അണിഞ്ഞൊരുങ്ങി തുമ്പൂര്‍മുഴി; നവീകരിച്ച ഉദ്യാനം വ്യാഴാഴ്ച തുറക്കും

അതിരപ്പിള്ളി: ടൂറിസം വകുപ്പിന്റെ 4 കോടിയുടെ വികസനപദ്ധതികളില്‍ കൂടുതല്‍ ആകര്‍ഷകമായ തുമ്പൂര്‍മുഴി ഉദ്യാനം മുഖ്യമന്ത്രി വ്യാഴാഴ്ചതുറന്നുകൊടുക്കും. 2018ലെ പ്രളയത്തെ തുടര്‍ന്ന് നാശങ്ങള്‍ നേരിട്ടതിനാല്‍ കോവിഡിന് മുന്‍പേ ടൂറിസം വകുപ്പിന് കീഴിലെ ഈ വിനോദസഞ്ചാരകേന്ദ്രം നിർമാണ ജോലികള്‍ക്കായി കുറച്ചു നാളായി അടച്ചിട്ടിരിക്കുകയായിരുന്നു. നവീകരണത്തിലൂടെ പഴയതെല്ലാം പുനര്‍നിര്‍മ്മിക്കപ്പെടുക മാത്രമല്ല, പുതിയസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേരള ഹൗസിങ് ബോര്‍ഡാണ് ഇതി​െൻറ നിര്‍മ്മാണ ചുമതല ഏറ്റെടുത്ത് നടത്തിയത്. തുമ്പൂര്‍മുഴിയുടെ സൗന്ദര്യം വീണ്ടെടുക്കാന്‍ കൂടുതല്‍ സ്ഥലത്ത് കുട്ടികളുടെ പാര്‍ക്ക്, കല്‍മണ്ഡപങ്ങള്‍, പുതിയ കരിങ്കല്‍ നടപ്പാതകള്‍, ജലധാര,ലഘുമേല്‍പ്പാലങ്ങള്‍, ആകര്‍ഷകമായ ദീപാലങ്കാരങ്ങള്‍,സൗകര്യ പൂര്‍ണ്ണമായ ഇരിപ്പിടങ്ങള്‍, ഏ.സി.കോണ്‍ഫറന്‍സ് ഹാള്‍, പുതിയ ഷോപ്പിങ് ഏരിയ, സുരക്ഷയ്ക്കായി സി.സി. ക്യാമറകള്‍, കരുതലിനായി ഡീസല്‍ ജനറേറ്റർ തുടങ്ങിയ വികസനങ്ങള്‍ വന്നെത്തിയിട്ടുണ്ട്. കൂടാതെ ഐ.ടി.വിഭാഗത്തി​െൻറ സഹായത്തോടെ സൗജന്യ വൈഫൈ സംവിധാനവും സഞ്ചാരികള്‍ക്ക് തയ്യാറാക്കിയിരിക്കുന്നു.


തൂക്കുപാലത്തിന്റെ നിർമാണത്തോടെ അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയിലെ പ്രധാന ആകര്‍ഷണമായി തുമ്പൂര്‍മുഴി മാറിയിരുന്നു. അതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും ഇവിടെ വലിയ വര്‍ധനയാണ് ഉണ്ടായത്​. തൂമ്പൂര്‍മുഴിയെയും ചാലക്കുടിപ്പുഴയ്ക്ക് അപ്പുറത്തെ ഏഴാറ്റുമുഖത്തെ പ്രകൃതിഗ്രാമത്തെയുമാണ് ഇത് പരസ്പരം ബന്ധപ്പെടുത്തുന്നത്. ഇവിടെനിന്ന് പ്രകൃതിഗ്രാമത്തിലേക്കും പുഴയിലേക്കും അപ്പുറത്തെ എണ്ണപ്പനക്കുന്നുകളിലേക്കും ഉള്ള ദൃശ്യങ്ങള്‍ അവിസ്​മരണീയമാണ്.

ചുറ്റുമുള്ള മലനിരകളുടെ ഹരിതകാന്തിയും പുഴയുടെ വിദൂരഭംഗിയും സുരക്ഷിതമായി ആസ്വദിക്കാന്‍ കഴിയും വിധം സഞ്ചാരികള്‍ക്കായി വാച്ച് ടവറുമുണ്ട്. ചിത്രശലഭങ്ങളുടെ പാര്‍ക്കുകൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചുവരുന്നതാണ് തുമ്പൂര്‍മുഴി ഉദ്യാനം. സീസണുകളില്‍ വൈവിധ്യമുള്ള ശലഭങ്ങള്‍ സന്ദര്‍ശകര്‍ക്കും ഗവേഷകര്‍ക്കും കൗതുകം പകര്‍ന്ന് ഇവിടെ വിഹരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.