ഈഫൽ ടവറിന്റെ ഉയരം 20 അടി വർധിച്ചു; കാരണമിതാണ്

ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിന്റെ മുഖമുദ്രയാണ് ഈഫൽ ടവർ. നൂറ്റാണ്ട് പഴക്കമുള്ള ഈ ഗോപുരം കാണാൻ ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഓരോ വർഷവും എത്താറ്.

കഴിഞ്ഞദിവസം ഈ ടവറിൽ ഒരു അസാധാരണ സംഭവം നടന്നു. ടവറിന്റെ ഉയരം 20 അടി കൂടിയിരിക്കുന്നു. ഏറ്റവും മുകളിൽ പുതിയ ഡിജിറ്റൽ റേഡിയോ ആന്റിന സ്ഥാപിച്ചതാണ് ഈ മാറ്റത്തിന് കാരണം. ഇപ്പോൾ ഗോപുരത്തിന്റെ ഉയരം 330 മീറ്ററാണ്.

മാർച്ച് 15ന് ഒരു ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണ് എഞ്ചിനീയർമാർ പുതിയ ഡിജിറ്റൽ ഓഡിയോ ആന്റിന സ്ഥാപിക്കുന്നത്. തൽക്ഷണം ടവറിന്റെ ഉയരം വർധിക്കുകയും ചെയ്തു. നിരവധി സഞ്ചാരികൾ ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.

ഇതിന്റെ തത്സമയ സംപ്രേഷണവുമുണ്ടായിരുന്നു. പത്ത് മിനിറ്റ് കൊണ്ടാണ് തൊഴിലാളികൾ ആന്റിന ഇതിന് മുകളിൽ സ്ഥാപിച്ചത്.

ശാസ്ത്രീയമായ ഈ പുരോഗതി ഗോപുരത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്ന് ഈഫൽ ടവർ കമ്പനിയുടെ പ്രസിഡന്റ് ജീൻ ഫ്രാങ്കോയിസ് മാർട്ടിൻസ് പറഞ്ഞു. 'ഇത് ചരിത്ര നിമിഷമാണ്. ഈഫൽ ടവറിന്റെ ഉയരം വർധിച്ചിരിക്കുന്നു. ഇത് അത്ര സാധാരണമല്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റേഡിയോ കണ്ടുപിടിച്ചത് മുതൽ ഇപ്പോൾ വരെ ഈഫൽ ടവർ എല്ലാ റേഡിയോ സാങ്കേതിക വിദ്യയുടെയും പങ്കാളിയായിട്ടുണ്ട്' - മാർട്ടിൻസ് കൂട്ടിച്ചേർത്തു.

19-ാം നൂറ്റാണ്ടിൽ പ്രശസ്ത വാസ്തുശില്പിയായ ഗുസ്താവ ഈഫലാണ് ഈ ടവർ നിർമിക്കുന്നത്. 1889 മാർച്ച് 31ന് ഇതിന്റെ ഉദ്ഘാടനം നടന്നു. അക്കാലത്ത് മുകളിൽ സ്ഥാപിച്ചിരുന്ന പതാകയടക്കം 1024 അടി (312.27 മീറ്റർ) ഉയരമുണ്ടായിരുന്നു ഇതിന്. 1931 വരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത ഘടനയായിരുന്ന ഈഫൽ ടവർ.

1991ൽ റേഡിയോ സം‌പ്രേഷണത്തിനുള്ള ആന്റിന സ്ഥാപിച്ചപ്പോൾ ഉയരം 317.96 മീറ്ററായി. 2000ലെ കണക്കനുസരിച്ച് ഉയരം 324 മീറ്ററായിരുന്നു.

ഇരുമ്പ് ലാറ്റിസ് കൊണ്ട് നിർമിച്ച ഈ ടവർ ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. കൂടാതെ, ഒരു നൂറ്റാണ്ടിലേറെയായി വിവിധതരം പ്രക്ഷേപണങ്ങൾക്കും ഈ ടവർ ഉപയോഗിക്കുന്നു. അടുത്തിടെ ടവറിലുള്ള നിരവധി പഴയ ആന്റിനകൾ മാറ്റിസ്ഥാപിച്ചിരുന്നു.

Tags:    
News Summary - The height of the Eiffel Tower increased by 20 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.