ടൂറിസം ദിനത്തിൽ സംസ്ഥാനത്തിന് പുരസ്കാരത്തിളക്കം; കാന്തല്ലൂര്‍ രാജ്യത്തെ മികച്ച ടൂറിസം വില്ലേജ്

തിരുവനന്തപുരം: ടൂറിസം ദിനത്തിൽ സംസ്ഥാനത്തിന് പുരസ്കാരത്തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്ത് രാജ്യത്തെ മികച്ച ടൂറിസം വില്ലേജ് ഗോൾഡ് അവാർഡിന് അർഹമായി. കേന്ദ്ര ടൂറിസം വകുപ്പാണ് അവാർഡ് പ്രഖ്യാപിച്ചത്. കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് അവാര്‍ഡ് നേട്ടത്തെ കുറിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരിച്ചു.

സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ‘സ്ട്രീറ്റ്’ പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂർ. ടൂറിസം വളർച്ചക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയതിനാണ് അവാർഡ്. ഉത്തരവാദിത്ത ടൂറിസം മിഷൻ പഞ്ചായത്തുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.

സ്ട്രീറ്റ് പദ്ധതി

പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍കി ടൂറിസത്തിന്‍റെ വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാന്‍ പറ്റുന്നതാണ് സ്ട്രീറ്റ് പദ്ധതി.

കോഴിക്കോട് ജില്ലയിലെ കടലുണ്ടി, പാലക്കാട് ജില്ലയിലെ തൃത്താല, പട്ടിത്തറ, കണ്ണൂര്‍ ജില്ലയിലെ പിണറായി, അഞ്ചരക്കണ്ടി, കോട്ടയം ജില്ലയിലെ മറവന്‍തുരുത്ത്, മാഞ്ചിറ, കാസര്‍കോട് ജില്ലയിലെ വലിയപറമ്പ, ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍, വയനാട് ജില്ലയിലെ ചേകാടി എന്നിവിടങ്ങളിലാണ് സ്ട്രീറ്റ് പദ്ധതി നടപ്പില്‍ വന്നത്.

പൊതുജന പങ്കാളിത്തത്തോടെ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ഗ്രീൻ സർക്യൂട്ട് പദ്ധതിയിലൂടെ സംസ്ഥാനത്ത് പരിസ്ഥിതി സൗഹാർദ ടൂറിസം നടപ്പാക്കിയിട്ടുണ്ട്.

Tags:    
News Summary - Kanthallur is the best tourism village in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.