'പരസ്യമായി പാകിസ്താനെ പിന്തുണക്കുന്നവരുടെ ടൂറിസവും സമ്പദ്‌വ്യവസ്ഥയും നാം വളർത്തേണ്ടതുണ്ടോ?' -ഈസ് മൈട്രിപ്പ് സ്ഥാപകൻ നിഷാന്ത് പിറ്റി

ന്യൂഡൽഹി: തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള യാത്രാ പദ്ധതികൾ ഇന്ത്യക്കാർ വൻതോതിൽ റദ്ദാക്കിയതിൽ പ്രതികരിച്ച് ഈസ് മൈട്രിപ്പ് സ്ഥാപകൻ നിഷാന്ത് പിറ്റി. ഇന്ത്യ പാക് സംഘർഷത്തിനിടെ തുർക്കിയും അസർബൈജാനും പാകിസ്താന് പിന്തുണ വാഗ്ദാനം ചെയ്തതിൽ പ്രതിഷേധിച്ചാണ് സഞ്ചാരികൾ ഈ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ കൂട്ടത്തോടെ റദ്ദാക്കിയത്. തുർക്കിയിലേക്കും അസർബൈജാനിലേക്കും പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവും യാത്രകളുടെ വൻതോതിലുള്ള റദ്ദാക്കലുകളും പ്രമുഖ ഓൺലൈൻ യാത്രാ ബുക്കിങ് പ്ലാറ്റ്‌ഫോമുകളായ മേക്ക്‌മൈട്രിപ്പ്, ഈസ് മൈട്രിപ്പ് എന്നിവ റിപ്പോർട്ട് ചെയ്തു.

നമ്മുടെ രാജ്യത്തോടുള്ള ഐക്യദാർഢ്യത്തിന്റെയും സായുധ സേനയോടുള്ള ആഴമായ ബഹുമാനത്തിന്റെയും ഭാഗമായി ഈ വികാരത്തെ ഞങ്ങൾ ശക്തമായി പിന്തുണയ്ക്കുകയും അസർബൈജാനിലേക്കും തുർക്കിയിലേക്കും അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാൻ നിർദേശിക്കുകയും ചെയ്യുന്നുവെന്ന് മേക്ക്‌മൈട്രിപ്പ് പറഞ്ഞു. ഈ രണ്ട് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ടൂറിസത്തെ നിരുത്സാഹപ്പെടുത്തുന്നതിനായി ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ എല്ലാ പ്രമോഷനുകളും ഓഫറുകളും ഞങ്ങൾ ഇതിനകം നിർത്തലാക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ സൈറ്റ് വഴി തുർക്കിയിലേക്കുള്ള ഏകദേശം 22 ശതമാനവും അസർബൈജാനിലേക്കുള്ള 30 ശതമാനത്തിന് മുകളിലും യാത്രകളാണ് റദ്ദാക്കിയതെന്നും ഈസ്മൈട്രിപ്പ് സ്ഥാപകനും മുൻ ചെയർമാനുമായ നിഷാന്ത് പിറ്റി പറഞ്ഞു.

'യാത്ര ഒരു ശക്തമായ ഉപകരണമാണ്. നമ്മോടൊപ്പം നിൽക്കാത്തവരെ ശാക്തീകരിക്കാൻ അത് ഉപയോഗിക്കരുത്. കഴിഞ്ഞ വർഷം 287,000 ഇന്ത്യക്കാർ തുർക്കി സന്ദർശിച്ചു. 243,000 പേർ അസർബൈജാൻ സന്ദർശിച്ചു. ടൂറിസമാണ് അവരുടെ സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നത്. ഈ രാജ്യങ്ങൾ പാകിസ്താനെ പരസ്യമായി പിന്തുണക്കുമ്പോൾ നമ്മൾ അവരുടെ ടൂറിസത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഇന്ധനം നൽകേണ്ടതുണ്ടോ? വിദേശത്ത് നമ്മൾ ചെലവഴിക്കുന്ന ഓരോ രൂപയും ഒരു വോട്ടാണ്. നമ്മുടെ മൂല്യങ്ങൾ ബഹുമാനിക്കപ്പെടുന്നിടത്ത് നമുക്ക് അത് ചെലവഴിക്കാം. ജയ് ഹിന്ദ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുമായുള്ള സംഘർഷത്തിനിടെ തുർക്കിയും അസർബൈജാനും പാകിസ്താന് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. ഇത് ഇന്ത്യയിൽ പ്രസ്തുത രാജ്യങ്ങളെ ബഹിഷ്കരിക്കാനുള്ള ആഹ്വാനങ്ങൾക്ക് കാരണമായി. 'കഴിഞ്ഞ ഒരാഴ്ചക്കിടെ ഇന്ത്യൻ യാത്രക്കാർ ശക്തമായ വികാരം പ്രകടിപ്പിച്ചിട്ടുണ്ട്. അസർബൈജാൻ, തുർക്കി എന്നിവിടങ്ങളിലേക്കുള്ള ബുക്കിങുകൾ 60 ശതമാനം കുറഞ്ഞു. അതേസമയം റദ്ദാക്കലുകൾ 250 ശതമാനവും വർധിച്ചു.' മേക്ക് മൈ ട്രിപ്പ് പ്രസ്താവനയിൽ പറഞ്ഞു.

ഈസ്‌മൈട്രിപ്പിന് പുറമേ, തുർക്കി, ചൈന, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള എല്ലാ ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗുകളും പ്ലാറ്റ്‌ഫോം താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഇക്‌സിഗോ സി.ഇ.ഒ അലോക് ബാജ്‌പായും പ്രഖ്യാപിച്ചിരുന്നു. “ഇനഫ് ഈസ് ഇനഫ്! രക്തവും ബുക്കിങും ഒരുമിച്ച് ഒഴുകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

Tags:    
News Summary - Many Indian Tourists Are Cancelling Trips To Turkey, Azerbaijan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.