ഇടമലക്കുടിയിലേക്കുള്ള റോഡ് നിർമാണം പുരോഗമിക്കുന്നു
മൂന്നാർ: വനാന്തര ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് സുഗമ സഞ്ചാരത്തിന് വഴിതെളിയുന്നു. പട്ടികവർഗ വികസന വകുപ്പ് അനുവദിച്ച 18.5 കോടി രൂപ ചെലവിട്ട് മൺപാതയുടെ നവീകരണം പുരോഗമിക്കുകയാണ്. തകർന്ന ഈ പാതയിലൂടെ പാറക്കെട്ടുകളും കൈത്തോടുകളും സാഹസികമായി താണ്ടിയെത്തിയിരുന്ന ജീപ്പുകളല്ലാതെ മറ്റ് വാഹനങ്ങളൊന്നും ഈ ഊരുഗ്രാമത്തിൽ എത്തിയിരുന്നില്ല.
മൂന്നാർ പഞ്ചായത്ത് അതിർത്തിയായ പെട്ടിമുടിയിലെ വനാതിർത്തിയിൽനിന്ന് ആരംഭിച്ച കോൺക്രീറ്റ് റോഡ് നിർമാണം പൂർത്തിയാവുന്നതോടെ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന യാത്രാക്ലേശത്തിന് പരിഹാരമാവുമെന്ന സന്തോഷത്തിലാണ് ഊരുനിവാസികൾ. പെട്ടിമുടി മുതൽ ഇഡലിപ്പാറ വരെ 7.5 കി.മീ. ഭാഗത്താണ് മൂന്നു മീറ്റർ വീതിയിൽ റോഡ് നിർമാണം പുരോഗമിക്കുന്നത്.
പെട്ടിമുടിക്ക് സമീപം റോഡിന് കുറുകെ പണിയുന്ന ചെറുപാലം കനത്ത മഴയിൽ ഒലിച്ചുപോയത് നിർമാണ പുരോഗതിയെ ബാധിച്ചിരുന്നു. മഴയുടെ ശക്തി കുറഞ്ഞതോടെ പണികൾ വേഗത്തിലായിട്ടുണ്ട്. പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടി വരെയാണ് രണ്ട് ഘട്ടങ്ങളായി നിർമാണം. ഒരുവർഷംകൊണ്ട് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
റോഡ് യാഥാർഥ്യമാവുന്നതോടെ ഇടമലക്കുടിക്ക് പുറംലോകവുമായുള്ള ബന്ധം മെച്ചപ്പെടുന്നത് കുടിനിവാസികൾക്ക് പ്രയോജനമാവും. ശേഖരിക്കുന്ന ചെറുകിട വനവിഭവങ്ങളും ഏലക്ക ഉൾപ്പെടെ കാർഷികോൽപന്നങ്ങളും വിൽക്കാൻ വഴിയില്ലാതെ വലയുന്ന ഇവർക്ക് റോഡ് വരുന്നതോടെ ഇവ മൂന്നാറിലെത്തിച്ച് വിൽക്കാനും അതുവഴി മെച്ചപ്പെട്ട വില ലഭിക്കാനും സാഹചര്യമൊരുങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.