ഹെഡ്‌ലൈറ്റിന് പകരം മൊബൈൽഫോൺ ടോർച്ച് തെളിച്ച് കണ്ടക്ടർ; യാത്രക്കാരുടെ ജീവൻ പണയംവെച്ച് ബസ് യാത്ര

ചിക്കമഗളൂരു: ഹെഡ്‌ലൈറ്റ് തകരാറിലായതിനെ തുടർന്ന് മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിൽ ഇരുട്ടിലൂടെ കെ.എസ്.ആർ.ടി.സി (കർണാടക) ബസ് ഓടിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചിക്കമഗളൂരു -ശൃംഗേരി റൂട്ടിലോടുന്ന കർണാടക സാരിഗെ ബസിന്റെ ഹെഡ് ലൈറ്റ് തകരാറിലായതിനെ തുടർന്നാണ് മൊബൈൽ ഫോൺ ടോർച്ച് തെളിച്ച് യാത്ര തുടർന്നത്.

എന്നാൽ, സംഭവത്തിൽ വിശദീകരണവുമായി കെ.എസ്.ആർ.ടി.സി ചിക്കമഗളൂരു ഡിവിഷണൽ കൺട്രോളർ ബസവരാജ് രംഗത്തെത്തി. ജയപുരക്കു സമീപം വെച്ചാണ് ബസിന്റെ ഹെഡ്‌ലൈറ്റിൽ സാങ്കേതിക തകരാർ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ഉടൻതന്നെ ബസ് അവിടെ നിർത്തിയിടുകയും, യാത്രക്കാരെ കെ.ജി.എഫ് ഡിപ്പോയിൽ നിന്നുള്ള ബസിലേക്ക് മാറ്റി കയറ്റുകയും ചെയ്തിരുന്നു. പിന്നീട് തകരാർ പരിഹരിച്ച ശേഷമാണ് ബസ് സർവിസ് തുടർന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, രാത്രി മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിൽ ബസ് ഓടുന്നത് വ്യക്തമായി ദൃശ്യങ്ങളിൽ കാണാം.

കഴിഞ്ഞ ജൂലൈയിൽ, സമാനമായ മറ്റൊരു സംഭവത്തിൽ കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.കെ.ആർ.ടി.സി) ബസും ഹെഡ്‌ലൈറ്റ് ഇല്ലാതെ സർവിസ് നടത്തിയിരുന്നു. കൽബുർഗിയിൽ നിന്ന് ചിഞ്ചോളിയിലേക്കുള്ള അവസാന രാത്രി സർവിസിലാണ് യാത്രക്കാരുടെ ജീവൻ പണയം വെച്ചു കൊണ്ടുള്ള യാത്ര നടന്നത്. ഇരുപതോളം കിലോമീറ്ററുകളോളം യാത്രക്കാർ ഈ ബസിൽ യാത്ര തുടർന്നു.

സംഭവത്തിന് പിന്നാലെ കർണാടകയിലെ കോൺഗ്രസ് സർക്കാറിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം സംഭവങ്ങൾ ഭരണകൂടത്തിന്റെ വീഴ്ചയാണെന്ന് ജനതാദൾ -എസ് ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ കുറ്റപ്പെടുത്തി. കല്യാണ കർണാടക (വടക്കൻ കർണാടക) മേഖലയോട് സർക്കാർ തുടരുന്ന അവഗണനയാണ് സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നും പാർട്ടി ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.