അടിച്ചുപൊളിക്കാം, വരൂ കുമരകത്തേക്ക്​...

കുമരകം: ടൂറിസം സീസണായതോടെ കുമരകത്തേക്ക് വിദേശികൾ ഉൾപ്പെടെ സഞ്ചാരികളുടെ വരവ് വർധിച്ചു. ആഭ്യന്തര ടൂറിസ്റ്റുകളേക്കാൾ വിദേശ വിനോദസഞ്ചാരികളാണ് ലോകടൂറിസം ഭൂപടത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നായ കുമരകത്തേക്ക് നിത്യേന എത്തുന്നത്. സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് കുമരകവും നാട്ടുകാരും.

ഹോട്ടലുകളിലും ഹോംസ്റ്റേകളിലുമുൾപ്പെടെ ബുക്കിങ് ഏറെക്കറെ പൂർത്തിയായി. യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് എത്തുന്ന വിനോദ സഞ്ചാരികളിൽ ഏറെയും. ഈ മാസം വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിവാഹച്ചടങ്ങുകൾക്ക് ബുക്കിങ്ങായതായി ഹോട്ടൽ മേഖലയിലുള്ളവർ പറയുന്നു.

കഴിഞ്ഞയാഴ്ച സിംഗപ്പൂർ, ശ്രീലങ്ക രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിവാഹഘോഷങ്ങൾക്കാണ് കുമരകം സാക്ഷ്യം വഹിച്ചത്. ലേക്ക് സോങ്, നിരാമയ റിസോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവാഹത്തിന് വേദിയായത്.

ലേക് സോങ് റിസോർട്ടിൽ ആസ്ത്രേലിയൻ പ്രവാസികളുടെ മകളുടെയും ശ്രീലങ്കയിൽ നിന്നുള്ള യുവാവിന്റെയും നിരാമയ റിസോർട്ടിൽ സിംഗപ്പൂരിൽനിന്ന് എത്തിയ യുവാവിന്റെയും യുവതിയുടെയും വിവാഹച്ചടങ്ങാണ് നടന്നത്. ഡെസ്റ്റിനേഷൻ വെഡിങിൽ തിളങ്ങുന്നതിനൊപ്പമാണ് വിദേശികളുടെയും ഉത്തരേന്ത്യയിൽനിന്നുള്ള സഞ്ചാരികളുടെയും വരവ് വർധിച്ചത്. ക്രിസ്മസ്- പുതുവത്സരാഘോഷങ്ങൾക്കായുള്ള ബുക്കിങ് ഏതാണ്ട് പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.

വിദേശ സഞ്ചാരികൾ കുമരകത്തിന്റെയും പരിസര ഗ്രാമങ്ങളുടെയും പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സൈക്കിളിൽ യാത്ര ചെയ്യുന്നത് നിത്യകാഴ്ചയായിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ എല്ലാ ഭംഗിയും കണ്ടാസ്വദിച്ച് രുചികരമായ ഭക്ഷണവും കഴിച്ച് സംതൃപ്തിയോടെയാണ് ഓരോ സഞ്ചാരിയും മടങ്ങുന്നത്. ഹൗസ്ബോട്ട് യാത്രക്ക് താൽപര്യമുള്ള സഞ്ചാരികൾ ഏറെയാണ്.

രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കുമരകത്തേക്കുള്ള റോഡുകളുടെ അറ്റകുറ്റപണികൾ പൂർത്തിയായതിനാൽ പ്രയാസമില്ലാതെ ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിൽനിന്ന് സഞ്ചാരികൾക്ക് എത്താൻ സാധിക്കുന്നുണ്ട്.

ഉത്തരേന്ത്യയിൽ നിന്നുള്ള സംഘങ്ങൾക്ക് ഹൗസ് ബോട്ട് യാത്രയിലാണ് കൂടുതൽ താൽപര്യമെന്ന് ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. വിദേശ വിനോദസഞ്ചാരികൾ കായലിന്‍റെയും പ്രകൃതിയുടേയും സൗന്ദര്യം ആസ്വദിക്കാനും ഭക്ഷണങ്ങൾ പരീക്ഷിക്കാനുമാണ് ഏറെ താൽപര്യം കാണിക്കുന്നത്.

കുമരകത്ത് ഡെസ്റ്റിനേഷൻ വെഡിങിന് അനന്തസാധ്യതകളാണുള്ളതെന്നും അതിനാൽ ഇത്തരം കൂടുതൽ ചടങ്ങുകൾക്ക് കുമരകം വേദിയാകുമെന്നുമാണ് അവരുടെ പ്രതീക്ഷ. ഡെസ്റ്റിനേഷൻ വെഡിങ്ങിന്‍റെ പ്രധാന കേന്ദ്രമായി ടൂറിസം ഭൂപടത്തിൽ കമരകം ഇടം നേടിയിട്ടുണ്ട്.

അതിന് പുറമെ കുമരകത്ത് മിനി ഹെലിപ്പാഡ് എങ്കിലുമുണ്ടാകണമെന്ന ആവശ്യവും ശക്തമാകുകയാണ്. അത് കുമരകത്തിന്‍റെ ടൂറിസം സാധ്യതകളെ കൂടുതൽ ശക്തമാക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖല.

Tags:    
News Summary - kumarakom tourist place news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.