തൊടുപുഴ: മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസ് സർവിസ് തുടങ്ങി. റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവിസിന്‍റെ ഉദ്ഘാടനം മൂന്നാർ ഡിപ്പോയിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ നിർവഹിച്ചു.
തിരുവനന്തപുരത്ത് നഗരക്കാഴ്ചകൾ എന്ന പേരിൽ ആരംഭിച്ച ഡബ്ൾ െഡക്കർ സർവിസുകൾ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികൾക്കായി സർവിസ് തുടങ്ങിയത്. രാവിലെ 8.30മുതൽ വൈകീട്ട് ആറുവരെയാണ് സർവിസ് നടത്തുന്നത്. യാത്രക്കാർക്ക് കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്.
മൂന്നാർ ഡിപ്പോയിൽനിന്ന് തുടങ്ങുന്ന സർവിസ് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്റോഡ്, ആനയിറങ്ങൽ എന്നിവിടങ്ങൾ സന്ദർശിച്ച് തിരികെ ഡിപ്പോയിലെത്തും. നിലവിൽ ദിവസേന മൂന്ന് സർവിസുകളാണുണ്ടാവുക. കെ.എസ്.ആർ.ടി.സി വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ബുക്ക് ചെയ്യാം. Munnar Royal View Double Decker എന്ന് സെർച് ചെയ്താൽ ബസ് ബുക്കിങ് കാണാം. മുകൾ നിലയിൽ 400 രൂപയും താഴത്തെ നിലയിൽ 200 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
ബസിന്റെ മുകൾ ഭാഗത്തും ബോഡി ഭാഗങ്ങളിലും ഘടിപ്പിച്ചിട്ടുള്ള ഗ്ലാസ് പാനലുകൾ വഴി ടൂറിസ്റ്റുകൾക്ക് കാഴ്ച ആസ്വദിക്കാം. മുകൾ നിലയിൽ 38 പേർക്കും താഴത്തെ നിലയിൽ 12 പേർക്കുമായി മൊത്തം 50 സഞ്ചാരികൾക്ക് ഒരു സമയം യാത്ര ചെയ്യാം. ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാൻ മ്യൂസിക്ക് സിസ്റ്റമടക്കം ബസിലുണ്ട്. യാത്രാവേളയിൽ ശുദ്ധജലം, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ തുടങ്ങിയവ ലഭ്യമാകുന്നതിനും അത്യാവശ്യഘട്ടങ്ങളിൽ മൊബൈൽ ചാർജിങ് നടത്താനുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.