കുടുംബശ്രീ ട്രാവലർ സംഘം ഗോവയിൽ
കണ്ണൂർ: കാടും മേടും കടലും കടന്ന് കാഴ്ചകൾ കാണാനും പുത്തൻ അനുഭവങ്ങൾ നേടാനുമായി സ്ത്രീകൾക്ക് സ്വതന്ത്രവും സുരക്ഷിതവുമായ വിനോദയാത്രയൊരുക്കുന്ന കുടുംബശ്രീ ‘ട്രാവലർ’ ജൈത്രയാത്ര തുടരുന്നു. ഒരു ബസ് നിറയെ കതിരൂരിലെ കുടുംബശ്രീ പ്രവർത്തകരുമായി കുടക് സന്ദർശിച്ച് തുടങ്ങിയ യാത്ര മൂന്നാറും ഗോവയും ഡൽഹിയും കടന്ന് കുതിക്കുകയാണ്.
യാത്രകൾ സ്നേഹിക്കുന്ന സ്ത്രീകളെ ഒരുമിപ്പിച്ച് ടൂർ പാക്കേജ് ഒരുക്കി കേരളത്തിനകത്തും പുറത്തുമായി വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ മിഷൻ ജില്ല നേതൃത്വത്തിൽ ‘ദ ട്രാവലർ വനിത ടൂർ എന്റർപ്രൈസസ്’ തുടങ്ങിയത്. മേയിലായിരുന്നു ആദ്യ യാത്ര. തുടക്കത്തിലെ വെല്ലുവിളികളെല്ലാം അതിജീവിച്ച് പെൺയാത്ര പ്രസ്ഥാനം ഇപ്പോൾ ലാഭത്തിലാണെന്ന് ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. എം. സുർജിത്ത് പറഞ്ഞു.
യാത്രകളുടെ ആസൂത്രണവും മേൽനോട്ടവും ടൂറിസ്റ്റ് ഗൈഡുകളുമെല്ലാം സ്ത്രീകളാണ്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിലെ ഏഴ് പേരാണ് ട്രാവലറിന് നേതൃത്വം നൽകുന്നത്. സംരംഭത്തിനാവശ്യമായ പ്രാഥമിക മുടക്കുമുതൽ കുടുംബശ്രീയുടെ സ്റ്റാർട്ടപ്പ് പദ്ധതിയിൽപ്പെടുത്തി ജില്ല മിഷൻ അനുവദിച്ചിരുന്നു.
സെക്രട്ടറി വി. ഷജിന, പ്രസിഡന്റ് ലയ കെ. പ്രേം, കെ.വി. മഹിജ, വി. ഷജിന, കെ. സിമിഷ, സി.കെ. രാഗിത, സുഷമ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര. ടൂർ ഗൈഡുകളും ഇവർ തന്നെ. യൂടൂബും ട്രാവൽ വ്ലോഗുകളും നോക്കി സ്ഥലങ്ങളെ കുറിച്ച് മനസിലാക്കി യാത്രക്കാർക്ക് പറഞ്ഞുകൊടുക്കും. കുടുംബശ്രീ യൂനിറ്റുള്ള നാട്ടിലേക്കാണ് യാത്രയെങ്കിൽ യാത്രാസംഘത്തിന് ഭക്ഷണമൊരുക്കാൻ കുടുംബശ്രീ യൂനിറ്റുകളെയും ഹോട്ടലുകളെയും ചുമതലപ്പെടുത്തും.
ആദ്യഘട്ടത്തിൽ ജില്ലക്കകത്തും സമീപ ജില്ലകളിലേക്കുമായി ഏകദിന യാത്രകളാണ് നടത്തിയത്. തുടർന്ന് ദിവസങ്ങൾ നീളുന്ന യാത്രകളായി. ഹൈദരാബാദിലേക്കും മൂകാംബികയിലേക്കും ഗോവയിലേക്കുമെല്ലാം വരും ദിവസങ്ങളിൽ യാത്ര പോകും. 14,500 രൂപയുടെ ഹൈദരാബാദ് യാത്രയിൽ റാമോജി ഫിലിംസിറ്റി അടക്കം വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം കാണാം.
മൂന്ന് പകലുകളും രണ്ട് രാത്രികളിലുമാണ് യാത്ര ഒരുക്കിയിരിക്കുന്നത്. മൂകാംബിക പാക്കേജും ഒരുക്കിയിട്ടുണ്ട്. രണ്ടു പകലുകളും ഒരു രാത്രിയിലുമുള്ള യാത്രയുടെ നിരക്ക് 3700 രൂപയാണ്.
ഗോവയിലേക്ക് 6050 രൂപയാണ് നിലവിലെ നിരക്ക്. കുടുംബശ്രീ പ്രവർത്തകർക്ക് നിരക്ക് അൽപം കുറയും. ഈ മേഖലയിൽ കടുത്ത മത്സരമാണെന്നും ഓരോ യാത്ര വിജയിക്കുമ്പോഴും അതിന്റെ ആത്മവിശ്വാസത്തിലാണ് അടുത്ത യാത്രകളെന്നും ഓക്സിലറി ഗ്രൂപ്പ് അംഗം കെ.വി. മഹിജ പറയുന്നു.
ജില്ലക്കകത്ത് തന്നെ കൂടുതലിടങ്ങളിലേക്ക് യാത്ര സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ഭക്ഷണം, താമസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂനിറ്റുകളെ ഉൾപ്പെടുത്തി യാത്ര നെറ്റ്വർക്ക് ഒരുക്കാനുള്ള ശ്രമത്തിലാണ് കുടുംബശ്രീ. ഫോൺ 7012446759, 8891438390.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.