പത്തനംതിട്ട: ഗവിയിലെ വനത്തിനുള്ളിലെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിൽക്കണ്ട് മനസ്സിലാക്കാനും അവരെ സാമ്പത്തികമായി സുരക്ഷിതരാക്കാനും ഭാരതീയ റിസർവ് ബാങ്ക് ഉന്നത ഉദ്യോഗസ്ഥ സംഘം ഗവിയിലെത്തി. ടൂറിസ്റ്റ് കേന്ദ്രമായ ഗവിയിൽ ഇന്റർനെറ്റോ, ഫോണോ ഇല്ലാത്തതിനാൽ ബാങ്കിങ് നടത്താൻ ജനങ്ങൾ ഏറെ ബുദ്ധിമുട്ടുകയാണ്. എ.ടി.എം കൗണ്ടർ 30 കിലോമീറ്റർ ദൂരെയുള്ള വണ്ടിപ്പെരിയാറിലാണുള്ളത്. ഇവിടെ പോയി പണം എടുത്ത് വരാൻ 250 രൂപയോളം ചെലവാകും.
ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ മൊബൈൽ എ.ടി.എം കൗണ്ടർ ആഴ്ചയിൽ ഒരിക്കൽ ഗവിയിൽ എത്തിക്കാൻ ആർ.ബി.ഐ ജനറൽ മാനേജർ ഡോ. സെഡ്രിക് ലോറൻസ് നിർദേശം നൽകി. ഇന്റർനെറ്റ് എത്തുമ്പോൾ സ്ഥിരമായ എ.ടി.എം മെഷീൻ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.വനത്തിൽ താമസിക്കുന്ന ആദിവാസികൾ, ശ്രീലങ്കൻ വംശജരായ തൊഴിലാളികൾ എന്നിവരെ നേരിൽക്കണ്ട് പ്രശ്നങ്ങൾ ആരായുകയും ബാങ്കിങ്ങിന്റെ ഗുണവശങ്ങൾ വിശദീകരിക്കുകയും ചെയ്തു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫീൽഡുതല സാമ്പത്തിക സാക്ഷരതയുടെ ഭാഗമായാണ് സന്ദർശനം.
ആർ.ബി.ഐ ജനറൽ മാനേജർ ഡോ. സെഡ്രിക് ലോറൻസ്, ഡെപ്യൂട്ടി ജനറൽ മാനേജർ എ. ഗൗതമൻ, മിനി ബാലകൃഷ്ണൻ, കറുപ്പനാ ദേവി, ശ്യാം സുന്ദർ എന്നിവരുൾപ്പെട്ട സംഘത്തെ ഗവി നിവാസികൾ കൊച്ചുപമ്പയിൽവെച്ച് സ്വീകരിച്ചു. തുടർന്ന് നടന്ന യോഗം ഡോ. സെഡ്രിക് ലോറൻസ് ഉദ്ഘാടനം ചെയ്തു.
ആർ.ബി.ഐ ഡെപ്യൂട്ടി ജനറൽ മാനേജർ എ. ഗൗതമൻ, എസ്.ബി.ഐ റീജനൽ മാനേജർ സി.എസ്. ഉമേഷ്, കേരള ഗ്രാമീൺ ബാങ്ക് റീജനൽ മാനേജർ സുബ്രഹ്മണ്യൻ പോറ്റി, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് മിനിമോൾ ലിസ് തോമസ്, സൗത്ത് ഇന്ത്യൻ ബാങ്ക് റീജനൽ മാനേജർ ടിനു ഈഡൻ അമ്പാട്ട്, പഞ്ചായത്ത് അംഗം ഗംഗമ്മ, മിനി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പത്തനംതിട്ട ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.