മികച്ച അറബ് വിനോദ സഞ്ചാര കേന്ദ്രമായി സലാല

മസ്കത്ത്: ഈ വർഷത്തെ മികച്ച അറബ് വിനോദ സഞ്ചാര കേന്ദ്രമായി സലാലയെ തെരഞ്ഞെടുത്തു. ഖരീഫിനോടനുബനധിച്ച് അറബ് ടൂറിസം മീഡിയ സെന്‍റർ സലാലയിൽ സംഘടിപ്പിച്ച രണ്ടാമത് അറബ് ടൂറിസം ആൻഡ് ഹെറിറ്റേജ് ഫോറമാണ് പ്രഖ്യാപനം നടത്തിയത്.

ഫോറത്തിൽ പങ്കെടുക്കുന്ന ടൂറിസം മേഖലയിലെ വിദഗ്ധരും മറ്റുമാണ് 2022ലെ അറബ് ലോകത്തെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി ഖരീഫ് സലാലയെ തെരഞ്ഞെടുത്തതെന്ന് അറബ് സെന്റർ ഫോർ ടൂറിസം മീഡിയ മേധാവിയും ഫോറം തലവനുമായ ഡോ. സുൽത്താൻ അൽ യഹ്യായ് പറഞ്ഞു.

ഖരീഫിന്‍റെ തുടർച്ചയായി നടക്കുന്ന വികസന പ്രവർത്തനങ്ങളിലൂടെ ഗവർണറേറ്റിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്. ഗവർണറേറ്റിൽ ഈ വർഷം മുഴുവനും ടൂറിസമായി നിലനിർത്തി കൊണ്ടുപോകാനാണ് ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസങ്ങളിലായി നടന്ന ഫോറത്തിൽ അറബ് ലോകത്തെ വിനോദസഞ്ചാര മേഖലയിലെ വിദഗ്ധർ, ഗൾഫ്, അറബ് രാജ്യങ്ങളിൽനിന്നുള്ള നൂറിലധികം മാധ്യമ പ്രവർത്തകർ തുടങ്ങിയവരാണ് പങ്കെടുത്തത്. അതേസമയം, ഖരീഫ് സീസൺ തുടങ്ങിയതോടെ ജി.സി.സി രാജ്യങ്ങളിൽനിന്നടക്കം നിരവധി സഞ്ചാരികളാണ് ദോഫാറിലേക്ക് എത്തികൊണ്ടിരിക്കുന്നത്.

വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് പ്രത്യേക വിമാന സർവിസും നടത്തുന്നുണ്ട്. പെരുന്നാൾ അവധി ദിവസങ്ങളിൽ നല്ല തിരക്കാണ് സലാലയിലും മറ്റും അനുഭവപ്പെട്ടത്. ദോഫാറിലെ വിവിധ പ്രദേശങ്ങളിൽ ദിവസങ്ങൾക്ക് മുമ്പുതന്നെ മഴ ലഭിച്ചതോടെ അരുവികൾ രൂപപ്പെടുകയും പ്രകൃതി പച്ചപ്പണിയുകയും ചെയ്തു. ഇതര ഗൾഫ് നാടുകൾ വേനൽ ചൂടിൽ വെന്തുരുകുമ്പോഴാണ് പ്രകൃതി കനിഞ്ഞ് നൽകിയ ഈ അനുഹ്രഹം ആസ്വദിക്കാനായി സ്വദേശത്തു നിന്നും വിദേശത്ത് നിന്നുമായി സഞ്ചാരികൾ എത്തുന്നത്. ഇത്തവണ മികച്ച മുന്നൊരുക്കങ്ങളാണ് സഞ്ചാരികൾക്കായി അധികൃതർ ഒരുക്കിയിട്ടുള്ളത്.

പ്രകൃതിയെയും സാഹസിക വിനോദസഞ്ചാരത്തെയും ഷോപ്പിങ്ങിനെയും അനുഭവവേദ്യമാക്കാൻ കഴിയുന്നതരത്തിൽ വിവിധങ്ങളായ പദ്ധതികളാണ് ഒരുക്കിയിട്ടുള്ളത്. ഗവർണറേറ്റിലെ വ്യത്യസ്ത സ്ഥലങ്ങളിലാണ് ഫെസ്റ്റിവലിനോടനുബന്ധിച്ച് സാംസ്കാരിക, വിനോദപരിപാടികൾ നടക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ സന്ദർശകരുടെ വലിയ തിരക്കിന് സാക്ഷ്യംവഹിച്ച ടൂറിസ്റ്റ് സൈറ്റുകളായ ഇത്തീൻ സ്‌ക്വയർ, ഔഖാദ് പബ്ലിക് പാർക്ക്, അൽ ഹഫയിലെ ഹെറിറ്റേജ് വില്ലേജ്, സലാല പബ്ലിക് ഗാർഡൻ, ഷാത്ത്, മുഗ്‌സൈൽ, താഖാ പബ്ലിക് ഗാർഡൻ, വാദി ദർബാത്ത്, സലാല സെലിബ്രേഷൻ സ്‌ക്വയർ, മിർബത്ത് പബ്ലിക് ഗാർഡൻ എന്നിവയാണ് പ്രധാന വേദികൾ.

Tags:    
News Summary - Salalah is the best Arab tourist destination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.