പൂ​നൂ​ർ-​തേ​ക്കും​തോ​ട്ടം എ.​എം.​എ​ൽ.​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തോ​ണി​ക്ക​ട​വി​ലേ​ക്കു​ വിനോദയാത്ര ​ന​ട​ത്തി​യ​പ്പോ​ൾ

അവധിക്കാല ടൂറിൽ പ്രതീക്ഷവെച്ച് കെ.എസ്.ആർ.ടി.സി

കോഴിക്കോട്: ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂർ പാക്കേജുകൾ വിപുലമാക്കുന്നു. അവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിൽ കൂടുതൽ ടൂർ പാക്കേജുകൾ നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കോവിഡിനുശേഷം കേരളത്തിൽ ആഭ്യന്തര ടൂറിസം ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് 'കാറ്ററിഞ്ഞ് പാറ്റണമെന്ന' ചൊല്ല് അന്വർഥമാക്കി ആനവണ്ടി രംഗത്തിറങ്ങുന്നത്.

അതോടൊപ്പം സ്കൂളുകളിൽനിന്ന് വിദ്യാർഥികളുടെ ടൂറും കെ.എസ്.ആർ.ടി.സി ഏറ്റെടുക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം പൂനൂർ-തേക്കുംതോട്ടം എ.എം.എൽ.പി സ്കൂളിലെ കുട്ടികൾ തോണിക്കടവിലേക്കുള്ള യാത്ര കെ.എസ്.ആർ.ടി.സിയിലായിരുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ബലൂണുകൾകൊണ്ട് അലങ്കരിച്ച് മൈക്കും സ്പീക്കറും അടക്കം സെറ്റ് ചെയ്തായിരുന്നു കെ.എസ്.ആർ.ടി.സി എത്തിയത്.

സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂർ പാക്കേജിൽ നാലു മാസത്തിനിടെ വിവിധ സർവിസുകളിൽ നിന്നായി 1,96,62,872 രൂപയാണ് വരുമാനം ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. 763 ട്രിപ്പുകളിലായി 36,749 യാത്രക്കാർ വിവിധയിടങ്ങളിൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തി എന്നാണ് കണക്ക്. വനിതദിനത്തോടനുബന്ധിച്ച് മാർച്ച് എട്ടു മുതൽ 13 വരെ നടത്തിയ വിമൻസ് ട്രാവൽ വീക്കിൽ 4500 വനിതകൾ യാത്രചെയ്ത 100 ട്രിപ്പാണ് കെ.എസ്.ആർ.ടി.സി നടത്തിയത്. കോഴിക്കോട്, പാലക്കാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലായിരുന്നു ഏറ്റവും കൂടുതൽ വനിതകൾ പങ്കെടുത്തത്. വിനോദസഞ്ചാര വകുപ്പ്, വനം വകുപ്പ് എന്നിവരുമായി ചേർന്നാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂർ പാക്കേജുകൾ നടത്തുന്നത്.

സംസ്ഥാനത്ത് നിലവിൽ കെ.എസ്.ആർ.ടി.സിയുടെ ഒമ്പത് പ്രധാനപ്പെട്ട വിനോദസഞ്ചാര പാക്കേജുകളാണുള്ളത്. വിവിധ ഡിപ്പോകളിൽനിന്നായി മലക്കപ്പാറ, നെല്ലിയാമ്പതി, വയനാട്, ജംഗിൾ സഫാരി, മൺറോതുരുത്ത്, മൂന്നാർ, വാഗമൺ, സാഗരറാണി, ആലപ്പുഴ പാക്കേജ് എന്നിവയാണവ. കൂടാതെ ചില ഡിപ്പോകളിൽനിന്ന് അടുത്തുള്ള ഡാം, ബീച്ച്, ആന വളർത്തൽകേന്ദ്രം എന്നിവിടങ്ങളിലേക്കും ടൂർ പാക്കേജ് സർവിസ് നടത്തുന്നുണ്ട്. രാവിലെ ആറിന് പുറപ്പെട്ട് വൈകീട്ട് തിരിച്ചെത്തുന്നവ മുതൽ രണ്ട്, മൂന്ന് ദിവസം നീളുന്ന ടൂർ പാക്കേജുകളുമുണ്ട്.

Tags:    
News Summary - KSRTC is looking forward to the holiday tour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.