കോട്ടയം: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്ന പാറയ്ക്കൽകടവ് വഴിയോര വിശ്രമകേന്ദ്രം അവഗണനയുടെ വക്കിൽ. പുതുപ്പള്ളി കൊല്ലാട് റൂട്ടിലെ പാറക്കൽക്കടവ് ഒരുകാലത്ത് വിവാഹ ഫോട്ടോഷൂട്ടുകളുടെ പ്രധാന കേന്ദ്രമായിരുന്നു. പ്രതാപകാലത്ത് പാറക്കൽകടവ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായിരുന്നു. പാടശേഖരങ്ങൾക്ക് മധ്യത്തിലൂടെ കടന്നുപോകുന്ന റോഡും തണൽമരങ്ങളുമായിരുന്നു ഇവിടേക്ക് സഞ്ചാരികളെ ആകർഷിച്ചിരുന്നത്. ഗ്രാമഭംഗി നിറഞ്ഞൊഴുകിയിരുന്ന പാറക്കൽ കടവിന്റെ ചാരുത ആസ്വദിക്കാനും സായാഹ്നങ്ങളും അവധിദിനങ്ങളും ചെലവഴിക്കാൻ നിരവധിപേർ ഒരുകാലത്ത് ഇവിടെ എത്തിയിരുന്നു.
സിനിമ ചിത്രീകരണങ്ങൾ, ആൽബം, കല്യാണ വിഡിയോ എന്നിവയുടെയും പ്രധാന ലൊക്കേഷനായിരുന്നു ഇവിടം. മഴക്കാലത്ത് വലവീശാനും ചൂണ്ടയിടാനും വിവിധ സ്ഥലങ്ങളിൽനിന്ന് ആളുകൾ എത്തിയിരുന്നു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെ നിരവധി പദ്ധതികൾ ഇവിടെ നടപ്പാക്കിയെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. തണൽമരങ്ങൾ, ടൈൽപാകിയ ഇരിപ്പിടങ്ങൾ, വഴിവിളക്കുകൾ, ടോയ്ലെറ്റുകൾ, കോഫിബാർ തുടങ്ങിയവ നശിച്ച അവസ്ഥയിലാണ്.
കോവിഡിനെ തുടർന്ന് സന്ദർശകർ ഇല്ലാതായതോടെയാണ് ഇവിടം നാശത്തിലേക്ക് കൂപ്പുകുത്തിയത്. റോഡിന്റെ വശങ്ങൾ കാടുമൂടി. പ്രദേശം ഇപ്പോൾ മാലിന്യനിക്ഷേപകേന്ദ്രമാണ്. പാറയ്ക്കൽകടവ് നവീകരണത്തിനായി വകയിരുത്തിയ 20ലക്ഷം രൂപ വകമാറ്റി നിലവിൽ പുതുപ്പള്ളി സ്റ്റാൻഡിന് സമീപത്തെ റോഡും കലുങ്കും നിർമിച്ചിട്ടുണ്ട്. പാറക്കൽകടവിന്റെ നവീകരണത്തിന് വീണ്ടും തുക കണ്ടെത്തുന്നതിനുള്ള ആലോചനയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.