മാലദ്വീപ് സന്ദർശകരിൽ മുന്നിൽ ഇന്ത്യക്കാർ: വർഷംതോറും രണ്ട് ലക്ഷത്തിലേറെ പേർ...

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വിവാദമായതോടെ വിനോദസഞ്ചാരികളുടെ വരവിൽ ആശങ്കയുമായി ദ്വീപ് രാഷ്ട്രം. കോവിഡിന് ശേഷം ഇന്ത്യയിൽനിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകർ മാലദ്വീപിലെത്തുന്നത്. എല്ലാവർഷവും രണ്ട് ലക്ഷത്തിലേറെ ഇന്ത്യക്കാർ രാജ്യം സന്ദർശിക്കുന്നതായി ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ദ്വീപിന്റെ ടൂറിസ്റ്റ് വരുമാനത്തിൽ നിർണായക സംഭാവനയാണ് ഇന്ത്യൻ സന്ദർശകർ നൽകുന്നത്.

2023-ൽ 2.09 ലക്ഷത്തിലധികം ഇന്ത്യക്കാരാണ് മാലദ്വീപിലെത്തിയത്. 2022-ൽ ഇത് 2.40 ലക്ഷത്തിലേറെയായിരുന്നു. 2021ൽ 2.11 ലക്ഷത്തിലധികം ഇന്ത്യക്കാർ വിനോദസഞ്ചാരികളായെത്തി. കോവിഡ് കാലത്ത് അന്താരാഷ്ട്ര വിനോദസഞ്ചാരികളെ സ്വീകരിച്ച ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് മാലദ്വീപ്. ആ കാലയളവിൽ ഏകദേശം 63,000 ഇന്ത്യക്കാർ രാജ്യം സന്ദർശിച്ചു.

കോവിഡിന് മുമ്പുള്ള 2018ൽ 90,474 സന്ദർശകരാണ് ഇന്ത്യയിൽനിന്ന് മാലദ്വീപിലെത്തിയത്. അന്ന് വിവിധ രാഷ്ട്രങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ അഞ്ചാം സസ്ഥാനത്തായിരുന്നു ഇന്ത്യ. 2019ൽ ഏകദേശം ഇരട്ടി -1,66,030- പേരുമായി ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി.

ഇന്ത്യയുമായുള്ള ഈ ബന്ധത്തിന് പുതിയ സാഹചര്യം വിഘാതം സൃഷ്ടിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. മാലദ്വീപ് മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ ചില ഇന്ത്യക്കാർ മാലദ്വീപിലേക്കുള്ള തങ്ങളുടെ യാത്ര റദ്ദാക്കുന്നുവെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. മാലദ്വീപ് ബഹിഷ്‌കരണം (Boycott Maldives) എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു.

ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാലദ്വീപിലേക്കുള്ള എല്ലാ വിമാന ടിക്കറ്റ് ബുക്കിങ്ങും താൽക്കാലികമായി തങ്ങൾ നിർത്തിവച്ചതായി EaseMyTrip എന്ന ട്രാവൽ പോർട്ടൽ പ്രഖ്യാപിച്ചു. അതേസമയം, പ്രസ്താവനയുടെ പേരിൽ മാലദ്വീപ് സർക്കാർ മൂന്ന് മന്ത്രിമാരെ ഞായറാഴ്ച സസ്പെൻഡ് ചെയ്തു.

Tags:    
News Summary - Over 2 lakh Indians visited Maldives annually post Covid, tops list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.