സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാന് നാലാം സ്ഥാനം

മസ്കത്ത്: ലോകത്തിലെ നാല് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ ഇടംപിടിച്ചു. സുരക്ഷാ ഘടകങ്ങളും കുറ്റകൃത്യങ്ങളുടെ കുറവും കണക്കിലെടുത്ത് സെർബിയൻ ഡേറ്റാബേസ് ഏജൻസിയായ നമ്പെയോ പുറത്തിറക്കിയ 2022ലെ പട്ടികയിലാണ് ഒമാൻ നാലാം സ്ഥാനത്തെത്തിയത്.

സുരക്ഷയുടെ കാര്യത്തിൽ പശ്ചിമേഷ്യയിൽ മൂന്നാം സ്ഥാനത്താണ് ഒമാൻ. അയൽ രാജ്യങ്ങളായ ഖത്തറും യു.എ.ഇയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഒമാന്‍റെ സുരക്ഷാ നിരക്ക് 80.01ഉം കുറ്റകൃത്യ നിരക്ക് 19.99ഉം ആണ്. ഖത്തറും യു.എ.ഇയും കഴിഞ്ഞാൽ തായ്വാൻ ആണ് സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഉള്ളത്. അതേസമയം, സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ലോകത്ത് 20ാം സ്ഥാനത്ത് തലസ്ഥാനമായ മസ്കത്തും ഇടംപിടിച്ചിട്ടുണ്ട്. മസ്കത്തിന്‍റെ സുരക്ഷാ നിരക്ക് 79.46ഉം ക്രൈം നിരക്ക് 20.54ഉം ആണ്.

നമ്പെയോയുടെ റിപ്പോർട്ട് അനുസരിച്ച് മസ്കത്തിലെ ക്രൈം നിരക്ക് വളരെ കുറവാണ്. കൊലപാതകം, ഭവനഭേദനം, കൊള്ള, കാർ മോഷണം, കാറുകളിൽനിന്ന് സാധനങ്ങൾ മോഷ്ടിക്കൽ, നിറത്തിന്‍റെയും മതത്തിന്‍റെയും പേരിലുള്ള ആക്രമണം എന്നിവയെല്ലാം ഒമാനിൽ പൊതുവേ മസ്കത്തിൽ പ്രത്യേകിച്ചും കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പകൽ സമയത്ത് തനിച്ച് നടക്കുമ്പോഴുള്ള സുരക്ഷയിൽ വളരെ ഉയർന്ന പോയിന്‍റാണ് ഒമാന് ലഭിച്ചിരിക്കുന്നത്; 90.79. രാത്രി തനിച്ച് പോകുമ്പോഴുള്ള സുരക്ഷയിൽ 76.80 പോയിന്‍റുണ്ട്.

അന്തരീക്ഷ മലിനീകരണം കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒമാന് ഒന്നാം സ്ഥാനമാണുള്ളത്. 36.76 പോയിന്‍റ്. യു.എ.ഇയുടേത് 47.94 പോയിന്‍റും ഖത്തറിന്‍റേത് 60.05 പോയിന്‍റുമാണ്. ജീവിത നിലവാരത്തിന്‍റെ കാര്യത്തിൽ ഒമാന് ഏഷ്യയിൽ മൂന്നാം സ്ഥാനമാണുള്ളത്. 172.12 പോയിന്‍റാണ് ഒമാന് ലഭിച്ചത്. യു.എ.ഇക്ക് 174.37 പോയിന്‍റും ജപ്പാന് 173 പോയിന്‍റുമുണ്ട്.

ജീവിത ചെലവ്, ജനങ്ങളുടെ ഉപഭോഗ ശേഷി, അന്തരീക്ഷ-ജല മലിനീകരണം, കുറ്റകൃത്യ നിരക്ക്, ആരോഗ്യ സംവിധാനങ്ങളുടെ നിലവാരം, ഗതാഗതം എന്നിവയുടെ അടിസ്ഥാനത്തിലാണ് ജീവിതനിലവാരത്തിന്‍റെ പോയിന്‍റ് കണക്കാക്കിയിരിക്കുന്നത്.

Tags:    
News Summary - Oman ranks fourth in the list of safest countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.