ഇനി ആനവണ്ടിയിലും ഫുഡ് ഡെലിവറി; ടെൻഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി

കെ.എസ്.ആർ.ടി.സിയിലെ ദീർഘദൂര യാത്രകളിൽ ഓർഡർ ചെയ്ത ഭക്ഷണം നിങ്ങളുടെ സീറ്റിൽ എത്തുന്നു.യാത്രക്കാർക്ക് ഭക്ഷണം പ്രീ-ഓർഡർ ചെയ്യാനുള്ള സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി. ദൂരയാത്രികരുടെ സഞ്ചാരം കൂടുതൽ സുഗമമാക്കാനാണ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിൽ ഭക്ഷണശാലകൾ തുറക്കുന്നതിനായി ടെൻഡറുകൾ ക്ഷണിച്ചത്. ട്രെയിനിലെ പോലെതന്നെ വെബിലൂടെയും ആപ്പിലൂടെയുമായിരിക്കും ഈ സേവനം ലഭ്യമാക്കുക. കോൾ സെന്റർ സൗകര്യങ്ങളും ലഭ്യമായിരിക്കും. ആഴ്ചയിലെ എല്ലാ ദിവസവും 24 മണിക്കൂർ സേവനം ലഭ്യമാക്കാനാണ് ശ്രമം. നിശ്ചിത സ്റ്റേഷനുകളിൽ ബസ് എത്തുന്നതിനനുസരിച്ചായിരിക്കും ഭക്ഷണത്തിന്റെ ഡെലിവറി സമയം.

നോൺ-വെജും വെജും ലഭ്യമാകുന്ന സേവനത്തിൽ എല്ലാ ഔട്ട്‌ലെറ്റിലും ഭക്ഷണത്തിന് ഒരേ വിലയും പാക്കിങ് ചാർജും ആയിരിക്കും. ഫുഡ് സേഫ്റ്റി സർട്ടിഫിക്കറ്റും റെയിൽവേ, എയർപോർട്ട് തുടങ്ങിയ യാത്രാ ഭക്ഷണ വിതരണ മേഖലയിൽ ആറ് വർഷത്തെ പരിചയസമ്പത്തുള്ളവർക്ക് മാത്രമാണ് സേവനം ലഭ്യമാക്കാൻ സാധിക്കുക.

ബിസിനസ്-ക്ലാസ് പ്രതിച്ഛായയുള്ള ആഡംബര ബസ് സർവീസ് ആരംഭിക്കാനുള്ള പദ്ധതി കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കോർപറേഷൻ പ്രഖ്യാപിച്ചത്. ഹോസ്റ്റസ്, ലഘുഭക്ഷണ ഓപ്ഷനുകൾ, വിമാനങ്ങളിലെ പോലെ സുഖപ്രദമായ സീറ്റുകൾ, ഹെഡ്‌ഫോണുകൾ, സ്മാർട്ട് ടിവി, മൈക്രോവേവ് ഉള്ള ചെറിയ പാൻട്രി, കുറഞ്ഞ യാത്രാസമയം എന്നീ സേവനങ്ങൾ പ്രീമിയം സർവീസിൽ ഉണ്ടായിരിക്കും.

ദേശീയപാത വീതികൂട്ടൽ പ്രവർത്തനങ്ങൾ അവസാനിക്കുന്നതോടെ സേവനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം–എറണാകുളം മേഖലയിലായിരിക്കും ഈ നോൺ-സ്റ്റോപ്പ് എക്സ്പ്രസ് സർവീസ് ആദ്യം ലഭ്യമാവുക. ഏകദേശം 3.5–4 മണിക്കൂറിനുള്ളിൽ യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിൽ എത്തും. വിശ്രമമുറികളിലും ഹോട്ടലുകളിലും സ്റ്റോപ്പുകൾ ഉണ്ടായിരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.

Tags:    
News Summary - KSRTC invites tender for seat-delivered pre-order meal service on buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.