പരാതിക്ക് പരിഹാരം; ജനശതാബ്ദിയിൽ പുതിയ കോച്ചുകൾ, കൈമാറിയത് ദീർഘദൂര യാത്രക്ക് അനുയോജ്യമാകുന്ന സീറ്റുകൾ

തിരുവനന്തപുരം: പരാതി ഫലം കണ്ടു. ജനശതാബ്ദിയിലെ ട്രെയിനിലെ അനുയോജ്യമല്ലാത്ത സീറ്റുകൾക്ക് പകരം പുതിയ സീറ്റുകൾ വരുന്നു. ജനശതാബ്ദിയിലെ പുതിയ കോച്ചുകളെ കുറിച്ചുള്ള പരാതികളാണ് ഫലം കണ്ടത്. ദീർഘദൂര യാത്രക്ക് അനുയോജ്യമല്ലാത്ത സീറ്റുകൾക്ക് പകരം ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകൾ ലഭ്യമാക്കും. ഇതിനായി 16 കോച്ചുകൾ തിരുവനന്തപുരം ഡിവിഷന് കൈമാറിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു.

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിലെ കോച്ചുകളായിരിക്കും ആദ്യം മാറ്റുക. അ‌ടുത്ത ഘട്ടത്തിൽ തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയിലെ സെക്കൻഡ് സിറ്റിങ് കോച്ചുകളും മാറ്റും. പുതിയതായി അനുവദിച്ച കോച്ചുകളിലെ സീറ്റുകൾ ദീർഘദൂര യാത്രക്ക് അനുയോജ്യമല്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനശതാബ്ദി സിറ്റിങ് കോച്ചുകൾ നിർമിക്കുന്നത് നിർത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ ജനറൽ കോച്ചിൽ നൽകുന്ന ചരിവില്ലാത്ത സീറ്റുകളാണ് ഇതുമൂലം ജനശതാബ്ദിയിലും നൽകുന്നത്. പരാതികളെ തുടർന്ന് ഉത്തരേന്ത്യയിൽ നിന്നാണ് പുതിയ കോച്ചുകൾ എത്തിച്ചത്. തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസിലെ തിരക്ക് കുറയ്ക്കാൻ കൂടുതൽ പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ജനറൽ കോച്ചുകൾ വൈകാതെ അനുവദിക്കും. 108 പേർക്ക് പകരം 220 പേർക്ക് ഇരിക്കാനും 50ൽ അധികം പേർക്കു നിൽക്കാനും കഴിയും.

ലഗേജ് റാക്കിന്റെ ഭാഗത്ത് കുഷ്യനായതിനാൽ അവിടെയും ഇരിക്കാൻ കഴിയും. ഇത്തരം 10 കോച്ചുകൾ ലഭ്യമാക്കും. തിങ്കളും വെള്ളിയും ട്രെയിനിൽ കയറാൻ കഴിയാത്ത വിധം തിരക്ക് അനുഭവപ്പെടുന്ന വേണാട് എക്സ്പ്രസിൽ പുതിയ കോച്ചുകൾ യാത്രക്കാർക്ക് ആശ്വാസമാകും.

Tags:    
News Summary - New Coaches Coming for Jan Shatabdi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.