പണിതീരാതെ ടോൾപിരിവ്; കാറിന് 120, ബസിന് 450, നാട്ടികയിൽ ടോൾപ്ലാസക്കെതിരെ സിപിഎം പ്രതിഷേധം

തൃശൂർ: ദേശീയപാത 66 ൽ നാട്ടികയിലെ ടോൾപ്ലാസയിൽ ഒക്ടോബർ എട്ടുമുതൽ ടോൾ പിരിവ് ആരംഭിക്കുന്നു. കാർ, ജീപ്പ്, വാൻ ഉൾപ്പെ​ടെ ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്ക് 120 രൂപയാണ് ടോൾ നിരക്ക്. മടക്കയാത്ര അതേദിവസം തന്നെയാണെങ്കിൽ ആകെ 180 രൂപ മതിയാകും.

മിനിബസ് ഉൾപ്പെടെ ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിളുകൾക്ക് 195 രൂപയാണ് നിരക്ക്. മടക്കയാത്ര ഉൾപ്പെടെയാണെങ്കിൽ 290 രൂപ.ബസിനും ട്രക്കിന് 450 രൂപ ടോൾ ​കൊടുക്കേണ്ടി വരും. മടക്കയാത്ര ഉൾപ്പെടെയാണെങ്കിൽ 610 രൂപയാകും.

ടോൾപ്ലാസയിൽ നിന്ന് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന വാണിജ്യേതര വാഹന ഉടമകൾക്ക് പ്രതിമാസം 360 രൂപയാണ് നിരക്ക്.

അതേസമയം, പാലങ്ങളുടെയും അപ്രോച്ച് റോഡുകളുടെയും നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നതിനെതിരെ സി.പി.എം പ്രതിഷേധവുമായി രംഗത്തെത്തി. ബുധനാഴ്ച ടോൾ പ്ലാസയിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.

ടോൾ പിരിവ് തുടങ്ങാനുള്ള നീക്കത്തിൽ നിന്ന് ദേശീയപാത അതോറിറ്റി പിന്മാറണമെന്നാണ് പാർട്ടിയുടെ ആവശ്യം. പാലങ്ങളുടെയും അപ്രോച്ച് റോഡുകളുടെയും നിർമാണം പൂർത്തിയായിട്ടില്ല. നാല് മാസമായി നിർമാണങ്ങൾ ഇഴഞ്ഞു നീങ്ങുകയാണെന്നും സി.പി.എം ആരോപിച്ചു.

ചാവക്കാട് (ഒരുമനയൂർ), ചേറ്റുവ, കണ്ടശ്ശാംകടവ് പാലങ്ങളുടെയും എടമുട്ടം, മൂന്നുപീടിക എന്നിവിടങ്ങളിൽ അപ്രോച്ച് റോഡുകളുടെയും നിർമാണമാണ് പൂർത്തീകരിക്കാനുള്ളത്. ഇതൊന്നും പൂർത്തീകരിക്കാതെ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല.

നിർമാണ അവലോകനവും മുടങ്ങി. ഇത്തരമൊരു സാഹചര്യത്തിൽ നാട്ടികയിൽ ടോൾ പിരിവ് തുടങ്ങുന്നത് ദേശീയപാത അതോറിറ്റിയുടെ തന്നെ മുൻ പ്രഖ്യാപനത്തിന് വിരുദ്ധമാണെന്നും സി.പി.എം വാർത്താകുറിപ്പിൽ അറിയിച്ചു.

ദേശീയപാത 66 ന്റെ നിർമാണം പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് 11 സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ ടോൾ പ്ലാസകളിൽ ഒന്നാണ് നാട്ടിക. കാസർകോട് മുതൽ തിരുവനന്തപുരം വരെ 645 കിലോമീറ്ററാണ് ദേശീയപാതയുടെ ദൈർഘ്യം.

തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ട് ടോൾ ബൂത്തുകൾ വീതവും, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒന്നു വീതവുമാണ് ഉണ്ടാവുക.

ഫ്ലൈഓവറുകളുടെ എണ്ണം പരിഗണിച്ചാണ് ടോൾനിരക്ക് നിശ്ചയിക്കുന്നത്. അതിനാൽ ഓരോ പ്ലാസയിലും നിരക്ക് വ്യത്യസ്തമായിരിക്കും.

ജനവാസ മേഖലകൾ പരമാവധി ഒഴിവാക്കി സ്കൈവേകൾ, മറ്റു ഫ്ലൈഓവറുകൾ, ബൈപാസുകൾ എന്നിവ ഉൾപ്പെടുത്തിയാണ് ദേശീയപാത നിർമിക്കുന്നത്. റോഡുകളെ അപേക്ഷിച്ച് പാലങ്ങൾക്ക് നിർമാണച്ചെലവ് കൂടുതലായതാണ് ഉയർന്ന ടോൾ നിരക്കിന് കാരണമെന്ന് ദേശീയപാത അധികൃതർ വ്യക്തമാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.