2019-ൽ തുടക്കം കുറിച്ചതിനുശേഷം ഇന്ത്യയിലെ വന്ദേ ഭാരത് എക്സ്പ്രസ് ശൃംഖല വൻ വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്. വേഗതയിൽ മുന്നിൽ നിക്കുന്ന ഈ ട്രെയിനുകൾ രാജ്യത്ത് ദീർഘദൂര യാത്രകളുടെ മുഖച്ഛായ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഇന്ന് 650 കിലോമീറ്ററിലധികം ദൂരമുള്ള നിരവധി റൂട്ടുകളിൽ വന്ദേ ഭാരത് സർവീസ് നടത്തുന്നുണ്ട്. യുനെസ്കോ പൈതൃക കേന്ദ്രങ്ങൾ, ചരിത്രപ്രസിദ്ധമായ ആരാധനാലയങ്ങൾ, മനോഹരമായ ബീച്ചുകൾ, മലയോര വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയെല്ലാം ബന്ധിപ്പിക്കുന്ന ഈ സർവീസുകൾ യാത്രക്കാർക്ക് പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും ദൂരം കൂടിയ പ്രധാന വന്ദേ ഭാരത് റൂട്ടുകൾ താഴെ പറയുന്നവയാണ്:
അജ്നി (നാഗ്പൂർ) - പൂനെ (ദൂരം: 881 കി.മീ): നിലവിൽ ഇന്ത്യയിലെ ഏറ്റവും ദൂരം കൂടിയ വന്ദേ ഭാരത് റൂട്ടാണിത്. വാർധ, ബദ്നേര, അകോല, ഭുസാവൽ, ജൽഗാവ്, മൻമാഡ്, കോപ്പർഗോൺ, അഹമ്മദ്നഗർ, ദൗണ്ട് തുടങ്ങിയ പ്രധാന സ്റ്റേഷനുകൾ പിന്നിട്ടാണ് ട്രെയിൻ പൂനെയിൽ എത്തിച്ചേരുന്നത്. മഹാരാഷ്ട്രയുടെ കിഴക്കൻ, പടിഞ്ഞാറൻ ഭാഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ഈ സർവീസിനായിട്ടുണ്ട്. ലോണാവാല, ലവാസ, സിൻഹഗഡ് കോട്ട തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള പ്രധാന പ്രവേശന കവാടം കൂടിയാണ് പൂനെ.
ന്യൂഡൽഹി - വാരാണസി (ദൂരം: 759 കി.മീ): വന്ദേ ഭാരത് ശൃംഖലയിലെ ഏറ്റവും ജനപ്രിയവും ആദ്യകാല സർവീസുകളിൽ ഒന്നുമാണിത്. രാജ്യതലസ്ഥാനത്തെയും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നിനെയും ഇത് ബന്ധിപ്പിക്കുന്നു. കാൺപൂർ, പ്രയാഗ്‌രാജ് എന്നിവിടങ്ങളിൽ സ്റ്റോപ്പുള്ള ഈ ട്രെയിൻ കാശി വിശ്വനാഥ ക്ഷേത്രം, ഗംഗാ ആരതി, സാരനാഥ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആത്മീയ യാത്രികർക്ക് ഏറെ അനുയോജ്യമാണ്.
ചെന്നൈ എഗ്മോർ - നാഗർകോവിൽ (ദൂരം: 726 കി.മീ): തമിഴ്നാടിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് സർവീസ് നടത്തുന്ന ഈ വന്ദേ ഭാരത് ചെന്നൈയെ സംസ്ഥാനത്തിന്റെ തെക്കേ അറ്റവുമായി ബന്ധിപ്പിക്കുന്നു. താമ്പര്യം, വില്ലുപുരം, തിരുച്ചിറപ്പള്ളി, മധുര എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുള്ള ഈ ട്രെയിൻ കന്യാകുമാരി, പത്മനാഭപുരം കൊട്ടാരം, തെക്കൻ തീരത്തെ മനോഹരമായ ബീച്ചുകൾ എന്നിവ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച യാത്രാനുഭവമാണ് നൽകുന്നത്.
വിശാഖപട്ടണം - സെക്കന്തരാബാദ് (ദൂരം: 703 കി.മീ): ബംഗാൾ ഉൾക്കടൽ തീരത്തെ തെലങ്കാനയുടെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന റൂട്ടാണിത്. രാജമുണ്ട്രി, വിജയവാഡ, ഖമ്മം, വാരംഗൽ എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. അരക്കു വാലി സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്കും ഹൈദരാബാദിലേക്ക് യാത്രാപ്ലാൻ ചെയ്യുന്നവർക്കും ഈ സർവീസ് ഏറെ പ്രയോജനകരമാണ്.
രാണി കമലപതി (ഭോപ്പാൽ) - ഹസ്ത്മത് നിസാമുദ്ദീൻ (ഡൽഹി) (ദൂരം: 699 കി.മീ): ഉത്തരേന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാ ഇടനാഴികളിലൊന്നിലൂടെയുള്ള സർവീസാണിത്. ജാൻസി, ഗ്വാളിയോർ, ആഗ്ര കന്റ് എന്നിവിടങ്ങളിൽ സ്റ്റോപ്പുള്ള ഈ ട്രെയിൻ താജ്മഹൽ, ഗ്വാളിയോർ കോട്ട തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു.
അജ്മീർ - ചണ്ഡിഗഡ് (ദൂരം: 675 കി.മീ): രാജസ്ഥാന്റെ ആത്മീയ കേന്ദ്രത്തെ ഉത്തരേന്ത്യയിലെ ആസൂത്രിത നഗരവുമായി ബന്ധിപ്പിക്കുന്ന റൂട്ടാണിത്. ജയ്പൂർ, അൽവാർ, ഗുരുഗ്രാം, ഡൽഹി കന്റ് എന്നിവയാണ് പ്രധാന സ്റ്റോപ്പുകൾ. അജ്മീർ, പുഷ്കർ, ജയ്പൂർ, ചണ്ഡിഗഡ് എന്നിവ സന്ദർശിക്കുന്നതിനോടൊപ്പം ഹിമാചൽ പ്രദേശിലേക്കുള്ള യാത്രയ്ക്കും ഈ സർവീസ് പ്രയോജനപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.