യാത്രാ പ്രേമികൾക്ക് ഉസ്ബെക്കിസ്ഥാനിലേക്ക് ഇനി വിസയില്ലാതെ പോകാം; ഇന്ത്യൻ പൗരന്മാർക്ക് 30 ദിവസത്തെ ഇളവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉസ്ബെക്കിസ്ഥാൻ സന്ദർശനവേളയിൽ ഇന്ത്യൻ പൗരന്മാർക്കായി 30 ദിവസത്തെ വിസ രഹിത പ്രവേശനം അനുവദിച്ച് ഉസ്ബെക്കിസ്ഥാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ടൂറിസം, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിർണായക തീരുമാനം. താഷ്‌കന്റിൽ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗകത് മിർസിയോയേവുമായി നടത്തിയ ഉന്നതതല ചർച്ചയ്ക്കിടയിലാണ് പ്രഖ്യാപനം ഉണ്ടായത്.

ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ആദ്യമായി 1 ബില്യൺ യു.എസ് ഡോളർ കടന്നതായി പ്രസിഡന്റ് ഷൗകത് മിർസിയോയേവ് വ്യക്തമാക്കി. ഇന്ത്യയെ ഒരു വിശ്വസ്ത തന്ത്രപരമായ പങ്കാളിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യങ്ങൾക്കിടയിൽ നിലവിൽ ആഴ്ചയിൽ 14 നേരിട്ടുള്ള വിമാന സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്. സമീപ വർഷങ്ങളിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ സംയുക്ത സംരംഭങ്ങളുടെ എണ്ണം ഏഴുമടങ്ങായി വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സാംസ്കാരിക ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ ലാൽ ബഹാദൂർ ശാസ്ത്രി സെന്റർ ഫോർ ഇന്ത്യൻ കൾച്ചർ, മഹാത്മാഗാന്ധി സെന്റർ ഫോർ ഇന്ത്യൻ സ്റ്റഡീസ് തുടങ്ങിയ സ്ഥാപനങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ പ്രചാരം വൻതോതിൽ വർധിച്ചിട്ടുണ്ടെന്നും 2018 മുതൽ രാജ്യത്ത് ഒരു ഡെഡിക്കേറ്റഡ് യോഗ ഫെഡറേഷൻ പ്രവർത്തിക്കുന്നുണ്ടെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ഈ വർഷം ജൂണിൽ രാജ്യവ്യാപകമായി യോഗ ഫെസ്റ്റിവലും സംഘടിപ്പിച്ചിരുന്നു.

1992 മാർച്ച് 18-നാണ് ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിൽ ഔദ്യോഗികമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്. സോവിയറ്റ് യൂണിയന്റെ വിഘടനത്തിന് ശേഷം ഉസ്ബെക്കിസ്ഥാന്റെ പരമാധികാരം അംഗീകരിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. 2011-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തി. ഉസ്ബെക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, കിർഗിസ്ഥാൻ പ്രസിഡന്റ് സഡിർ ഷാപരവിന്റെ ക്ഷണപ്രകാരം 26-ാമത് ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ ബിഷ്‌കേക്കിലേക്ക് യാത്ര തിരിക്കും. പുതിയ വിസ രഹിത നയം ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്രകൾ കൂടുതൽ സുഗമമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - Visa-free travel to Uzbekistan now: 30-day exemption for Indian citizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.