ഹരിത റെയിൽവേയിലേക്ക് ഇന്ത്യ; ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ സർവീസ് ഹരിയാനയിൽ നിന്ന് ആരംഭിച്ചു. ജിന്ദ്-സോനിപത് റൂട്ടിൽ സർവീസ് നടത്തുന്ന ട്രെയിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. ഇതോടൊപ്പം രണ്ട് പുതിയ ട്രെയിൻ സർവീസുകളുടെ ഉദ്ഘാടനവും അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരിച്ച 75 റെയിൽവേ സ്റ്റേഷനുകളുടെ സമർപ്പണവും നടന്നു.

പരമ്പരാഗത ഡീസൽ എൻജിനുകൾക്ക് പകരമായി ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യയിലാണ് ഈ ട്രെയിൻ പ്രവർത്തിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യയാണിത്. കാർബൺ പുറന്തള്ളൽ പൂർണ്ണമായും ഒഴിവാക്കാനും ജലബാഷ്പവും ചൂടും മാത്രം പുറന്തള്ളാനും സഹായിക്കുന്നതാണ് ഈ സംവിധാനം. റെയിൽവേയുടെ ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനൊപ്പം ഗതാഗത മേഖലയെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

വടക്കൻ റെയിൽവേയുടെ കീഴിലുള്ള ജിന്ദ്-സോനിപത് റൂട്ടിൽ ദിവസേന രണ്ട് റൗണ്ട് ട്രിപ്പുകളിലായി 356 കിലോമീറ്ററാണ് ട്രെയിൻ സഞ്ചരിക്കുക. മണിക്കൂറിൽ 75 മുതൽ 120 കിലോമീറ്റർ വരെ വേഗതയുള്ള ട്രെയിനിൽ രണ്ട് ഡ്രൈവിങ് പവർ കാറുകളും എട്ട് പാസഞ്ചർ കോച്ചുകളും ഉൾപ്പെടെ 10 കോച്ചുകളാണുള്ളത്. ഒരേസമയം 2,600 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഈ സർവീസ് ജിന്ദ് സിറ്റി, പാണ്ഡു പിന്ദാര, ലളിത് ഖേര, ഭാംബേവ, ഇഷാപൂർ ഖേരി, ബുട്ടാന, ഖന്ദ്രായി, ഗൊഹാന, റബ്ര, ലാത്ത്, മോഹന, ബർവാസ്നി എന്നീ സ്റ്റേഷനുകളിൽ നിർത്തിയ ശേഷമായിരിക്കും സോണിപതിൽ യാത്ര അവസാനിപ്പിക്കുക.

Tags:    
News Summary - India towards Green Railway; PM to flag off the country's first hydrogen train today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.