രജിസ്ട്രേഷനും മുൻകൂർ ബുക്കിങ്ങും ഇല്ലാതെ പ്രവേശനമില്ല: നൈനിറ്റാളിലെ കൈഞ്ചി ധാമിലേക്ക് പോകുന്ന വിനോദസഞ്ചാരികൾക്ക് പുതിയ നിയമങ്ങൾ

നൈനിറ്റാൾ: തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ കർശനമാക്കുന്നതിന്‍റെ ഭാഗമായി മുൻകൂർ ബുക്കിങ് ഇല്ലാതെ എത്തുന്ന വിനോദസഞ്ചാരികൾക്ക് കൈഞ്ചി ധാമും നൈനിറ്റാളും സന്ദർശിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്താൻ ഉത്തരാഖണ്ഡ് ഭരണകൂടം. വിശദമായ പദ്ധതി തയാറാക്കി അംഗീകാരത്തിനായി സംസ്ഥാന സർക്കാറിന് അയക്കാൻ ജില്ലാ മജിസ്ട്രേറ്റിനും സീനിയർ സൂപ്രണ്ട് ഓഫ് പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

നിർബന്ധിത രജിസ്ട്രേഷനും സന്ദർശകരുടെ എണ്ണം പരിമിതപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രതിദിന സന്ദർശകരുടെ എണ്ണം 20,000 മുതൽ 25,000 വരെയായി പരിമിതപ്പെടുത്താനും ഭരണകൂടം ആലോചിക്കുന്നുണ്ട്. സമാനമായി, ഹിമാചൽ പ്രദേശിലെ ട്രിയുണ്ടിൽ നിലവിലുള്ള വാഹകശേഷി കർശനമായി നടപ്പിലാക്കാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്, ഇതനുസരിച്ച് പ്രതിദിനം 1,000 വിനോദസഞ്ചാരികളെ മാത്രമേ അനുവദിക്കൂ.

വിനോദസഞ്ചാരികളിൽ നിന്ന് അമിതവില ഈടാക്കുന്ന കടയുടമകൾക്കും ഹോട്ടൽ നടത്തിപ്പുകാർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് ഉത്തരാഖണ്ഡ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിശോധനകളും റെയ്ഡുകളും നടത്തും. കൂടാതെ സാധനങ്ങൾക്കും ഹോട്ടൽ സേവനങ്ങൾക്കുമുള്ള വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്.ഗുരുതരമായ നിയമലംഘനങ്ങൾ ഉണ്ടായാൽ ലൈസൻസ് റദ്ദാക്കാമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

മുൻകൂർ ബുക്കിങ് ഉള്ള വിനോദസഞ്ചാരികൾക്ക് മാത്രം നൈനിറ്റാളിലേക്കും കൈഞ്ചി ധാമിലേക്കും പ്രവേശനം പരിമിതപ്പെടുത്താനും ഭരണകൂടം ആലോചിക്കുന്നുണ്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ ഒറ്റ ദിവസം കൈഞ്ചി ധാമിൽ 50,000ത്തിലധികം ആളുകൾ തടിച്ചുകൂടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് തീരുമാനം. 

Tags:    
News Summary - No entry without registration, advance booking to visit Kainchi Dham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.