായാണ് കാരക്കോറം ഹൈവേയുടെ നിർമാണം ആരംഭിക്കുന്നത്. 20 വർഷത്തോളം നീണ്ട പരിശ്രമത്തിലൂടെയാണ് ഇരുരാജ്യങ്ങളും ഈ അത്ഭുത നിർമിതിയുടെ പണിപൂർത്തിയക്കിയത്. എന്നാൽ നിർമാണത്തിനിടെ നിരവധി പാകിസ്താൻ തൊഴിലാളികൾക്കും ചൈനീസ് തൊഴിലാളികൾക്കും ജീവൻ നഷ്ടപ്പെട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.