ബസ് എവിടെയെത്തിയെന്ന് എളുപ്പം അറിയാം; കെ.എസ്.ആർ.ടി.സി ബസ് ലൈവ് ട്രാക്കിങ്ങിന് 'ചലോ' ആപ്പ്

കെ.എസ്.ആർ.ടി.സി ബസ് ലൈവ് ട്രാക്കിങ് ആപ്പ് പ്രവർത്തനം തുടങ്ങി. 'ചലോ' എന്ന ആപ്പ് വഴിയാണ് ബസുകൾ എവിടെയെത്തി എന്ന് തത്സമയം അറിയാനാവുക. ഏത് സ്റ്റോപ്പിലും അടുത്തതായി വരാനുള്ള ബസുകളുടെ സമയം, അത് എവിടെയെത്തി എന്നറിയാനുള്ള സൗകര്യം എന്നിവയെല്ലാം ചലോ ആപ്പിലുണ്ട്. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാം.

സ്വകാര്യ ഏജൻസിയുമായി സഹകരിച്ചാണ് കെ.എസ്.ആർ.ടി.സി ചലോ ആപ്പ് ഒരുക്കിയിരിക്കുന്നത്. നമ്മുടെ ഫോണിലെ ലൊക്കേഷൻ വിവരങ്ങൾ നൽകിയാണ് ഓരോ സ്റ്റോപ്പിലും അടുത്തതായി വരാനിരിക്കുന്ന ബസുകളുടെ സമയം ആപ്പിൽ കാണിക്കുക. ലൊക്കേഷൻ കൊടുക്കുമ്പോൾ അതുവഴി കടന്ന് പോകുന്ന ബസുകളുടെ വിവരങ്ങൾ ലഭ്യമാകും. യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന ബസ് നിലവിൽ എവിടെയെത്തി എന്നറിയാൻ 'ട്രാക്ക് ബസ്' ഓപ്ഷൻ വഴി അറിയാനും കഴിയും.

'ബസ് എറൗണ്ട് യു' എന്ന ഓപ്ഷനിലുള്ള മാപ്പും ആപ്പിലുണ്ട്. ഇതിൽ പോയാൽ ഏതൊക്കെ സ്ഥലങ്ങളിൽ ഏതൊക്കെ ബസുകൾ ഓടുന്നുണ്ട് എന്നറിയാൻ സാധിക്കും. ഓരോ സ്റ്റോപ്പുകളുടെ വിവരങ്ങളും, ഓരോ സ്റ്റോപ്പിലും നിർത്തുന്ന ബസുകളുടെ വിവരങ്ങളും ആപ്പിൽ ലഭിക്കും.

 

ആപ്പ് ഉപയോഗിക്കേണ്ടത് ഇങ്ങനെ

ഗൂഗിൾ പ്ലേ സ്റ്റോറിൽ (Android ഫോണുകൾക്ക്) അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോറിൽ (iOS ഫോണുകൾക്ക്) “Chalo – Live Bus Tracking App” എന്ന് തിരഞ്ഞ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ആദ്യം നമ്മുടെ ലൊക്കേഷൻ സെറ്റ് ചെയ്യണം. ആപ്പ് തുറക്കുമ്പോൾ തന്നെ ലൊക്കേഷൻ വിവരങ്ങൾ ആവശ്യപ്പെടും.

Find and track your bus എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ബസ് സെർച്ച് ചെയ്യാൻ കഴിയും. ട്രാക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്റ്റോപ്പ് തിരഞ്ഞെടുക്കുക. Current location ആണ് കാണിക്കുക. ആവശ്യമെങ്കിൽ ഇതിൽ മാറ്റം വരുത്തി യാത്രപുറപ്പെടുന്ന സ്ഥലം രേഖപ്പെടുത്തുക. തൊട്ടടുത്ത ലൈനിൽ എവിടേക്കാണ് യാത്ര പോകേണ്ടത് എന്ന് രേഖപ്പെടുത്തുക, അതിനുശേഷം പ്രൊസീഡ് എന്ന ഓപ്ഷൻ അമർത്തുക.

തുടർന്ന് യാത്രയ്ക്ക് ആവശ്യമായ വിവിധ ബസ് സർവിസുകളുടെ വിവരങ്ങൾ ദൃശ്യമാകും. ഇതിൽ നേരിട്ടുള്ള ബസുകൾ കൂടാതെ മറ്റു ബസുകളും കാണിക്കും. എങ്ങനെ ഓരോ ബസുകളിലും എത്തിച്ചേരാം എന്ന വിവരവും ഉണ്ടാകും. മേൽപ്പറഞ്ഞ ലിസ്റ്റ് താഴോട്ടും വലതു വശത്തോട്ടും നീക്കി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. നമ്മൾ നിൽക്കുന്ന സ്റ്റോപ്പിൽ ബസ് എപ്പോൾ എത്തുമെന്നും ബസ്സിൽ സീറ്റുകൾ ഒഴിവുണ്ടോ തിരക്കുണ്ടോ എന്ന വിവരങ്ങളും നമുക്ക് ലിസ്റ്റിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതാണ്.

ലിസ്റ്റിൽ ഉള്ള സർവിസുകൾ ഓരോന്നിലും അമർത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ലഭിക്കുന്ന വിവരങ്ങളിൽ വീണ്ടും (Track bus option) ക്ലിക്ക് ചെയ്തു ബസ് ട്രാക്ക് ചെയ്യുവാനും ബസ് നമ്പർ മനസ്സിലാക്കുവാനും ബസ് നിലവിൽ ഏത് സ്റ്റോപ്പിലാണ് ഉള്ളതെന്നും കാണുവാനും സൗകര്യമുണ്ട്. ബസിൻ്റെ നീല കളറിലുള്ള ചെറിയ ചിത്രത്തിൽ അമർത്തുമ്പോൾ ബസ് നമ്പർ ലഭ്യമാകും. (താഴേക്കും മുകളിലേക്കും സ്റ്റോപ്പ് സംബന്ധിച്ച ലിസ്റ്റ് നീക്കി നോക്കുവാൻ കഴിയും) ബസ് കടന്നുവരുന്ന ഓരോ സ്റ്റോപ്പുകളും കടന്നുപോകുന്ന സ്റ്റോപ്പുകളും മനസ്സിലാക്കുവാനും റൂട്ടിൽ ഉള്ള മറ്റു ബസ്സുകൾ ഏതെല്ലാമാണെന്ന് കാണുവാനും കഴിയും.

Tags:    
News Summary - ksrtc bus live tracking chalo app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.