ഇ​ല​വീ​ഴാ​പ്പൂ​ഞ്ചി​റ​യി​ൽ​നി​ന്നു​ള്ള മ​ല​ങ്ക​ര ജ​ലാ​ശ​യം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ത്തി​ന്‍റെ ദൃ​ശ്യം

പാതയൊരുങ്ങുന്നു; ഇലവീഴാപ്പൂഞ്ചിറ പ്രതീക്ഷയിൽ

 മുട്ടം: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ഇലവീഴാപ്പൂഞ്ചിറ. പ്രകൃതി സൗന്ദര്യം കൊണ്ട് കേരളത്തിലെ ഏത് ടൂറിസ്റ്റ് കേന്ദ്രത്തോടും കിടപിടിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കോട്ടയം, ഇടുക്കി ജില്ലകളിലായി സ്ഥിതിചെയ്യുന്ന ഇലവീഴാപ്പൂഞ്ചിറ. സമുദ്ര നിരപ്പില്‍നിന്ന് 3200 അടി ഉയരത്തിലാണ് ഇലവീഴാപ്പൂഞ്ചിറ സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് നോക്കിയാൽ ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ ജില്ലകള്‍ കാണാം. മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഇലകള്‍ വീഴാറില്ല. ഇതാണ് ഇലവീഴാപ്പൂഞ്ചിറയെന്ന പേര് കിട്ടാൻ കാരണം. താഴ്‌വരയിലെ തടാകത്തില്‍ ഇലകള്‍ വീഴാറില്ല. എപ്പോഴും നൂലുപെയ്യുന്നതുപോലെ മഴപെയ്തുനില്‍ക്കുന്ന പൂഞ്ചിറയുടെ താഴ്‌വരയെ കുടയത്തൂര്‍ മല, തോണിപ്പാറ, മാങ്കുന്ന എന്നീ മലകള്‍ ചുറ്റിനില്‍ക്കുന്നു.

മലയുടെ ഒരുവശത്ത് ഒരു ഗുഹയുമുണ്ട്. ഡി.ടി.പി.സിയുടെ പൂര്‍ണമായും കരിങ്കല്ലില്‍ പണിതെടുത്ത ചെറിയ റിസോര്‍ട്ടും പൂഞ്ചിറയിലുണ്ട്. സൂര്യോദയത്തിന്‍റെയും സൂര്യാസ്തമയത്തിന്‍റെയും വിസ്മയകരമായ ദൃശ്യങ്ങളാണ് ഇലവീഴാപ്പൂഞ്ചിറ സമ്മാനിക്കുന്നത്. പ്രഭാതങ്ങളിലും സന്ധ്യാനേരത്തും സൂര്യകിരണങ്ങള്‍ ഇലവീഴാപ്പൂഞ്ചിറക്കുമീതെ മായിക പ്രഭ ചൊരിയുന്നു. ഇതും സഞ്ചാരികള്‍ക്ക് നിറമുള്ള ഓര്‍മകള്‍ സമ്മാനിക്കും.

ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍നിന്ന് മുട്ടം മേലുകാവ് വഴി 20 കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെയെത്താം. കൂടാതെ കാഞ്ഞാറിൽനിന്ന് കൂവപ്പള്ളി ചക്കിക്കാവ് വഴി ഒമ്പത് കിലോമീറ്റർ സഞ്ചരിച്ചും ഇലവീഴാപ്പൂഞ്ചിറയിൽ എത്തിപ്പെടാൻ കഴിയും. നിലവിൽ കുണ്ടും കുഴിയും നിറഞ്ഞ ചെങ്കുത്തായ കയറ്റവും കയറി വേണം പുഞ്ചിറയിൽ എത്തിപ്പെടാൻ. എന്നാൽ, 13 കോടി മുതൽ മുടക്കിൽ നിർമിക്കുന്ന കാഞ്ഞാർ-വാഗമൺ റോഡിന്‍റെ പണി പുരോഗമിക്കുകയാണ്. ഈ റോഡിന്‍റെ പണി പൂർത്തീകരിച്ചാൽ മുട്ടത്തുനിന്ന് 30 മിനിറ്റിനുള്ളിൽ ഇലവീഴാപ്പൂഞ്ചിറയിൽ എത്തിപ്പെടാൻ കഴിയും.

News Summary - Ilaveezhapoonchira Attracts tourists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.