മാട്ടുപ്പെട്ടിയിൽ ബോട്ടിങ്ങിനെത്തിയ സഞ്ചാരികളുടെ തിരക്ക്
തൊടുപുഴ: കേവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽനിന്ന് സംസ്ഥാനത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം ഇടുക്കിയും കരകയറുന്നു. വിനോദസഞ്ചാര വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജില്ലയിലെത്തിയ ആഭ്യന്തര, വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. വരും നാളുകളിൽ ജില്ലയുടെ വിനോദസഞ്ചാര മേഖലയിൽ സാമ്പത്തികമായും തൊഴിൽപരമായും ഉണ്ടാകാവുന്ന കുതിപ്പിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
നടപ്പുസാമ്പത്തിക വർഷം കഴിഞ്ഞ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്കുകളാണ് വിനോദസഞ്ചാര വകുപ്പ് തയാറാക്കിയിട്ടുള്ളത്. ഇതുപ്രകാരം ഈ കാലയളവിലെ ഒമ്പത് മാസം 21,44,783 ആഭ്യന്തര സഞ്ചാരികളും 25,966 വിദേശ സഞ്ചാരികളുമടക്കം 21,70,749 പേർ ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു. ആഭ്യന്തര സഞ്ചാരികൾ കൂടുതൽ എത്തിയത് കഴിഞ്ഞ ഡിസംബറിലാണ് -3,27,657 പേർ. കുറവ് ജൂലൈയിലും -1,77,325 പേർ. വിദേശസഞ്ചാരികൾ കൂടുതൽ എത്തിയത് ഡിസംബറിലും (5968 പേർ) കുറവ് ഏപ്രിലിലും (749) ആണ്.
ആഗസ്റ്റിൽ 3903 വിദേശ സഞ്ചാരികൾ ഇടുക്കിയിൽ എത്തിയപ്പോൾ സെപ്റ്റംബറിൽ ഇത് 2407 ആയി കുറയുകയും ഒക്ടോബറിൽ 3632 ആയി ഉയരുകയും ചെയ്തു. ആഗസ്റ്റിൽ ആഭ്യന്തര സഞ്ചാരികൾ 1,79,826 ആയിരുന്നെങ്കിൽ സെപ്റ്റംബറിൽ ഇത് 2,11,493 ആയി. കോവിഡ് നിയന്ത്രണങ്ങൾ നിലനിന്ന 2021ൽ 591 വിദേശികളും 9,49,574 സ്വദേശികളുമടക്കം ആകെ 9,50,165 സഞ്ചാരികളാണ് ജില്ലയിലെത്തിയത്. 2020ൽ ഇത് യഥാക്രമം 20,163ഉം 5,03,938ഉം ആയിരുന്നു. എന്നാൽ, 2021ൽ മൂന്നാറിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് 89.44 ശതമാനം വർധനയുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു.
ഇടവേളക്ക് ശേഷം സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ചർച്ചയായിട്ടുണ്ട്. കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കിയാൽ സഞ്ചാരികളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചില നടപടികൾ സ്വീകരിച്ചുവരുന്നതായി വിനോദസഞ്ചാര വകുപ്പ് അധികൃതർ അറിയിച്ചു. ഇടുക്കിയടക്കം 14 ജില്ലകളിലായി 184 വിനോദസഞ്ചാര പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.
ജില്ലയിലെ 14 വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും നേര്യമംഗലം മുതൽ മൂന്നാർവരെ ദേശീയ പാതയോരങ്ങളിലെയും മാലിന്യനിർമാർജനത്തിന് സ്വകാര്യ ഏജൻസിവഴി സംവിധാനം ഒരുക്കിയതായി ഡി.ടി.പി.സി അധികൃതരും പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള ടോയ്ലറ്റ് ബ്ലോക്കുകളുടെ നിർമാണത്തിന് മൂന്നാറടക്കം വിനോദസഞ്ചാര കേന്ദ്രങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്.
(സ്വദേശികൾ, വിദേശികൾ എന്ന ക്രമത്തിൽ)
ഏപ്രിൽ: 218318, 739
മേയ്: 275217, 749
ജൂൺ: 211150, 1056
ജൂലൈ: 177325, 2482
ആഗസ്റ്റ്: 179826, 3903
സെപ്റ്റംബർ: 211493, 2407
ഒക്ടോബർ: 285824, 3632
നവംബർ: 257973, 5030
ഡിസംബർ: 327657, 5968
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.