മഴവില്ലഴകിൽ ഹൈറേഞ്ച്; വരുന്നൂ 'മൂന്നാർ വിബ്ജിയോർ ടൂറിസം'

മൂന്നാറിനെ മഴവില്ലഴകിൽ വർണ്ണാഭമാക്കാൻ ജില്ലാ ഭരണകൂടം അവതരിപ്പിക്കുന്ന പുതിയ പദ്ധതിയാണ് 'മൂന്നാർ വിബ്ജിയോർ ടൂറിസം'. വിനോദസഞ്ചാരികൾക്ക് മൂന്നാറിലെ വിവരങ്ങളും വിശേഷങ്ങളും വിരൽത്തുമ്പിലറിയാനും, മൂന്നാർ ടൂറിസത്തിനെ അന്താരാഷ്ട്ര തലത്തിൽ ബ്രാൻഡ് ചെയ്യുന്നതിനുംവേണ്ടി ജില്ലാ ഭരണകൂടം കൈറ്റ്സ് ഫൗണ്ടേഷ​െൻറ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് വിബ്ജിയോർ ടൂറിസം.

മൂന്നാറിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഏഴു ദിശകളായി തിരിച്ചു കൊണ്ട് ഓരോന്നിനും മഴവില്ലി​െൻറ നിറങ്ങൾ നൽകി സഞ്ചാര സൗഹൃദമായ അന്തരീക്ഷം മൂന്നാറിൽ ഒരുക്കുക എന്നതാണ് ഈ ഈ പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ലോഗോ ആണ് നിങ്ങൾ ചിത്രത്തിൽ കാണുന്നത്. മൂന്നാറി​െൻറ വിനോദസഞ്ചാരത്തെയും ഭൂപ്രകൃതിയും മൂന്നാറിലെ മൂന്നു നദികളെയും ആവിഷ്കരിച്ചുകൊണ്ട് മഴവില്ലിലെ ഏഴു നിറങ്ങളിൽ മൂന്നാറിലെ സ്വന്തം വരയാടിനെ ആവിഷ്ക്കരിച്ചു കൊണ്ടാണ് വിബ്ജിയോർ ടൂറിസത്തി​െൻറ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. പ്രശസ്ത ഡിസൈനർ സിറിൽ സിറിയക് ആണ് ഈ ലോഗോയുടെ സൃഷ്ടാവ്.

പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ, അവയുടെ പ്രാധാന്യം, താമസ സൗകര്യങ്ങൾ, ആശുപത്രികൾ, ഭക്ഷണശാലകൾ, പെട്രോൾ പമ്പുകൾ, ശൗചാലയങ്ങൾ, പോലീസ് സഹായം, വാഹന ലഭ്യത, ഓരോ സ്ഥലവും സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം തുടങ്ങി ഒരു സഞ്ചാരിക്ക് വേണ്ട എല്ലാ വിവരങ്ങളും ഇനി മുതൽ സഞ്ചാരികൾക്ക് 'വിബ്ജിയോർ' ആപ്പ് വഴി വിരൽത്തുമ്പിൽ ആകും. മൂന്നാറിലെ ജൈവവൈവിധ്യത്തെ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടി ഓരോ മേഖലയിലെയും പ്രധാനപ്പെട്ട ജീവജാലങ്ങളെ കുറിച്ചും സസ്യലതാദികളെ കുറിച്ചും വിവരങ്ങൾ ആപ്പിൽ ലഭ്യമാകും.

നെറ്റ്‌വർക്ക് ലഭ്യമായില്ലെങ്കിലും പ്രവർത്തിക്കാൻ സാധിക്കുന്ന രീതിയിൽ പ്രോഗ്രസീവ് വെബ് ആപ്പ് ആയിട്ടാണ് വിബ്ജിയോർ ടൂറിസത്തി​െൻറ ആപ്പ് പ്രവർത്തിക്കുന്നത്. ഒരേസമയം വെബ്സൈറ്റ് മാതൃകയിലും മൊബൈൽ ഉപയോഗിക്കുന്നവർക്ക് ആപ്ലിക്കേഷൻ എന്ന രീതിയിലും ഇത് പ്രവർത്തിക്കും.

ഈ വെബ്സൈറ്റിലേക്ക് നയിക്കുന്ന ക്യുആർ കോഡുകൾ പതിപ്പിച്ച സ്റ്റിക്കറുകൾ പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും ഹോട്ടലുകളിലും പതിപ്പിച്ചുകൊണ്ട് വിനോദസഞ്ചാരികൾക്ക് കൂടുതൽ ലളിതമായ രീതിയിൽ മൂന്നാറിലെ വിനോദസഞ്ചാര സ്ഥലങ്ങൾ അറിയുവാനും സഞ്ചരിക്കുവാനും സാധിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൊബൈൽ ഫോണിൽ ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ ഏതൊരാൾക്കും വിവരങ്ങൾ ലളിതമായി ലഭ്യമാകും.

ദേവികുളം സബ് കളക്ടർ എസ് പ്രേം കൃഷ്ണ​െൻറ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തി​െൻറയും മൂന്നാർ ഗ്രാമ പഞ്ചായത്തി​െൻറയും സഹകരണത്തോടെ വെബ്സൈറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

വെബ്സൈറ്റ് നിർമ്മിക്കുന്നതിനായി കൈറ്റ്സ് ഫൗണ്ടേഷൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ ഇന്നോവേഷൻ ഇൻക്യുബേറ്റർ, ഫയ എന്നിവയുടെയും സ്റ്റുഡൻസ് ഡെവലപ്പേഴ്സ് സൊസൈറ്റി, ഐഡിയ റൂട്ട്സ് എന്നിവയുടെ സഹകരണത്തോടെ മൂന്നാർ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വെച്ച് കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഹാക്കത്തോൺ നടക്കുകയാണ്. ഐടി മേഖലകളിലെ പ്രൊഫഷണൽസ് ഉൾപ്പെടെ 50 അംഗ സംഘമാണ് ആപ്പ് തയ്യാറാക്കുന്നത്.

Tags:    
News Summary - munnar vibgyor tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.