തൊടുപുഴ: സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിലേക്ക് ഡബിൾ ബെൽ അടിച്ച് യാത്ര തുടങ്ങിയ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം ഏറ്റവും ഹിറ്റായ ഡിപ്പോകളിൽ ഒന്ന് തൊടുപുഴയാണ്. ആദ്യ യാത്ര തുടങ്ങി മൂന്ന് വർഷം തികയുമ്പോഴേക്കും കെ.എസ്.ആർ.ടി.സി തൊടുപുഴ ബജറ്റ് ടൂറിസം സെൽ 200ാം യാത്രക്കൊരുങ്ങുകയാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രവും ജില്ലയുടെ അഭിമാനവുമായ മൂന്നാറിലേക്ക് മാർച്ച് എട്ടിനാണ് 200ാം വിനോദ സഞ്ചാര യാത്ര പുറപ്പെടുക. രാവിലെ ഏഴിന് തൊടുപുഴയിൽ നിന്ന് പുറപ്പെടും. 480 രൂപയാണ് ഒരാൾക്ക് നിരക്ക്. ബുക്കിങിന് 83048 89896, 9744910383, 96051 92092 നമ്പറുകളിൽ ബന്ധപ്പെടാം.
2022 ജൂലൈ 17നാണ് കെ.എസ്.ആർ.ടി.സി തൊടുപുഴ ബജറ്റ് ടൂറിസം സെൽ ആദ്യ യാത്ര നടത്തിയത്. നാടുകാണി വഴി വാഗമണിലേക്ക് തുടങ്ങിയ ആ യാത്രക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. കെ.എസ്.ആർ.ടി.സിയെ സ്നേഹിക്കുന്നവരും സഞ്ചാരികളും ഒത്തുചേർന്നതോടെ തൊടുപുഴയിൽ നിന്ന് വിവിധ നാടുകളിലേക്ക് കാഴ്ചകളും തേടി കെ.എസ്.ആർ.ടി.സിയുടെ ചക്രങ്ങൾ നീണ്ടു. ഇതിനിടെ നൂറാമത് യാത്രയും ആഘോഷിച്ചു. മുറ്റത്തെ മുല്ലയെത്തേടി എന്ന പേരിൽ ഇല്ലിക്കൽ കല്ലിലേക്കായിരുന്നു നൂറാം യാത്ര. 200ാം യാത്ര മൂന്നാറിന്റെ മനോഹാരിത ഒപ്പിയെടുത്തായിരിക്കും നടത്തുക. ഗ്യാപ് റോഡ് വഴി സഞ്ചരിച്ച് തിരിച്ച് ഹൈഡൽ പാർക്കിലെത്തും. ഹൈഡൽ പാർക്കിലാണ് 200ാം യാത്ര ആഘോഷം. രാത്രി എട്ടോടെ തൊടുപുഴയിൽ മടങ്ങിയെത്തും.
വെള്ളച്ചാട്ടങ്ങളും കുന്നുകളും മലകളും കാടും എല്ലാം തിങ്ങിനിറഞ്ഞ ഇടുക്കിയുടെ ഭാഗമായ തൊടുപുഴയിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രകൾ നടത്തിയത് മലക്കപ്പാറയിലേക്ക്. 30ലധികം പ്രാവശ്യമാണ് തൃശൂർ ജില്ലയിലെ അതിരപ്പിള്ളി വെള്ളച്ചാട്ടം വഴി മലക്കപ്പാറയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സഞ്ചാരികളുമായി പോയത്. വാഗമണും മൂന്നാറും എറണാകുളവും എല്ലാം പോയിട്ടുണ്ടെങ്കിലും കൂടുതൽ പേരും മലക്കപ്പാറ ഇഷ്ടപ്പെടുന്നവരാണ്. 200ാം യാത്രയുടെ ദിവസമായ ജനുവരി എട്ടിന് തന്നെ വനിത ദിനാഘോഷ യാത്രയും നടത്തുന്നുണ്ട്. വനിതകൾ മാത്രമായി എറണാകുളം വണ്ടർലയിലേക്ക് നടത്തുന്ന യാത്രയിൽ ജീവനക്കാരും സ്ത്രീകളായിരിക്കും.
കെ.എസ്.ആർ.ടി.സി തൊടുപുഴ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ യാത്രയിൽനിന്ന്
കൂടുതലും സ്ഥിരം സഞ്ചാരികൾ
റൂട്ട് ബസുകളിൽ നമ്മൾ സ്ഥിരം യാത്രക്കാരെ കാണാറുണ്ട്. കൃത്യമായി സമയത്ത് നിശ്ചിത സ്റ്റോപ്പിൽ അവർ ഉണ്ടാകും. ഇതേപോലെയാണ് തൊടുപുഴ ബജറ്റ് ടൂറിസം സെല്ലിന്റെ യാത്രകളിലും. മിക്കവാറും യാത്രകളിലെല്ലാം സ്ഥിരം കുറച്ചുപേർ ഉണ്ടാകുമെന്ന് ജീവനക്കാർ പറയുന്നു. മുമ്പ് പോയ യാത്രകളുടെ വാട്സ്ആപ് ഗ്രൂപ്പുകളെല്ലാം ഉണ്ടാകും. ഈ വാട്സ് ആപ് ഗ്രൂപ്പുകൾ വഴിയാണ് കൂടുതൽ പേരും അടുത്ത യാത്രക്ക് ഒരുങ്ങുന്നത്. അപരിചിതർക്ക് ഒപ്പം തുടങ്ങി എല്ലാവരും അടുത്ത സുഹൃത്തുക്കളായ രീതിയിലാണ് ഇപ്പോൾ യാത്രകളെന്ന് ടൂർ കോർഡിനേറ്റർമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. പലർക്കും കെ.എസ്.ആർ.ടി.സിയോടുള്ള മനോഭാവം മാറ്റാനും ഈ യാത്രകളിലൂടെ സാധിച്ചു.
ജീവനക്കാരെ കുറിച്ച് മോശമായി ചിന്തിച്ചിരുന്നവർ യാത്രകൾ കഴിഞ്ഞതോടെ അഭിപ്രായം മാറ്റുന്ന അവസ്ഥയുമെത്തി. ആറ് മാസം മുമ്പ് യാത്ര ബുക്കിങിന് ക്യു.ആർ കോഡും ഏർപ്പെടുത്തി. ഇതോടെ ബസ് ഡിപ്പോയിൽ എത്തി ബുക്ക് ചെയ്യണമെന്ന ബുദ്ധിമുട്ടും ഒഴിവായി.
എ.ടി.ഒ എൻ.പി രാജേഷ്, ഇൻസ്പെക്ടർ കെ.കെ. സന്തോഷ്, ജില്ല കോർഡിനേറ്റർ എൻ.ആർ. രാജീവ്, സോണൽ കോർഡിനേറ്റർ അനീഷ്, സൂപ്രണ്ട് നിഷ ദിലീപ്, കോർഡിനേറ്റർമാരായ സിജി ജോസഫ്, അജീഷ് ആർ. പിള്ള, എസ്. അരവിന്ദ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.