കെ.എം.ആർ.എൽ ഡയറക്ടർ ഫിനാൻസ് എസ്.അന്നപൂരണി, കൊച്ചി വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ പി. ജോൺ എന്നിവർ ചേർന്ന് 10 ലക്ഷം തികച്ച യാത്രക്കാരിയായ മലപ്പുറം മഞ്ചേരി സ്വദേശി സൻഹ ഫാത്തിമക്ക് ഉപഹാരം സമ്മാനിക്കുന്നു

കൊച്ചി വാട്ടര്‍ മെട്രോ; യാത്രക്കാരുടെ എണ്ണം 10 ലക്ഷം കടന്നു, നേട്ടം കൈവരിച്ചത് സർവീസ് ആരംഭിച്ച് ആറ്​ മാസത്തിനകം

കൊച്ചി: കേരളത്തിന്‍റെ ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. സർവീസ് തുടങ്ങി ആറ് മാസം പൂർത്തിയാകുന്നതിനു മുൻപ് തന്നെ യാത്രക്കാരുടെ എണ്ണം ഇന്ന് 10 ലക്ഷം എന്ന നാഴികക്കല്ലിലേക്ക് എത്തിയിരിക്കുന്നു. മലപ്പുറം മഞ്ചേരി സ്വദേശി സൻഹ ഫാത്തിമയാണ് 10 ലക്ഷം തികച്ച യാത്രക്കാരി. ആറാം ക്ലാസ് വിദ്യാർഥിയാണ് സൻഹ. കുടുംബത്തോടൊപ്പം ഹൈ കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിലേക്ക് യാത്ര ചെയ്യാൻ എത്തിയപ്പോഴാണ് 10 ലക്ഷം എന്ന ഭാഗ്യ നമ്പറിൽ യാത്ര ചെയ്യുന്നത് താനാണെന്ന് മനസിലാക്കിയത്. കെ.എം.ആർ.എൽ ഡയറക്ടർ ഫിനാൻസ് എസ്.അന്നപൂരണി, കൊച്ചി വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ പി ജോൺ എന്നിവർ ചേർന്ന് സൻഹക്ക് ഉപഹാരം നൽകി.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഒക്ടോബർ 26ന് ആറ് മാസം പൂർത്തിയാകും. ഈ ചുരുങ്ങിയ കാലയളവില്‍ 10 ലക്ഷം പേർ ഈ സേവനം ഉപയോഗിച്ച് യാത്ര ചെയ്തത് വാട്ടർ മെട്രോ ജനഹൃദയങ്ങളിൽ ഇടം പിടിച്ചതിന് തെളിവാണ്. 12 ബോട്ടുകളുമായി ഹൈക്കോര്‍ട്ട് ജംഗ്ഷന്‍- വൈപ്പിന്‍-ബോല്‍ഗാട്ടി ടെര്‍മിനലുകളില്‍ നിന്നും വൈറ്റില- കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമാണ് നിലവില്‍ സര്‍വീസുള്ളത്.

ഹൈകോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വീസാണ് അടുത്തതായി ആരംഭിക്കുക. ഇതിനായുള്ള സജ്ജീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഫോര്‍ട്ട് കൊച്ചി, മുളവുകാട് നോര്‍ത്ത്, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെയും നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. പ്രധാന ടെര്‍മിനലുകളില്‍ ഒന്നായ ഫോര്‍ട്ട് കൊച്ചി ടെര്‍മിനലിന്‍റെ നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കുവാനാണ് ലക്ഷ്യമിടുന്നത്. മട്ടാഞ്ചേരി ടെര്‍മിനലിന്‍റെ നിര്‍മ്മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികളും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന വാട്ടര്‍ മെട്രോയുടെ ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകള്‍ ഇതിനകം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. ഇലക്ട്രിക് ബോട്ടുകള്‍ക്കായുള്ള രാജ്യാന്തര പുരസ്കാരമായ ഗുസീസ് ഇലക്ട്രിക് ബോട്ട്സ് അവാര്‍ഡില്‍ പൊതുഗതാഗത ബോട്ടുകളുടെ വിഭാഗത്തില്‍ കൊച്ചി വാട്ടര്‍ മെട്രോ ബോട്ട് പുരസ്കാരം നേടിയിരുന്നു. ഇക്കണോമിക് ടൈംസ് ഏര്‍പ്പെടുത്തിയ 2023ലെ എനര്‍ജി ലീഡര്‍ഷിപ്പ് അവാര്‍ഡിലും മാരിടൈം മേഖലയിലെ ഷിപ്ടെക് പുരസ്കാരത്തിലും ഇന്‍റര്‍നാഷണല്‍ പ്രൊജക്റ്റ് മാനേജ്മെന്‍റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിലും തിളങ്ങാന്‍ കൊച്ചി വാട്ടര്‍ മെട്രോക്ക് സാധിച്ചു.

ഭിന്നശേഷിസൗഹൃദമായാണ് ടെര്‍മിനലുകളും ബോട്ടുകളും സജ്ജീകരിച്ചിരിക്കുന്നത്. വീല്‍ചെയറില്‍ വരുന്ന വ്യക്തിക്ക് പരസഹായമില്ലാതെ ബോട്ടില്‍ പ്രവേശിക്കാം. വേലിയേറ്റ വേലിയിറക്ക സമയങ്ങളിലും ബോട്ടുമായി ഒരേ ലെവലില്‍ നില്‍ക്കാനുതകുന്ന ഫ്ളോട്ടിംഗ് പോണ്ടൂണുകള്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രത്യേകതയാണ്. യാതൊരു തരത്തിലുള്ള മലിനീകരണത്തിനും ഇടവരാത്ത രീതിയിലാണ് വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനം. തുച്ഛമായ തുകയില്‍ സുരക്ഷിതമായ യാത്രയാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ശീതികരിച്ച ബോട്ടുകളില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബോട്ട് യാത്രക്കായുള്ള മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. സ്ഥിരം യാത്രികര്‍ക്കായി പ്രതിവാര- പ്രതിമാസ പാസുകളും ഉണ്ട്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് കൊച്ചി മെട്രോ റെയിലിലും കൊച്ചി വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാനാകും.

കൊച്ചിയിലെ ദ്വീപുകളെ വികസനത്തിന്‍റെ പാതയിലേക്ക് നയിക്കുന്ന ഈ പദ്ധതി ലോക ടൂറിസം ഭൂപടത്തില്‍ കൊച്ചിക്ക് മറ്റൊരു തിലകക്കുറി കൂടി നല്‍കി. ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് ബോട്ടുകളുടെ ഫ്‌ളീറ്റ് കൊച്ചി വാട്ടർ മെട്രോയ്ക്കാണ്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 10 ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ സര്‍വീസ് നടത്തും.

Tags:    
News Summary - Kochi Water Metro ridership to 10 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.