വേണാടിന് മുമ്പ് കോട്ടയം വഴി പുതിയ ട്രെയിൻ; 10 ദിവസത്തിനകം സർവിസ് തുടങ്ങുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി
കൊച്ചി: വേണാട് എക്സ്പ്രസിൽ വൈകുന്നേരമുണ്ടാകുന്ന യാത്രാദുരിതത്തിന് പരിഹാരം കാണാൻ എറണാകുളം–കോട്ടയം–കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവിസ് ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയത്തിൽ നിന്ന് തത്ത്വത്തിൽ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. ട്രെയിനിന്റെ ആദ്യ സർവിസ് പത്തുദിവസത്തിനകം ആരംഭിക്കും.
‘ഡൽഹിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽകണ്ട് വേണാട് എക്സ്പ്രസിലെ യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ കാണിച്ച് ബോധ്യപ്പെടുത്തിയിരുന്നു. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാർക്ക് ഇരിക്കാനോ നിൽക്കാനോ പോലും മതിയായ ഇടമില്ലാത്ത സാഹചര്യത്തിൽ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്ന ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളത്.
ഓഫിസ് സമയം കഴിഞ്ഞ് എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം തുടങ്ങിയ മേഖലകളിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് സ്ഥിരംയാത്രക്കാരെയാണ് ഈ ദുരിതം നേരിട്ട് ബാധിക്കുന്നത്. ഇതിനു പരിഹാരമായി മന്ത്രിയുടെ ഓഫിസിൽ നിന്ന് റെയിൽവേ ബോർഡിലേക്ക് നിർദേശം കൈമാറുകയും, റെയിൽവേ ബോർഡ് സതേൺ റെയിൽവേയിലെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് ആവശ്യമായ നടപടികൾക്കായി നിർദേശം നൽകുകയും ചെയ്തു’ -കൊടിക്കുന്നിൽ ഫേസ്ബുക്കിൽ കുറിച്ചു.
വൈകീട്ട് നാല് മണിയോടെ എറണാകുളം ജങ്ഷനിൽ നിന്ന് വേണാട് എക്സ്പ്രസിന് മുമ്പായി പുറപ്പെടുന്ന തരത്തിൽ പുതിയ പാസഞ്ചർ ട്രെയിൻ സർവിസ് ആരംഭിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനായി മെമു അല്ലെങ്കിൽ ഐ.സി.എഫ് കോച്ചുകൾ ഉപയോഗിക്കുന്നതിനുള്ള സാധ്യത റെയിൽവേ പരിശോധിച്ചുവരികയാണ്. എറണാകുളത്തുനിന്ന് കോട്ടയം, ചെങ്ങന്നൂർ വഴി കൊല്ലം വരെയുള്ള സർവീസായി ആരംഭിച്ച്, തുടർന്ന് കൊല്ലത്തുനിന്ന് പുനലൂരിലേക്ക് സർവിസ് നീട്ടുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
നിലവിൽ വൈകീട്ട് 5.20 നാണ് ഷൊറണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസ് എറണാകുളം നോർത്തിൽ നിന്ന് യാത്ര തിരിക്കുന്നത്. റെയിൽവേ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച തത്ത്വത്തിലുള്ള അംഗീകാരം സമയബന്ധിതമായി സർവിസായി മാറുന്നതുവരെ റെയിൽവേ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് തുടർ ഇടപെടലുകൾ നടത്തുമെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.