സന്ദർശകർക്ക് പ്രിയം കേരളത്തോട്; കേരള ടൂറിസം വെബ്സൈറ്റ് നമ്പർ വൺ

തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ടൂറിസം വെബ്സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനവുമായി കേരളം. അന്താരാഷ്ട്ര വെബ് ട്രാഫിക് വിശകലന സൈറ്റായ സിമിലര്‍ വെബ്ബിന്റെ റാങ്കിങ്ങിലാണ് കേരള ടൂറിസം വെബ്സൈറ്റ് (keralatourism.org) ഒന്നാമതെത്തിയത്. ഭാരത സര്‍ക്കാരിന്റെ ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ വെബ്സൈറ്റിനെ വരെ പിന്തള്ളിയാണ് കേരളത്തിന്റെ മുന്നേറ്റം.

കൂടാതെ യാത്രാ ടൂറിസം സൈറ്റുകളിളുടെ ആഗോള റാങ്കിങ്ങിലും കേരള ടൂറിസം വെബ്സൈറ്റ് രണ്ടാം സ്ഥാനത്തുണ്ട്. തായ് ലാന്റ് ടൂറിസമാണ് ഒന്നാമത്.

ആഗോള റാങ്കിങ്ങിൽ 9987 പോയിന്റുകളോടെയാണ് കേരളത്തിന്റെ രണ്ടാംസ്ഥാനം. ടൂറിസം ഇന്‍ഡസ്ട്രി എന്ന വിഭാഗത്തിലും 1669 പോയിന്റോടെ കേരളം തന്നെയാണ് രണ്ടാം സ്ഥാനത്ത്. മൂന്നു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങളില്‍ യഥാക്രമം വിയറ്റ്നാമും ഇന്‍ക്രഡിബിള്‍ ഇന്ത്യയും ഇന്തോനേഷ്യയുമാണ്. ഗൂഗിള്‍ വിശകലനമനുസരിച്ച് 60 ലക്ഷം ഉപഭോക്താക്കള്‍ കേരള ടൂറിസം വെബ്സൈറ്റില്‍ ഇക്കാലയളവില്‍ 79 ലക്ഷത്തോളം സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.

ഏകദേശം 58 ലക്ഷത്തോളം ഉപഭോക്താക്കള്‍ സെര്‍ച്ചിലൂടെയാണ് കേരള ടൂറിസം സൈറ്റിലെത്തിയത്. 10 ലക്ഷത്തിലധികം ആളുകള്‍ കേരള ടൂറിസം ഒആര്‍ജി എന്ന് ടൈപ്പ് ചെയ്ത് സൈറ്റിലെത്തി. 10 ലക്ഷത്തോളം സന്ദര്‍ശകര്‍ പരസ്യങ്ങളിലൂടെ എത്തി. ആകെ ഇരുന്നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ വെബ്സൈറ്റിലെത്തുന്നുണ്ട്. ഹോം പേജിനു പുറമേ താമസ സൗകര്യങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ടൂര്‍ പാക്കേജുകള്‍, ഹെലി ടൂറിസം, വെഡ്ഡിങ് ഡെസ്റ്റിനേഷന്‍, ഉത്സവ കലണ്ടര്‍, തെയ്യം കലണ്ടര്‍, യോഗ തുടങ്ങിയ പേജുകളിലും ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്.

ഒരു ലക്ഷത്തിലേറെ പേജുകളാണ് കേരള ടൂറിസം വെബ്സൈറ്റിലുള്ളത്. ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രങ്ങളും ആകര്‍ഷകമായ വീഡിയോകളും ലേ ഔട്ടും സൈറ്റിന്റെ പ്രത്യേകതയാണ്. യാത്രാ പ്ലാനര്‍, ലൈവ് വെബ്കാസ്റ്റുകള്‍, ഇ-ന്യൂസ് ലെറ്ററുകള്‍ തുടങ്ങിയവയും ഇതിലുണ്ട്. 20-ലധികം ഭാഷകളില്‍ ലഭ്യമായ ഇത് കേരളത്തിന്റെ അതുല്യ ആകര്‍ഷണങ്ങള്‍, സംസ്‌കാരം, യാത്ര എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്ര ഡിജിറ്റല്‍ ഗൈഡാണ്. കേരള ടൂറിസത്തിന്റെ ഔദ്യോഗിക ഐടി സൊല്യൂഷന്‍ പങ്കാളിയായ ഇന്‍വിസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വെബ്‌സൈറ്റിന്റെ രൂപകല്പനയും പരിപാലനവും ചെയ്തുകൊണ്ടിരിക്കുന്നത്.

ആഗോള ടൂറിസം ഡെസ്റ്റിനേഷന്‍ എന്ന നിലയിലുള്ള കേരളത്തിന്റെ പ്രാധാന്യത്തിനും വിനോദസഞ്ചാരികള്‍ക്കിടയിലെ സ്വീകാര്യതയ്ക്കും ലഭിച്ച അംഗീകാരമാണ് വെബ്സൈറ്റ് റാങ്കിങ്ങിലെ നേട്ടമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

Tags:    
News Summary - Kerala Tourism Website Tops India in Visitor Traffic, Ranks Second Globally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.